റോയല്‍ എന്‍ഫീല്‍ഡ് 500 സിസി ബൈക്കുകളുടെ ഉല്‍പ്പാദനം നിര്‍ത്തിയേക്കും

റോയല്‍ എന്‍ഫീല്‍ഡ് 500 സിസി ബൈക്കുകളുടെ ഉല്‍പ്പാദനം നിര്‍ത്തിയേക്കും

ബിഎസ് 6 പാലിക്കുന്ന 500 സിസി എന്‍ജിന്‍ നല്‍കി ബൈക്കുകള്‍ നിര്‍മിക്കുന്നത് സാമ്പത്തികമായി സാധ്യമല്ലെന്ന് വിലയിരുത്തുന്നു

ന്യൂഡെല്‍ഹി: ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 500 സിസി മോഡലുകള്‍ നിര്‍ത്തിയേക്കും. ബിഎസ് 6 പാലിക്കുന്ന 500 സിസി എന്‍ജിന്‍ നല്‍കി ആഭ്യന്തര വിപണിക്കായി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുന്നത് സാമ്പത്തികമായി സാധ്യമല്ലെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് വിലയിരുത്തുന്നത്. മാത്രമല്ല, അന്താരാഷ്ട്ര വിപണികള്‍ക്കായും 500 സിസി ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മിച്ചേക്കില്ല.

റോയല്‍ എന്‍ഫീല്‍ഡിന്റെ നിലവിലെ 350 സിസി, 500 സിസി പുഷ്‌റോഡ് എന്‍ജിനുകള്‍ ബിഎസ് 6 പാലിക്കുന്നതല്ല. അതുകൊണ്ടുതന്നെ നിലവിലെ മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിച്ചേക്കും. പൂര്‍ണമായും പുതിയ പവര്‍ട്രെയ്ന്‍ നല്‍കി 350 സിസി സെഗ്‌മെന്റില്‍ പുത്തനുണര്‍വ്വ് കൈവരിക്കുകയും റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യമാണ്. അതേസമയം 500 സിസി സെഗ്‌മെന്റില്‍നിന്ന് പിന്‍മാറും. പ്രധാനമായും അന്താരാഷ്ട്ര വിപണികള്‍ക്കുവേണ്ടി വികസിപ്പിച്ച ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകള്‍ ഇതോടെ ആഭ്യന്തര വിപണിയിലും മുന്തിയ മോഡലുകളായി മാറും. 500 സിസി ബൈക്കുകള്‍ നിര്‍ത്തുന്നതോടെ 650 സിസി ഇരട്ടകളായിരിക്കും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.

ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ പതിനൊന്ന് മാസങ്ങളായി വാര്‍ഷികാടിസ്ഥാന വില്‍പ്പനയില്‍ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. അതേസമയം കയറ്റുമതി കണക്കുകള്‍ ശക്തമാണ്. യുകെയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന നേക്കഡ് റോഡ്‌സ്റ്ററായി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ഈയിടെ മാറിയിരുന്നു. ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോഡലുകളൊന്നും പ്രദര്‍ശിപ്പിച്ചിരുന്നില്ല. നിലവിലെ മോഡലുകളും കസ്റ്റം മോട്ടോര്‍സൈക്കിളുകളുമാണ് അണിനിരത്തിയത്.

Comments

comments

Categories: Auto