കെല്‍ട്രോണ്‍ വെര്‍ച്ച്വല്‍ ലാബ് പ്രവര്‍ത്തനസജ്ജമായി

കെല്‍ട്രോണ്‍ വെര്‍ച്ച്വല്‍ ലാബ് പ്രവര്‍ത്തനസജ്ജമായി

ആഗോള കമ്പനി ഹ്യൂലറ്റ് പക്കാര്‍ഡുമായി(എച്ച്പി) സഹകരിച്ചാണ് വിര്‍ച്ച്വല്‍ ലാബ് തയ്യാറാക്കിയത്

തിരുവനന്തപുരം: കെല്‍ട്രോണ്‍ വെര്‍ച്ച്വല്‍ ലാബ് ഉദ്ഘാടനം ചെയ്തു. ദൃശ്യ-ശ്രവ്യ മേഖലയിലെ പുത്തന്‍ ആശയമായ ഓഗ്മന്റഡ് റിയാലിറ്റിയും (എആര്‍), വെര്‍ച്ച്വല്‍ റിയാലിറ്റിയും (വിആര്‍) ജനങ്ങളിലേക്കെത്തിക്കാന്‍ എആര്‍-വിആര്‍ ലാബ് കെല്‍ട്രോണിന്റെ തിരുവനന്തപുരം വെള്ളയമ്പലം കാംപസില്‍ സജ്ജമായി. ആഗോള കമ്പനി ഹ്യൂലറ്റ് പക്കാര്‍ഡുമായി(എച്ച്പി) സഹകരിച്ചാണ് വിര്‍ച്ച്വല്‍ ലാബ് തയ്യാറാക്കിയത്. പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നിയമസഭാ ചേംബറില്‍ ഇരു കമ്പനികളും കൈമാറി. നാല് ഡെസ്‌ക് ടോപ്പ് സ്റ്റേഷനുകളും ഒരു മൊബൈല്‍ സ്റ്റേഷനുമാണ് ആദ്യ ഘട്ടത്തില്‍ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നത്. ആഗോള സോഫ്റ്റ് വെയര്‍ കമ്പനിയായ യൂണിറ്റി ടെക്‌നോളജീസ് ആണ് വെര്‍ച്ച്വല്‍ ലാബിന് ആവശ്യമായ സോഫ്റ്റ് വെയര്‍ ലഭ്യമാക്കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ചെറിയ നിരക്കില്‍ വെര്‍ച്ച്വല്‍ റിയാലിറ്റിയുടെ ഭാവനാ ലോകം അനുഭവിച്ചറിയാനാകും എന്നതാണ് എആര്‍-വിആര്‍ ലാബിന്റെ പ്രത്യേകത. ഡിസംബര്‍ അവസാനത്തോടെ ലാബ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. 16 മുതല്‍ 60 വരെ വയസ്സുള്ളവര്‍ക്ക് കെല്‍ട്രോണ്‍ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സന്ദര്‍ശനത്തിനുള്ള ദിവസവും സമയവും അനുവദിക്കും. വിദ്യാഭ്യാസം, കായികം, വിനോദം, ഉല്‍പാദനം തുടങ്ങി വ്യത്യസ്ഥ മേഖലകളില്‍ മാതൃകകള്‍ തയ്യാറാക്കിയാണ് ലാബ് പ്രവര്‍ത്തിക്കുക. ഒണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇഷ്ടമുള്ള മാതൃക തെരഞ്ഞെടുക്കാനും അവസരമുണ്ട്. കെല്‍ട്രോണിന്റെ നൈപുണ്യ വികസന വിഭാഗമായ നോളജ് സര്‍വീസ് ഗ്രൂപ്പാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്രിമമായ ഭാവനാ ലോകം സൃഷ്ടിച്ച് വ്യത്യസ്ത കഥാപാത്രങ്ങളും സാഹചര്യങ്ങളും അനുഭവങ്ങളും കോര്‍ത്തിണക്കുകയാണ് വെര്‍ച്ച്വല്‍ റിയാലിറ്റിയിലൂടെ ചെയ്യുന്നത്.

Comments

comments

Categories: FK News