ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് ഇന്ത്യയില്‍ പരീക്ഷിക്കുന്നു

ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് ഇന്ത്യയില്‍ പരീക്ഷിക്കുന്നു

ഇന്ത്യാ സ്‌പെക് ടി-റോക്ക് എസ്‌യുവി 2020 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് എസ്‌യുവി ഇന്ത്യയില്‍ പരീക്ഷിക്കുന്നത് ഇതാദ്യമായി കണ്ടെത്തി. 2017 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ടി-റോക്ക് എസ്‌യുവി അനാവരണം ചെയ്തത്. ഇതിനുശേഷം ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് ഇപ്പോഴാണ് കണ്ടെത്തുന്നത്. ഇന്ത്യാ സ്‌പെക് ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് എസ്‌യുവി 2020 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചേക്കും.

സിബിയു രീതിയിലായിരിക്കും (പൂര്‍ണമായും നിര്‍മിച്ചശേഷം ഇറക്കുമതി) ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് എസ്‌യുവി ഇന്ത്യയിലെത്തുന്നത്. അങ്ങനെയെങ്കില്‍ യൂറോപ്പില്‍ വില്‍ക്കുന്ന അതേ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് ഇന്ത്യയില്‍ ലഭിക്കും. ഗ്ലോബല്‍ സ്‌പെക്, ഇന്ത്യാ സ്‌പെക് മോഡലുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകില്ല. ഇന്ത്യയില്‍ 20 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില എന്ന് പ്രതീക്ഷിക്കുന്നു.

1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ടിഎസ്‌ഐ ഇവോ എന്‍ജിനായിരിക്കും ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 150 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. ഫ്രണ്ട് വീല്‍ ഡ്രൈവ് ഡ്രൈവ്‌ട്രെയ്ന്‍ ഉപയോഗിക്കും. ഫോക്‌സ്‌വാഗണിന്റെ ‘4മോഷന്‍’ 4 വീല്‍ ഡ്രൈവ് സിസ്റ്റം ഇന്ത്യയില്‍ നല്‍കുമെന്ന് പ്രതീക്ഷയില്ല. വാഹനത്തിന്റെ വില പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമായും 4മോഷന്‍ വേണ്ടെന്നുവെയ്ക്കുന്നത്.

അളവുകളുടെ കാര്യമെടുത്താല്‍, അടുത്ത തലമുറ ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ് മോഡലുകളേക്കാള്‍ വലുപ്പം കുറഞ്ഞവനാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,234 എംഎം, 1,819 എംഎം, 1,573 എംഎം എന്നിങ്ങനെയാണ്. എന്നാല്‍ സ്‌പോര്‍ട്ടി കൂപ്പെയാണെന്ന് തോന്നിപ്പിക്കുന്ന ഛായാരൂപം ടി-റോക്ക് എസ്‌യുവിയുടെ പ്രത്യേകതയാണ്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ‘ബീറ്റ്‌സ്’ സൗണ്ട്‌സ് സിസ്റ്റം, 12.3 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റഡ് ആപ്പുകള്‍ സഹിതം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവ യുകെയില്‍ വില്‍ക്കുന്ന ടി-റോക്ക് എസ്‌യുവിയുടെ സവിശേഷതകളാണ്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, പാര്‍ക്കിംഗ് അസിസ്റ്റന്‍സ് എന്നിവയും ഫീച്ചറുകളാണ്.

Comments

comments

Categories: Auto