യുഎസ്ടി ഗ്ലോബല്‍ കോഗ്‌നിഫൈ ടെക്‌നോളജീസില്‍ നിക്ഷേപം നടത്തി

യുഎസ്ടി ഗ്ലോബല്‍ കോഗ്‌നിഫൈ ടെക്‌നോളജീസില്‍ നിക്ഷേപം നടത്തി

എഐ, കോഗ്‌നിറ്റീവ് ടെക്‌നോളജി മേഖലയിലെ നവസംരംഭമാണ് കോഗ്‌നിഫൈ ടെക്‌നോളജീസ്

തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഗ്‌നിറ്റീവ് ടെക്നോളജി മേഖലയിലെ സ്റ്റാര്‍ട്ടപ്പായ കോഗ്‌നിഫൈ ടെക്നോളജീസില്‍ നിക്ഷേപം നടത്തി. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് കോഗ്‌നിഫൈ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് വിഷന്‍ (എഐവിഐ) സാങ്കേതികവിദ്യയുടെ വികാസവും നൂതന ഗവേഷണവും ത്വരിതപ്പെടുത്തുന്നതോടൊപ്പം വിപണിയില്‍ ഒന്നിച്ച് മുന്നേറാന്‍ ഇരു കമ്പനികള്‍ക്കും വഴിയൊരുക്കുന്നതാണ് പുതിയ നീക്കം. എഐവിഐ സാങ്കേതികവിദ്യയില്‍ രാജ്യത്തിനകത്തും ആഗോളതലത്തിലും മേല്‍ക്കൈയുള്ള കോഗ്‌നിഫൈയ്ക്ക് പുതിയ നിക്ഷേപം വളര്‍ച്ചയുടെ പുതുവഴികള്‍ തുറന്നു നല്‍കും.

മാനുഫാക്ച്ചറിംഗ്, റീടെയ്ല്‍, സര്‍വീലന്‍സ്, പൊതുമേഖല, ആരോഗ്യരക്ഷ, ലോജിസ്റ്റിക്‌സ് തുടങ്ങി നിരവധി മേഖലകളില്‍ കോഗ്‌നിഫൈയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സൊല്യൂഷനുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. സാങ്കേതികവിദ്യയും വ്യാപാര ഇടപാടുകളും ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന ഇടങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. സിസി ടിവി കാമറകള്‍, ഹീറ്റ് കാമറകള്‍, ടെലിമെട്രിക് സെന്‍സറുകള്‍, മൈക്രോഫോണുകള്‍ തുടങ്ങി വിവരശേഖര മേഖലയിലെ വ്യത്യസ്ത തലങ്ങളില്‍ ഈ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. പാറ്റേണുകള്‍, വ്യതിചലനങ്ങള്‍, ഇന്‍സൈറ്റ് ഡിറ്റക്ഷനുകള്‍ എന്നിവയില്‍ ഊന്നുന്നതാണ് പുതിയതായി അവതരിപ്പിച്ച എഐവിഐ പ്ലാറ്റ്‌ഫോം. ലഭ്യത, അനുയോജ്യത, ഉപയോഗക്ഷമത, കാര്യക്ഷമത, സുരക്ഷിതത്വം തുടങ്ങി അഞ്ച് മണ്ഡലങ്ങളില്‍ ഉപയോക്തൃ അനുഭവം കൃത്യതയോടെ രേഖപ്പെടുത്തുകയും അവയ്ക്ക് പ്രായോഗികമായ അളവുകോലുകള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന വിധത്തിലാണ് എഐവിഐ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് തന്ത്രപ്രധാനമായ ഈ നിക്ഷേപത്തിന് പിന്നിലെന്ന് യുഎസ്ടി ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലക്സാണ്ടര്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു. ‘ഉല്‍പ്പന്നം, ഡിസൈന്‍, എന്‍ജിനീയറിംഗ് രംഗങ്ങളിലെ വിദഗ്ധരുടെ കൂട്ടായ്മയാണ് കോഗ്‌നിഫൈ. ലോകത്തിന്റെ പുരോഗതിക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ശരിയായ മൂല്യവും സങ്കീര്‍ണമായ സാങ്കേതിക സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന പ്രതിബദ്ധതയാണ് യുഎസ്ടി ഗ്ലോബലിനെപ്പോലെ കോഗ്‌നിഫൈയെയും മുന്നോട്ട് നയിക്കുന്നത്’, അലക്സാണ്ടര്‍ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. കോഗ്‌നിറ്റീവ് സാങ്കേതിക മേഖലയില്‍, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് രംഗത്ത് നിരന്തരമായ ആശയ രുപീകരണവും ഇന്നൊവേഷനും കാര്യക്ഷമമായ നിര്‍വഹണവുമായി തങ്ങള്‍ മുന്നേറുകയാണെന്ന് കോഗ്‌നിഫൈ ടെക്നോളജീസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രോഹിത് രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News