ഒന്നാംസ്ഥാനം നേടി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല

ഒന്നാംസ്ഥാനം നേടി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല
  • പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍
  • ഫോര്‍ട്ടെസ്‌ക്യൂ മെറ്റല്‍ ഗ്രൂപ്പ് സിഇഒ എലിസബത്തിന് രണ്ടാം റാങ്ക്

ന്യൂയോര്‍ക്ക്: ഫൊര്‍ച്യൂണിന്റെ ഈ വര്‍ഷത്തെ ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ഇന്ത്യന്‍ വംശജനും മൈക്രോസോഫ്റ്റ് സിഇഒയുമായ സത്യ നദെല്ല ഒന്നാം സ്ഥാനത്ത്. മാസ്റ്റര്‍ കാര്‍ഡ് സിഇഒ അജയ് ബംഗാ, അരിസ്റ്റ മേധാവി ജയശ്രീ ഉല്ലല്‍ എന്നീ ഇന്ത്യന്‍ വംശജരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രതിബന്ധങ്ങളും പ്രതിസന്ധികളും അതിജീവിച്ച് അസാധ്യപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ക്രിയേറ്റീവ് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന 20 ബിസിനസ് നേതാക്കളെയാണ് വര്‍ഷം തോറും ഫോര്‍ച്യൂണ്‍ ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താറുള്ളത്. പട്ടികയില്‍ മുന്‍ നിരയില്‍ എത്തിയ നദെല്ല 2014 മുതല്‍ ടെക് ഭീമനൊപ്പം സിഇഒ പദവിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. രാഷ്ട്രീയ അരാജകത്വം നടമാടിയ വര്‍ഷത്തില്‍, സ്ഥിരതയും ശാന്തവുമായ നേതൃപാടവം ബിസിനസ് ലോകത്ത് കാഴ്ചവെക്കാനാകുന്നത് ചെറിയ കാര്യമല്ല. ബിസിനസില്‍ മികച്ച പ്രതിഫലനമുണ്ടാക്കി, ടീം അധിഷ്ഠിത നേതൃ പാടവം കാഴ്ചവെച്ച വ്യക്തി ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ നമ്പര്‍ വണ്‍ ആയതില്‍ അത്ഭുതപ്പെടാനുമില്ലെന്ന് ഫൊര്‍ച്യൂണ്‍ ചൂണ്ടിക്കാട്ടി. പട്ടികയില്‍ എട്ടാം റാങ്കാണ് അജയ് ബംഗാ നേടിയത്. ജയശ്രീ ഉല്ലലിന് 18ാം സ്ഥാനവും. ഇരുവരും ഇന്ത്യന്‍ വംശജരാണ്.

കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനായ നദെല്ല, മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സിനെ പോലെയോ, വ്യക്തി പ്രഭാവമുള്ള സെയില്‍സ് മേധാവിയായ അദ്ദേഹത്തിന്റെ മുന്‍ഗാമി സ്റ്റീവ് ബാമറിനെ പോലെയോ അല്ല. 2014 ല്‍ ഏവരെയും അതിശയിപ്പിച്ചു കൊണ്ടാണ് നദെല്ലയെ സിഇഒ ആയി തെരഞ്ഞെടുക്കപ്പെടുന്നത്.

”എനിക്കെന്നില്‍ പൂര്‍ണമായി വിശ്വാസമുണ്ട്. അതുവഴി മറ്റുള്ളവരില്‍ തിളക്കമാര്‍ന്ന പ്രകടനമുണ്ടാക്കാനും കഴിയും. മികച്ച ടീമിനെ ലഭിച്ചാല്‍ സിഇഒമാര്‍ എന്തു ചെയ്യുന്നുവോ അതു മാത്രം ചെയ്താല്‍ മതി. എനിക്ക് മികച്ച ടീമിനെ ലഭിച്ചിട്ടുണ്ട്” മുമ്പ് നദെല്ല പറഞ്ഞ ഈ വാക്കുകള്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കിയതായും ഫൊര്‍ച്യൂണ്‍ ചൂണ്ടിക്കാണിക്കുന്നു.

ദ്രുതഗതിയില്‍ വികസിക്കുന്ന ലോകത്ത് വിശ്വസ്തയോടെ സാമ്പത്തിക സേവനങ്ങള്‍ കൈകാര്യം ചെയ്യാനാകും വിധം മാസ്റ്റര്‍ കാര്‍ഡിനെ വളര്‍ത്തിയതില്‍ അജയ് ബംഗയുടെ കാഴ്ചപ്പാട് വളരെ വലുതാണെന്ന് ഫൊര്‍ച്യൂണ്‍ വ്യക്തമാക്കി. 2008ല്‍ മേഖലയിലെ എതിരാളികളായ സിസ്‌കോയില്‍ നിന്നും അരിസ്റ്റയില്‍ എത്തിയ ജയശ്രീ ഉല്ലല്‍ കമ്പനിയെ എതര്‍നെറ്റ് സ്വിച്ചസ്, ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് സോഫ്റ്റ്‌വെയര്‍ വിപണിയില്‍ മികച്ച സ്ഥനത്ത് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ പ്രവര്‍ത്തന മൂലധനം സിസ്‌കോയുടെ 28 ശതമാനത്തെ മറികടന്ന് 31.5 ല്‍ എത്തിക്കാനും കഴിഞ്ഞു.

പെര്‍ത്ത് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ടെസ്‌ക്യൂ മെറ്റല്‍ ഗ്രൂപ്പ് സിഇഒ എലിസബത്താണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പ്യൂമ സിഇഒ ജോണ്‍ ഗില്‍ഡണ്‍ (5), ജെപി മോര്‍ഗന്‍ ചേസ് സിഇഒ ജാമി ഡിമോണ്‍ (10,), അക്‌സെഞ്ച്വര്‍ സിഇഒ ജൂലി സ്വീറ്റ് (15), ആലിബാബ സിഇഒ ഡാനിയല്‍ സാംഗ് (16) എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.

Comments

comments

Categories: Business & Economy