തൊഴില്‍ സൃഷ്ടി പദ്ധതിക്കു കീഴിലെ ജോലികളുടെ എണ്ണത്തില്‍ 52% വര്‍ധന: ഗഡ്കരി

എംഎസ്എംഇ മന്ത്രാലയം നടപ്പാക്കുന്ന വായ്പയുമായി ബന്ധപ്പെടുത്തിയിട്ടുള്ള സബ്സിഡി പദ്ധതിയാണ് പിഎംഇജിപി
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി തൊഴില്‍ സൃഷ്ടി പദ്ധതി (പിഎംഇജിപി) പ്രകാരം 2018-19 കാലയളവില്‍ സൂക്ഷ്മ സംരംഭങ്ങളില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ 5.87 ലക്ഷമാണെന്ന് എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ പറഞ്ഞു. മുന്‍വര്‍ഷത്തെ (2017-18) 3.87 ലക്ഷം തൊഴിലുകളെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. . 2016-17 ല്‍ 4.08 ലക്ഷം തൊഴിലുകളാണ് ഉണ്ടായിരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ എംഎസ്എംഇ ( സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) മന്ത്രാലയം നടപ്പാക്കുന്ന വായ്പയുമായി ബന്ധപ്പെടുത്തിയിട്ടുള്ള സബ്സിഡി പദ്ധതിയാണ് പിഎംഇജിപി. പദ്ധതി നടപ്പാക്കുന്നതിനുള്ള ദേശീയ തലത്തിലുള്ള നോഡല്‍ ഏജന്‍സിയാണ് ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് (കെവിഐസി), സംസ്ഥാന തലത്തില്‍ സംസ്ഥാന കെവിഐസി ഡയറക്റ്ററേറ്റുകള്‍, സംസ്ഥാന ഖാദി, ഗ്രാമ വ്യവസായ ബോര്‍ഡുകള്‍, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, ബാങ്കുകള്‍ എന്നിവയിലൂടെ പദ്ധതി നടപ്പാക്കുന്നു. സ്വയം തൊഴില്‍ സംരംഭങ്ങളെ സഹായിക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
സൂക്ഷ്മ സംരംഭങ്ങളുടെട ഉന്നമനത്തിനും വികസനത്തിനും സഹായകമായ വിവിധ പദ്ധതികള്‍ മന്ത്രാലയം നടപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പിഎംഇജിപിയെ കൂടാതെ, എംഎസ്ഇ ക്ലസ്റ്റര്‍ ഡെവലപ്മെന്റ് പ്രോഗ്രാം, വടുക്കുകിഴക്കന്‍ മേഖലയിലും സിക്കിമിലും എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി, പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള ഫണ്ടിന്റെ പദ്ധതി, സംഭരണ- വിപണന സഹായ പദ്ധതി, സംരംഭകത്വ- നൈപുണ്യ വികസന പദ്ധതി, വായ്പാ ഗ്യാരണ്ടി പദ്ധതി, വായ്പാ അധിഷ്ഠിത മൂലധന സബ്സിഡി, സാങ്കേതിക നവീകരണത്തിനുള്ള പദ്ധതി എന്നിവ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.