സോണി-അംബാനി കൂട്ടുകെട്ട് വരുന്നു

സോണി-അംബാനി കൂട്ടുകെട്ട് വരുന്നു
  • അംബാനിയുടെ നെറ്റ്‌വര്‍ക്ക്18 ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാന്‍ സോണി ആലോചിക്കുന്നു
  • കമ്പനികള്‍ വാങ്ങുന്നതും ലയിപ്പിക്കുന്നതുമടക്കം വിവിധ പദ്ധതികള്‍ പരിഗണനയില്‍
  • ഇടപാട് നെറ്റ്ഫഌക്‌സിനെയും ആമസോണിനെയും നേരിടാന്‍ സോണിക്ക് ഉപകാരപ്രദം
  • ആഗോള വിനോദ വ്യവസായത്തിലേക്ക് കടക്കാനുള്ള അംബാനിയുടെ സ്വപ്‌നവും പൂവണിയും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിനോദ വ്യവസായത്തെ അടിമുടി പരിവര്‍ത്തനം ചെയ്‌തേക്കാവുന്ന വമ്പന്‍ ഇടപാടിന് കളമൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മാധ്യമ, വിനോദ ചാനല്‍ വിഭാഗമായ നെറ്റ്‌വര്‍ക്ക്18 ഗ്രൂപ്പും ജപ്പാന്‍ ആസ്ഥാനമായ ആഗോള വിനോദ വ്യവസായ സ്ഥാപനമായ സോണി കോര്‍പ്പറേഷനുമാണ് പങ്കാളിത്തത്തിന് ശ്രമിക്കുന്നത്. നെറ്റ്‌വര്‍ക്ക്18 മീഡിയ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ സ്വന്തമാക്കാണ് സോണി ആലോചിക്കുന്നത്. പ്രാഥമിക ആശയവിനിമയം നടന്നുകഴിഞ്ഞു. ഇടപാടിന്റെ നഷ്ട-ലാഭ സാധ്യതകളും മറ്റു വിഷയങ്ങളും സോണി വിശദമായി വിലയിരുത്തി വരികയാണ്. നെറ്റ്‌വര്‍ക്ക്18 ന്റെ കമ്പനികള്‍ വാങ്ങുന്നതും സോണിയുടെ ചാനലുകളെ നെറ്റ്‌വര്‍ക്ക്18 ചാനലുകളോട് ലയിപ്പിക്കുന്നതുമടക്കം വിവിധ പദ്ധതികള്‍ പരിഗണനയിലുണ്ട്.

അനുദിനം വളരുന്ന വമ്പന്‍ വിനോദ വിപണിയായ ഇന്ത്യയിലെ സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാനാണ് സോണിയുടെ ലക്ഷ്യം. 50 കോടിയോളം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുമായി ലോകത്തെ തന്ന ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. വിനോദ ഉള്ളടക്കങ്ങളുടെ വന്‍ ശേഖരം കൈവശമുള്ള സോണിക്ക്, ഇന്ത്യയിലും നെറ്റ്ഫഌക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ എതിരാളികളില്‍ നിന്ന് ശക്തമായ മല്‍സരം അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. പ്രാദേശിക ഉള്ളടക്കങ്ങളും വെബ് സീരിസുകളുമായാണ് ഇരു യുഎസ് വമ്പന്‍മാരും ഇന്ത്യന്‍ പ്രേക്ഷകരെ കൈയിലെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് അംബാനിയുടെ ശക്തമായ പ്രക്ഷേപണ ശൃംഖലയുടെയും സാങ്കേതിക സൗകര്യങ്ങളുടെയും കരുത്ത് ഉപയോഗപ്പെടുത്താന്‍ സോണി ആലോചിക്കുന്നത്.

മറുവശത്ത്, അംബാനിയുടെ നെറ്റ്‌വര്‍ക്ക്18 ഗ്രൂപ്പിനെ സംബന്ധിച്ചും ഇത് വന്‍ മുന്നേറ്റത്തിനുള്ള അവസരമാണ്. ഇന്ത്യന്‍ വിനോദ, മാധ്യമ വിപണിയില്‍ മികച്ച സാന്നിധ്യമുള്ള ഗ്രൂപ്പിന് ആഗോള വിനോദ വ്യവസായ രംഗത്തേക്കു കൂടി പിടിച്ചു കയറാനുള്ള സാധ്യതകളാണ് കൂട്ടുകെട്ട് ഒരുക്കുക. ജിയോയിലൂടെ ടെലികോം ബിസിനസിലെ അതികായനായി വളര്‍ന്നെങ്കിലും, കമ്പനിക്ക് വെബ്‌സ്ട്രീമിംഗില്‍ പരാധീനതകളുണ്ട്. വൈവിധ്യമാര്‍ന്ന ഉള്ളടക്ക സൃഷ്ടിയില്‍ നെറ്റ്ഫഌക്‌സിനോടും ആമസോണ്‍ പ്രൈമിനോടും മത്സരിക്കാന്‍ കമ്പനിക്ക് ആവുന്നില്ല. സോണിയുമായുള്ള സൗഹൃദം ഈ പോരായ്മ പരിഹരിക്കും. വാര്‍ത്ത പുറത്തു വന്നതോടെ നെറ്റ്‌വര്‍ക്ക്18 ന്റെ ഓഹരിമൂല്യം 15 ശതമാനം ഉയര്‍ന്നു.

സോണി

ടോക്കിയോ ആസ്ഥാനമാക്കിയ ആഗോള വിനോദ വ്യവസായ സ്ഥാപനം. ഇലക്ട്രോണിക്‌സ് മുതല്‍ സിനിമാ നിര്‍മാണം വരെ വൈവിധ്യമാര്‍ന്ന ബിസിനസുകള്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് സോണി പിക്‌ച്ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ എന്ന പേരില്‍. സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷന് കീഴിലുള്ള വിനോദ, സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ 70 കോടി ഇന്ത്യക്കാരിലേക്കെത്തുന്നു.

നെറ്റ്‌വര്‍ക്ക്18

1993 ല്‍ രാഘവ് ബെഹല്‍ രൂപീകരിച്ച വിനോദ, മാധ്യമ ശൃംഖല. വിവിധ ഉപകമ്പനികളിലൂടെ ഭൂരിഭാഗം ഓഹരികളും ഇപ്പോള്‍ മുകേഷ് അംബാനിയുടെ കൈയില്‍. വിഎച്ച്1, എംടിവി, സിഎന്‍ബിസി ടിവി18 തുടങ്ങി 56 വാര്‍ത്താ, വിനോദ ചാനലുകളിലൂടെ ഇന്ത്യയിലെങ്ങും സാന്നിധ്യം. 16 അന്താരാഷ്ട്ര ചാനലുകളിലൂടെ പ്രവാസി ഇന്ത്യക്കാരിലേക്കും എത്തുന്നു.

Categories: FK News, Slider