ആനുകൂല്യങ്ങള്‍ ബാങ്കിന്റെ പ്രകടനത്തിനൊത്ത്

ആനുകൂല്യങ്ങള്‍ ബാങ്കിന്റെ പ്രകടനത്തിനൊത്ത്

വ്യക്തിപരമായ പ്രകടനത്തിന് പകരം പൊതുമേഖലാ ബാങ്കിന്റെ പൊതുപ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങള്‍

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിശ്ചയിക്കപ്പെടുന്ന ശമ്പളത്തിനുപുറമേ ആയിരിക്കും പിഎല്‍ഐ നല്‍കുകയെന്ന്് ഇന്ത്യന്‍ ബാങ്ക്‌സ് അസ്സോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്

-സൗമ്യ ദത്ത, എഐബിഒസി ജനറല്‍ സെക്രട്ടറി

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിനുപുറമേ ബാങ്കിന്റെ പ്രകടനത്തിനുസൃതമായ ആനുകൂല്യങ്ങളും ലഭിക്കാന്‍ അവസരമൊരുങ്ങി. ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന വേരിയബിള്‍ പേയില്‍ നിന്ന് വലിയമാറ്റമായാണ് പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ്‌സ് (പിഎല്‍ഐ) വരുന്നത്. സ്വകാര്യ ബാങ്കുകളുള്‍പ്പെടെയുള്ള മേഖലകളില്‍ വേരിയബിള്‍ പേ നിലവിലുണ്ടെങ്കിലും, പൊതുമേഖലാ ബാങ്കുകളില്‍ അവ ഇതുവരെ നടപ്പാക്കിയിരുന്നില്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ ചില മേഖലകളില്‍ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ മികവിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ പുതിയ തീരുമാനപ്രകാരം വ്യക്തിപരമായ മികവിന് പകരം ബാങ്കിന്റെ മൊത്തത്തിലുള്ള പ്രകടനമായിരിക്കും അടിസ്ഥാനമായി കണക്കാക്കുക.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ (ഐബിഎ) ശമ്പള ചര്‍ച്ചാ സമിതി മുന്നോട്ടുവെച്ച ഈ തീരുമാനം വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാജ്കിരണ്‍ റായിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഈ ശുപാര്‍ശ തയാറാക്കിയത്. പിഎല്‍ഐ നിശ്ചയിക്കപ്പെടുന്നത് ഓരോ വര്‍ഷവും ബാങ്കിന്റെ വാര്‍ഷികഫലങ്ങള്‍ പുറത്തുവന്നതിന് ശേഷമായിരിക്കും. എന്നാല്‍ ശമ്പളവര്‍ധനവിനായുള്ള ഉഭയകക്ഷിചര്‍ച്ചകള്‍ ഓരോ 5 വര്‍ഷം കൂടുമ്പോഴാവും നടക്കുക. ഇത്തവണ ഐബിഎ 12% ശമ്പള വര്‍ധനവ് മുന്നോട്ടുവെച്ചെങ്കിലും കഴിഞ്ഞ തവണത്തേതുപോലെ 15% വര്‍ധനവാണ് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.

Categories: Banking, Slider