എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റില്‍ ഹോണ്ട സിവിക് ഒന്നാമത്

എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റില്‍ ഹോണ്ട സിവിക് ഒന്നാമത്

ഒക്‌റ്റോബറില്‍ 436 യൂണിറ്റ് സിവിക് വിറ്റു. സെപ്റ്റംബര്‍ മാസത്തേക്കാള്‍ 30 ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി: ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റില്‍ ഹോണ്ട സിവിക് ഒന്നാമത്. ഒക്‌റ്റോബറില്‍ 436 യൂണിറ്റ് സിവിക് സെഡാനാണ് ഹോണ്ട കാര്‍സ് ഇന്ത്യ വിറ്റത്. സെപ്റ്റംബര്‍ മാസത്തേക്കാള്‍ 30 ശതമാനം വളര്‍ച്ച. സെപ്റ്റംബറില്‍ 336 യൂണിറ്റ് മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. എസ്‌യുവികള്‍ക്കായുള്ള വര്‍ധിച്ച ആവശ്യകത കാരണം എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റില്‍ ആളനക്കം കുറവായിരുന്നു. അതുകൊണ്ടുതന്നെ ഹോണ്ട സിവിക്കിന്റെ നേട്ടം പ്രധാനമാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതുമുതല്‍ ഒക്‌റ്റോബര്‍ വരെ 4,375 യൂണിറ്റ് ഹോണ്ട സിവിക്കാണ് വിറ്റുപോയത്.

ഏഴ് വര്‍ഷത്തിനുശേഷം പത്താം തലമുറക്കാരനായി ഇന്ത്യയില്‍ ഹോണ്ട സിവിക് തിരിച്ചെത്തിയത് എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റിനെ വളരെയധികം ശക്തിപ്പെടുത്തിയതായി ഹോണ്ട കാര്‍സ് ഇന്ത്യ വില്‍പ്പന വിപണന വിഭാഗം ഡയറക്റ്ററും സീനിയര്‍ വൈസ് പ്രസിഡന്റുമായ രാജേഷ് ഗോയല്‍ പറഞ്ഞു. വാഹന വിപണിയിലെ തളര്‍ച്ചയുടെ കാലത്ത് വളര്‍ച്ച പ്രകടിപ്പിച്ച ചുരുക്കം സെഗ്‌മെന്റുകളിലൊന്നാണ് എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായ് ഇലാന്‍ട്ര, ഫോക്‌സ്‌വാഗണ്‍ ജെറ്റ തുടങ്ങിയവയാണ് എതിരാളികള്‍.

1.8 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, 1.6 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ മോട്ടോര്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. ഇതാദ്യമായി ഡീസല്‍ എന്‍ജിന്‍ നല്‍കിയെന്നതാണ് പുതിയ സിവിക്കിന്റെ ഏറ്റവും വലിയ സവിശേഷത. സിവിടി മാത്രമാണ് പെട്രോള്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. എന്നാല്‍ ഡീസല്‍ മോട്ടോറിന് 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കും. പെട്രോള്‍ മോഡല്‍ 16.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഡീസല്‍ സിവിക് 26.8 കിലോമീറ്റര്‍ ഇന്ധനക്ഷമതയും നല്‍കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.

Comments

comments

Categories: Auto
Tags: Honda Civic