ബുള്ളറ്റ് ട്രെയ്ന്‍ വിഹിതം കര്‍ഷകര്‍ക്ക് നല്‍കാന്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം

ബുള്ളറ്റ് ട്രെയ്ന്‍ വിഹിതം കര്‍ഷകര്‍ക്ക് നല്‍കാന്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം
  • ഏകദേശം 1.08 ലക്ഷം കോടി രൂപയാണ് ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയുടെ ചെലവ്
  • 2023ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം
  • കോണ്‍ഗ്രസും ശിവസേനയും നേരത്തെ പദ്ധതി എതിര്‍ത്തിരുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വരുമെന്ന് ഏകദേശം ഉറപ്പായി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം നല്‍കാനുളള തയാറെടുപ്പിലാണ് മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കം നടത്താനുള്ള തയാറെടുപ്പിലാണ് ശിവസേനയെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നമായ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കാമെന്നേറ്റ നിക്ഷേപതുക സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ വായ്പ എഴുതി തള്ളല്‍ ഉള്‍പ്പടെ നിരവധി കര്‍ഷക സമാശ്വാസ പദ്ധതികളും അജണ്ടയിലുണ്ട്.

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയ്ല്‍ പദ്ധതിയില്‍ 25 ശതമാനം ഓഹരിയെടുക്കാനാണ് മഹാരാഷ്ട്ര തീരുമാനിച്ചിരുന്നത്. ഇതാണ് കര്‍ഷകര്‍ക്ക് നല്‍കുക. ജപ്പാന്റെ സഹായത്തോടെ നിര്‍മിക്കുന്ന പദ്ധതിക്ക് ആകെ 1.08 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. കോണ്‍ഗ്രസും ശിവസേനയും ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയെ എതിര്‍ക്കുന്ന നിലപാടാണ് ആദ്യം മുതലേ സ്വീകരിച്ചിരുന്നത്.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കമാണ് ബിജെപിയും ശിവസേനയും പിരിയാനും സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉയരാനും കാരണമായത്. സഖ്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് വിവരം. സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം അനുമതി നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു.

അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെഎന്‍യു) വിദ്യാര്‍ത്ഥികളുടെ സമരത്തെ പൊലീസ് നേരിട്ട രീതിയെ ശിവസേന രൂക്ഷമായി വിമര്‍ശിച്ചതും കൗതുകമായി. ജെഎന്‍യു വിദ്യാര്‍ത്ഥികളെ പൊലീസ് നേരിട്ടത് മനുഷ്യത്വരഹിതമായിട്ടാണെന്നായിരുന്നു ശിവസേനയുടെ പ്രസ്താവന. ഡെല്‍ഹി പൊലീസിന്റെ നടപടിയെ അപലപിക്കുന്നതായും ഉദ്ധവ് താക്കറെയുടെ പാര്‍ട്ടി വ്യക്തമാക്കി. ശിവസേനയുടെ രാഷ്ട്രീയ ചേരിമാറ്റത്തിന്റെ പ്രതിഫലനമാണ് പുതിയ പ്രസ്താവനയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Comments

comments

Categories: Politics

Related Articles