ഉദയസൂര്യന്റെ നാട്ടില്‍ പുതുചരിത്രമെഴുതി അബെ

ഉദയസൂര്യന്റെ നാട്ടില്‍ പുതുചരിത്രമെഴുതി അബെ

പ്രധാനമന്ത്രിയുടെ ഓഫീസില്‍ അബെയുടെ 2,887-ാം ദിവസമായിരുന്നു ഇന്നലെ

ടോക്കിയോ: ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി ഷിന്‍സോ അബെ ചരിത്രപുസ്തകങ്ങളില്‍ ഇടംപിടിച്ചു. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ 2,887-ാം ദിവസമായിരുന്നു. 1901 നും 1913 നും ഇടയില്‍ മൂന്ന് തവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ടാരോ കത്സുര സ്ഥാപിച്ച റെക്കോര്‍ഡാണ് അബെ മറികടന്നത്. ജി 7 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച രണ്ടാമത്തെ നേതാവുകൂടിയാണ് അദ്ദേഹം. 2005 മുതല്‍ അധികാരത്തിലിരിക്കുന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലാണ് അബെക്കുമുന്നിലുള്ളത്. എങ്കിലും സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഭരണഘടനാ പുനരവലോകനം ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ പലതും ഇതുവരെ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.

കാലം കടന്നുപോകുമ്പോഴും അബെയുടെ അധികാരത്തിന്റെ പിടി ഉറച്ചുതന്നെയാണ് നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ കാലാവധി കുറഞ്ഞത് 2021 സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കും. ശക്തനായ ഒരു പിന്‍ഗാമിയും ഇതുവരെ രാഷ്ട്രീയ ചക്രവാളത്തില്‍ ഉയര്‍ന്നിട്ടുമില്ല. ഈ വര്‍ഷം ആദ്യം നടന്ന മന്ത്രിസഭാ പുനഃസംഘടനക്കുശേഷം അബെ നിരവധി വെല്ലുവിളി ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പദ്ധതികള്‍ പലതും ഇപ്പോഴും പൂര്‍ത്തീകരിക്കാനായിട്ടില്ല. രാജ്യത്തിന്റെ പ്രതിരോധ സേനയുടെ നില മാറ്റുന്നതിനായി ജപ്പാന്റെ യുദ്ധാനന്തര ഭരണഘടന പരിഷ്‌കരിക്കണമെന്ന തന്റെ ദീര്‍ഘകാല ആഗ്രഹം അദ്ദേഹം ആവര്‍ത്തിച്ചിരുന്നതാണ് ഇതില്‍ പ്രധാനം. പക്ഷേ പുനരവലോകനത്തിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിസമ്മതിക്കുകയായിരുന്നു. രണ്ട് കാബിനറ്റ് മന്ത്രിമാരുടെ രാജിയും ഒരു അഴിമതിക്കേസും അബെയുടെ പ്രശസ്തിക്ക് കളങ്കം വരുത്തി.

റെക്കോര്‍ഡ് അടയാളപ്പെടുത്തുന്നതിനായി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹത്തിന്, ഏറ്റവും പുതിയ അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. താന്‍ വാഗ്ദാനം ചെയ്ത നയങ്ങള്‍ നടപ്പിലാക്കാന്‍ ഓരോ ദിവസവും ശ്രമം നടത്തിയിട്ടുണ്ടെന്ന് ആബെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) പ്രസിഡന്റായി തുടരുന്ന ഈ രണ്ടുവര്‍ഷത്തിനുള്ളില്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, വിദഗ്ധര്‍ പറയുന്നത്, അബെയുടെ ഭരണ സഖ്യം പാര്‍ലമെന്റില്‍ വലിയ ഭീഷണികളൊന്നും നേരിടുന്നില്ലെന്നാണ്. എല്‍ഡിപിക്കുള്ളില്‍ ശക്തമായ എതിരാളികള്‍ ഇല്ലെന്ന് തോന്നുന്നുവെന്നും, പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ അടിത്തറ സുസ്ഥിരമാണെന്നും പ്രതിപക്ഷം പോലും പറയുന്നുണ്ട്.

ഈ മാസം നടന്ന എന്‍എച്ച്കെ വോട്ടെടുപ്പില്‍ അബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (എല്‍ഡിപി) പിന്തുണ 36.8 ശതമാനമായി ഉയര്‍ന്നു. ഏറ്റവും വലിയ പ്രതിപക്ഷമായ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 6.3 ശതമാനം പിന്തുണയാണ് ലഭിച്ചത്. ഒരു പ്രത്യേക പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്ന് 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ചരിത്രപുസ്തകങ്ങളില്‍ തന്റെ സ്ഥാനം സുരക്ഷിതമായതിനാല്‍, വരും വര്‍ഷങ്ങളില്‍ അബെ നിരവധി പ്രയാസകരമായ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഭരണഘടനാ പുനരവലോകനം, ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയ ജാപ്പാന്‍കാരുടെ മോചനം, റഷ്യയുമായുള്ള ദീര്‍ഘകാലമായുള്ള അതിര്‍ത്തിതര്‍ക്ക പരിഹാരം ഇവയാണ് അബെയുടെ പട്ടികയില്‍ ഉള്ളത്.

2006 ല്‍ 52 ആം വയസില്‍ അധികാരമേറ്റപ്പോള്‍ അബെ ജപ്പാനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം രാജിവച്ചു, 2012 ല്‍ ജപ്പാനിലെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രതിജ്ഞയെടുത്ത് അദ്ദേഹം വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തി. ജപ്പാന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വാഷിംഗ്ടണുമായുള്ള സഖ്യം ശക്തിപ്പെടുത്തുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വ്യക്തിബന്ധം സ്ഥാപിക്കുന്നതിനും അദ്ദേഹം മുന്‍ഗണന നല്‍കിരുന്നു.

Comments

comments

Categories: World
Tags: Japan, Shinzo Abe