ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ സ്ത്രീകള്‍ നിര്‍മിക്കും

ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ സ്ത്രീകള്‍ നിര്‍മിക്കും

മൂന്ന് വര്‍ഷം/50,000 കിമീ സ്റ്റാന്‍ഡേഡ് വാറന്റി ലഭിക്കുമെന്ന് രാജീവ് ബജാജ്. ലിഥിയം അയണ്‍ ബാറ്ററിക്ക് 70,000 കിമീ ആയുസ്സ് ഉണ്ടായിരിക്കും

ന്യൂഡെല്‍ഹി: ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നത് സ്ത്രീകള്‍. അസംബ്ലി ലൈനില്‍ പൂര്‍ണമായും സ്ത്രീകളായിരിക്കുമെന്ന് ബജാജ് ഓട്ടോ അറിയിച്ചു. മഹാരാഷ്ട്രയിലെ ചാകണ്‍ പ്ലാന്റിലാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നത്. ബജാജിന്റെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അസംബ്ലി ലൈന്‍ ചെറുതായിരിക്കും. ഇലക്ട്രിക് വാഹനങ്ങളില്‍ മൂവിംഗ് പാര്‍ട്ടുകള്‍ കുറവായിരിക്കും എന്നതാണ് കാരണം.

കൂടാതെ, ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് മൂന്ന് വര്‍ഷം/50,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേഡ് വാറന്റി ലഭിക്കുമെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ് അറിയിച്ചു. സ്‌കൂട്ടറിലെ ലിഥിയം അയണ്‍ ബാറ്ററിക്ക് 70,000 കിലോമീറ്റര്‍ ആയുസ്സ് ഉണ്ടായിരിക്കും. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബാറ്ററി വാറന്റിയാണ്.

വിപണിയിലെ ആവശ്യകത അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനി തയ്യാറെടുത്തതായി രാജീവ് ബജാജ് പറഞ്ഞു. 2001 ല്‍ പള്‍സര്‍ മോഡല്‍ വിപണിയിലെത്തിച്ചപ്പോഴാണ് ആവശ്യകത അനുസരിച്ച് ഉല്‍പ്പാദനം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പഠിച്ചതെന്ന് രാജീവ് ബജാജ് തുറന്നുപറഞ്ഞു. ബജാജ് ചേതക് മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മാസമാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്തത്. ജനുവരിയില്‍ പുണെയില്‍ അവതരിപ്പിക്കും. ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനുമിടയില്‍ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. പുണെയ്ക്കുശേഷം ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ഡെല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന ആരംഭിക്കും.

Comments

comments

Categories: Auto