അരാംകോ ഐപിഒ രാജ്യത്തിന് നേട്ടമെന്ന് സല്‍മാന്‍ രാജാവ്; മറ്റ് പരിഷ്‌കാരങ്ങള്‍ക്കും അഭിനന്ദനം

അരാംകോ ഐപിഒ രാജ്യത്തിന് നേട്ടമെന്ന് സല്‍മാന്‍ രാജാവ്; മറ്റ് പരിഷ്‌കാരങ്ങള്‍ക്കും അഭിനന്ദനം
  • മകന്റെ പരിഷ്‌കാരങ്ങള്‍ക്ക് പിതാവിന്റെ പിന്തുണ
  • ഷൂര കൗണ്‍സില്‍ യോഗത്തില്‍ ഇറാന് സൗദി ഭരണാധികാരിയുടെ മുന്നറിയിപ്പ്

റിയാദ്: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ ഓഹരിവിപണി പ്രവേശത്തെ സ്വാഗതം ചെയ്ത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അരാംകോ ഐപിഒയിലൂടെ സാധിക്കുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടപ്പിലാക്കിയ വിവിധ പരിഷ്‌കാരങ്ങളെയും സൗദി ഭരണാധികാരി പുകഴ്ത്തി. രാജ്യത്തെ ഭരണ ഉപദേശക സമിതിയായ ഷൂര കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സൗദി ഭരണാധികാരി. സൗദിക്ക് സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന ഇറാന്റെ ചെയ്തികളെ പ്രസംഗത്തില്‍ സല്‍മാന്‍ രാജാവ് നിശിതമായി വിമര്‍ശിച്ചു.

ഇതാദ്യമായിട്ടാണ് സൗദി അരാംകോയുടെ ഐപിഒ സംബന്ധിച്ച് സൗദി രാജാവ് പ്രതികരണം നടത്തുന്നത്. മുന്‍നിര എണ്ണക്കമ്പനിയുടെ ഭാഗമാകാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതാണ് അരാംകോയുടെ ലിസ്റ്റിംഗെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ആഗോള ഓഹരി വിപണികളുടെ വലുപ്പത്തിലേക്ക് സൗദി ഓഹരി വിപണി വളരാന്‍ ഐപിഒ കാരണമാകും. മാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിനൊത്ത് കമ്പനിയുടെ ഭരണനിര്‍വ്വഹണത്തില്‍ സുതാര്യത കൊണ്ടുവരാനും ഐപിഒയിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഹരിവില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക രാജ്യത്തെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് നീക്കിവെക്കും. രാജ്യത്ത് നടപ്പിലാക്കിയ മറ്റ് പരിഷ്‌കാരങ്ങളെയും സൗദി ഭരണാധികാരി അഭിനന്ദിച്ചു.

സല്‍മാന്‍ രാജാവിന്റെ മകനും സൗദിയുടെ ഭാവി ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ (എംബിഎസ്) നേതൃത്വത്തിലാണ് അരാംകോ ഐപിഒ അടക്കമുള്ള സുപ്രധാന പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത്. ഭാവിയില്‍ സൗദി നടപ്പിലാക്കാനൊരുങ്ങുന്ന വന്‍കിട പദ്ധതികള്‍ക്കുള്ള ഫണ്ട്കണ്ടെത്തുന്നതിനും ആയിരക്കണക്കിന് സൗദി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അരാംകോ ഐപിഒയിലൂടെ സാധിക്കുമെന്നാണ് എംബിഎസിന്റെ കണക്കുകൂട്ടല്‍. ഏകദേശം 1.7 ട്രില്യണ്‍ ഡോളര്‍ മൂല്യം കല്‍പ്പിക്കപ്പെടുന്ന അരാംകോയുടെ 1.5 ശതമാനം ഓഹരികളാണ് വരുംനാളുകളില്‍ സൗദി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. ഏകദേശം 24-25.6 ബില്യണ്‍ ഡോളര്‍ പ്രഥമ ഓഹരി വില്‍പ്പന വഴി സമാഹരിക്കാനാണ് അരാംകോ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ലിസ്റ്റിംഗിന് തത്കാലം പദ്ധതിയില്ലെന്ന് അരാംകോ വ്യക്തമാക്കിയിട്ടുണ്ട്. അരാംകോ ഐപിഒയുടെ വിജയം പ്രധാനമായും സൗദി നിക്ഷേപരുടെ കയ്യിലാണെന്ന് സാരം. മൂന്നിലൊരു പങ്ക് ഓഹരികള്‍ സൗദിയിലെ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.

പ്രസംഗത്തില്‍ ഇറാനെതിരെ രൂക്ഷ വിമര്‍ശനമാണ് സൗദി ഭരണാധികാരി നടത്തിയത്. ഇറാന്‍ തങ്ങളുടെ അധിനിവേശ പ്രത്യയശാസ്ത്രം ഉപേക്ഷിക്കണമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ഇറാന്‍ ജനതയ്ക്ക് തന്നെ ആപത്താണത്. അതുപേക്ഷിക്കാതെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇറാന്‍ വിരുദ്ധ നിലപാടില്‍ മാറ്റം വരില്ലെന്ന് അവിടുത്തെ ഭരണാധികാരികള്‍ തിരിച്ചറിയുമെന്നാണ് കരുതുന്നത്. ഇറാന്റെ നയങ്ങളും നടപടികളും സൗദിക്ക് വിനാശകരമായിട്ടുണ്ട്. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും രാജ്യത്തെ ജനങ്ങളുടെ രക്ഷയെക്കരുതി പ്രതിരോധിക്കാന്‍ തയാറാണെന്നും സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ഇറാനിലെ ഫോര്‍ഡോ ആണവനിലയത്തിന് നീണ്ടും ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ തീരുമാനത്തെ സല്‍മാന്‍ രാജാവ് സ്വാഗതം ചെയ്തു.

”ഐപിഒയുടെ നേട്ടങ്ങള്‍”

  • നിക്ഷേപമെത്തും, തൊഴിലവസരങ്ങള്‍ കൂടും
  • അരാംകോയുടെ ഭാഗമാകാന്‍ രാജ്യത്തിനകത്തും പുറത്തമുള്ള നിക്ഷേപകര്‍ക്ക് സാധിക്കും
  • സൗദി ഓഹരി വിപണി അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളരും
  • അരാംകോ നടപടികള്‍ സുതാര്യമാകും

Comments

comments

Categories: Arabia