മൃഗങ്ങള്‍ക്കു പകരം ഈ സര്‍ക്കസില്‍ പ്രദര്‍ശിപ്പിക്കുന്നത് ഹോളോഗ്രാം

മൃഗങ്ങള്‍ക്കു പകരം ഈ സര്‍ക്കസില്‍ പ്രദര്‍ശിപ്പിക്കുന്നത് ഹോളോഗ്രാം

ബെര്‍ലിന്‍: സര്‍ക്കസ് കാണാത്തവരായി നമ്മളില്‍ ആരും തന്നെയുണ്ടാവില്ല. സ്‌കൂള്‍ കാലഘട്ടത്തിലായിരിക്കും പലരും സര്‍ക്കസ് കണ്ടിരിക്കുന്നത്. ഓണം, ക്രിസ്മസ്-ന്യൂ ഇയര്‍, വേനലവധിക്കാലങ്ങളില്‍ പുതിയ സിനിമകള്‍ കാണുന്നതു പോലെ നഗരങ്ങളിലെത്തി സര്‍ക്കസ് കാണുന്നതും ഒരു പതിവായിരുന്നു. ഇണക്കിയെടുത്ത വന്യമൃഗങ്ങളുടെ പ്രകടനമാണു സര്‍ക്കസിനെ ആകര്‍ഷണീയമാക്കുന്നത്.

എന്നാല്‍ സമീപകാലത്ത് ജര്‍മനിയില്‍ സര്‍ക്കസില്‍ മൃഗങ്ങള്‍ക്കു പകരം മൃഗങ്ങളുടെ ഹോളോഗ്രാമാണ് പ്രദര്‍ശനത്തില്‍ ഉപയോഗിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനു വേണ്ടിയാണു പുതിയ പരിഷ്‌കാരമെന്നാണ് റിപ്പോര്‍ട്ട്. ത്രിമാന ഛായാചിത്രമാണു ഹോളോഗ്രാം. സര്‍ക്കസ് റോണ്‍കാലി എന്ന സര്‍ക്കസ് കമ്പനിയാണു കുതിര, ആന, സിംഹം എന്നിവയുടെ ഹോളോഗ്രാം ഉപയോഗിക്കുന്നത്. ഒരു പരമ്പരാഗത സര്‍ക്കസ് പ്രദര്‍ശനം വീക്ഷിക്കുമ്പോഴുള്ള അനുഭവം തന്നെ പ്രേക്ഷകര്‍ക്ക് ഹോളാഗ്രാം ഉപയോഗിച്ചുള്ള പ്രദര്‍ശനത്തിലും ലഭിക്കും. അതോടൊപ്പം കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി അഥവാ സിജിഐ ടെക്‌നോളജിയുടെ മാസ്മരികതയും ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 15 ഡിസൈനര്‍മാരും, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുമടങ്ങുന്ന ഒരു സംഘമാണു ഹോളോഗ്രാം ഉപയോഗിച്ചുള്ള പ്രകടനം നിയന്ത്രിക്കുന്നത്. ഏതായാലും പുതിയ മൃഗങ്ങളെ ഉപയോഗിക്കാതെയുള്ള പുതിയ പരിഷ്‌കാരത്തെ പലരും സ്വാഗതം ചെയ്തിരിക്കുകയാണ്. പ്രത്യേകിച്ച് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍. സര്‍ക്കസില്‍ ഉപയോഗിക്കുന്ന മൃഗങ്ങളെ നന്നായി പരിചരിക്കുന്നില്ലെന്ന പരാതി വ്യാപാകമായുണ്ട്. 2020 മുതല്‍ മൃഗങ്ങളെ സര്‍ക്കസില്‍ പ്രദര്‍ശിപ്പിക്കുന്നത് നിമയം മൂലം നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണു യുകെ. ഈ സാഹചര്യത്തിലാണു ജര്‍മനിയിലെ സര്‍ക്കസ് കമ്പനി പുതിയ പരീക്ഷണവുമായി രംഗത്തുവന്നിരിക്കുന്നത്.

Comments

comments

Categories: World