കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിക്കുമെന്ന് ഈജിപ്ഷ്യന്‍ വെല്‍ത്ത് ഫണ്ട് സിഇഒ

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിക്കുമെന്ന് ഈജിപ്ഷ്യന്‍ വെല്‍ത്ത് ഫണ്ട് സിഇഒ

സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നു

ദുബായ്: കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഈജിപ്തിലെ സോവറീന്‍ വെല്‍ത്ത് ഫണ്ട് കൂടുതല്‍ എണ്ണ സമ്പന്ന രാജ്യങ്ങളുമായി കൂട്ടുകൂടുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈജിപ്ത് സമ്പദ് വ്യവസ്ഥ നവീകരിക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിച്ച് വിദേശ നിക്ഷേപം തേടുന്നത്.

യുഎഇയുമായി ചേര്‍ന്ന് 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപക പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച ഈജിപ്ത് അടുത്തതായി ലക്ഷ്യമിടുന്നത് സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളെയാണെന്ന് വെല്‍ത്ത് ഫണ്ട് സിഇഒ അയ്മന്‍ സൊലിമാന്‍ പറഞ്ഞു. നിക്ഷേപക പ്ലാറ്റ്‌ഫോമുകള്‍ക്കും ഫണ്ടുകള്‍ക്കും തുടക്കമിടുന്നതടക്കം വിവിധ രൂപങ്ങളിലുള്ള സഹകരണമാണ് ഗള്‍ഫ് രാജ്യങ്ങളുമായി പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒമാനുമായി നടത്തുന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നും സൊലിമാന്‍ അറിയിച്ചു. സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളും ഈജിപ്തില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നവീകരിക്കാനുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി 5 ബില്യണ്‍ പൗണ്ടിന്റെ പെയ്ഡ് ഇന്‍ കാപ്പിറ്റലും 200 ബില്യണ്‍ പൗണ്ടിന്റെ അംഗീകൃത മൂലധനവുമായി കഴിഞ്ഞ വര്‍ഷമാണ് ഈജിപ്തിലെ ആദ്യ സോവറീന്‍ വെല്‍ത്ത് ഫണ്ട് നിലവില്‍ വന്നത്. രാജ്യത്തെ നിരവധി സുപ്രധാന മേഖലകളില്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയെന്നതാണ് ഫണ്ടിന്റെ പ്രധാന ലക്ഷ്യം.

യുഎഇയിലെ അബുദാബി ഡെവലപ്‌മെന്റ് ഹോള്‍ഡിംഗുമായുള്ള പങ്കാളിത്തത്തിന് സമാനമായ സഹകരണം ഒമാന്‍, കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങളുമായും ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എത്തരത്തില്‍ സഹകരണം നടപ്പിലാക്കാമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഇവരുമായി നടക്കുന്നതെന്നും സൊലിമാന്‍ പറഞ്ഞു.

Comments

comments

Categories: Arabia