മൂല്യങ്ങള്‍ക്ക് പ്രഥമ പരിഗണന
സാന്‍ ഫ്രാന്‍സിസ്കോ: സ്വകാര്യത ഒരു മൗലിക അവകാശമാണെന്നും, ആപ്പിള്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് സ്വകാര്യതയ്ക്കാണെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക്. സ്വകാര്യത, സുസ്ഥിരത, സമത്വം എന്നീ മൂല്യങ്ങള്‍ക്ക് ആഴത്തിലുള്ള പ്രാധാന്യം നല്കുന്ന കമ്പനിയാണ് ആപ്പിള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ”ഞങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളിലും സ്വകാര്യ കാത്തുസൂക്ഷിക്കാറുണ്ട്. സ്വകാര്യതയെ ഒരു മൗലിക അവകാശമായാണ് കണക്കാക്കുന്നത്, അതിന് അതിന്റേതായ പ്രാധാന്യം നല്‍കും”, കുക്ക് പറഞ്ഞു.
കമ്പനിയുടെ സംസ്കാരത്തിലും മൂല്യങ്ങള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്, ഇത് അടുത്തിടെ കൂട്ടിച്ചേര്‍ത്ത ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”പെട്ടെന്നൊരു ദിവസം ഉയര്‍ത്തെണീറ്റ് സ്വകാര്യതയെ കുറിച്ച് പറയുന്നതും തുടക്കം മുതലേ സ്വകാര്യത കാത്തു സൂക്ഷിച്ചു പോരുന്നതും തമ്മില്‍ വ്യത്യാസമുണ്ട്’. ഓരോ ഉല്‍പ്പന്നത്തിന്റെയും വികസന പ്രക്രീയയില്‍ അതു വ്യക്തമായി കാണാനാകും. മാറ്റത്തോടുകൂടിയ ഇന്നൊവേഷനില്‍ പലരും ആശങ്കാകുലരാകാറുണ്ട്. ഇന്നൊവേഷന് തന്നെ ഒരു മാറ്റമാണെന്ന് ചിലര്‍ അംഗീകരിക്കുകയും ചെയ്യും. ഇന്നൊവേഷനില്‍, കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ചിന്തിച്ച് നന്നായി ചെയ്യുകയാണ് അല്ലാതെ വെറുതെ എന്തെങ്കിലുമൊരു മാറ്റമല്ല അവിടെ നടക്കുക. അതാണ് ആപ്പിളിന്റെ രഹസ്യം’ കുക്ക് പറഞ്ഞു.
തിടുക്കത്തില്‍ ഒരു കാര്യം നടപ്പിലാക്കുന്നതും ആപ്പിളിന്റെ നയമല്ലെന്ന് കുക്ക് ചൂണ്ടിക്കാട്ടി. ” ഒരു കാര്യം ആദ്യം ചെയ്യുക എന്ന ലക്ഷ്യം ആപ്പിളിന് ഇല്ല, മറിച്ച് ലക്ഷ്യം ഏറ്റവും മികച്ചതായിരിക്കണം എന്ന നയമാണ് പിന്തുടരുന്നത്”. നൂറ്റാണ്ടുകളായോ ദശാബ്ദങ്ങളായോ നിര്‍വചിക്കപ്പെട്ട ഒരു ഗെയിം അതുപോലെ പകര്‍ത്താനല്ല, മറിച്ച് പുതിയൊരു ഗെയിം തന്നെ കണ്ടെത്തുകയാണ് ആപ്പിളിന്റെ രീതി. ഒരു പ്രശ്നത്തെ പല രീതിയില്‍ സമീപിക്കാനും നോക്കിക്കാണാനും കഴിയും എന്നാല്‍ അവയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രീതിയിലും അതു പ്രാവര്‍ത്തികമാക്കുന്നതിലാണ് വിജയമെന്നും ടിം കുക്ക് പറഞ്ഞു.