അവസാനഘട്ട പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന് 950 കോടി ദിര്‍ഹം നീക്കിവെച്ച് ലോകനേതാക്കള്‍

അവസാനഘട്ട പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന് 950 കോടി ദിര്‍ഹം നീക്കിവെച്ച് ലോകനേതാക്കള്‍
  • ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 108 കോടി ഡോളര്‍ നല്‍കും
  • അവസാന നാഴികക്കല്ലും പിന്നിടുംവരെ പോരാട്ടം തുടരണമെന്ന് ബില്‍ഗേറ്റ്‌സ്

അബുദാബി: പോളിയോ രോഗം ഭൂമുഖത്ത് നിന്നും തുടച്ചുനീക്കുന്നതിനുള്ള ആഗോള യജ്ഞത്തിനായി കോടിക്കണക്കിന് ഡോളര്‍ വാഗ്ദാനം ചെയ്ത് ലോകനേതാക്കള്‍. മൈക്രോസോഫ്റ്റ് സ്ഥാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബില്‍ ഗേസ്റ്റ്‌സ് പങ്കെടുത്ത അബുദാബി ഫോറത്തില്‍ ലോകത്ത് നിന്നും പോളിയോ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള അവസാനഘട്ട പദ്ധതികള്‍ക്കായി ഏതാണ്ട് 9.5 ബില്യണ്‍ ദിര്‍ഹമാണ് (2.6 ബില്യണ്‍ ഡോളര്‍) വിവിധ സര്‍ക്കാരുകളും ചാരിറ്റബിള്‍ സംഘടനകളും വാഗ്ദാനം ചെയ്തത്.

ലോകാരോഗ്യത്തില്‍ പുതിയൊരു കാലഘട്ടം ആരംഭിച്ചിരിക്കുകയാണെന്നും നിരവധി രോഗങ്ങള്‍ ഭൂമുഖത്ത് നിന്നും വിട വാങ്ങിയെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു. പോളിയോ നിര്‍മാര്‍ജനത്തില്‍ ഏറെ പുരോഗതി കൈവരിച്ചെങ്കിലും അവസാന നാഴികകല്ലും പിന്നിടും വരെ പോരാട്ടം തുടരണമെന്നും ബില്‍ഗേറ്റ്‌സ് ആഹ്വാനം ചെയ്തു. പോളിയോ ബാധിതരുടെ എണ്ണം പൂജ്യമായെങ്കിലേ ആശ്വസിക്കാന്‍ വകയുള്ളു. കാരണം വളരെ പെട്ടെന്ന് പകരുന്ന ഒന്നാണ് പോളിയോ. ലോകത്തില്‍ ഒരാളിലെങ്കിലും പോളിയോ വൈറസ് നിലനില്‍ക്കുന്നെടുത്തോളം കാലം നാം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കേണ്ടി വരും. അതിനാല്‍ പോളിയോ നിര്‍മാര്‍ജന യജ്ഞം അവസാനിപ്പിച്ചാല്‍ വീണ്ടും രോഗം പൊട്ടിപ്പുറപ്പെടും. ആയിരക്കണക്കിനാളുകളിലേക്ക് വളരെ വേഗം വൈറസ് പടരും. പോളിയോ മൂലം ശരീരം തളരുമായിരുന്ന 180 ലക്ഷം ആളുകളാണ് പ്രതിരോധ കുത്തിവെപ്പ് മൂലം രക്ഷപ്പെട്ടത്. പോളിയോക്കെതിരായ ഈ അവസാന ചുവടുവെപ്പുകള്‍ കഠിനമാണെന്നതില്‍ സംശയമില്ല. എന്നാല്‍ പോളിയോ ലോകത്ത് നിന്നും തുടച്ചുനീക്കാന്‍ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു. ലോകത്തില്‍ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമാണ് ഇപ്പോഴും പോളിയോ വൈറസ് സാന്നിധ്യമുള്ളത്.

ലോകത്തിലെ ദാരിദ്ര ജനവിഭാഗങ്ങളെ ബാധിക്കുന്ന, തടയാന്‍ കഴിയുന്ന രോഗങ്ങള്‍ക്കെതിരായ ആഗോള നിര്‍മാര്‍ജന പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ബില്‍ഗേറ്റ്‌സ് അടക്കമുള്ള ലോകനേതാക്കള്‍ അബുദാബിയില്‍ വെച്ച് നടന്ന ‘റീച്ചിംഗ് ദ ലാസ്റ്റ് മൈല്‍’ ഫോറത്തില്‍ ഒത്തുകൂടിയത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പരിപാടിയില്‍ പങ്കെടുത്തു.

ബില്‍ ആന്‍ഡ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വഴി പോളിയോ നിര്‍മാര്‍ജനത്തിനായുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 108 കോടി ഡോളറാണ് ബില്‍ഗേറ്റ്‌സ് നല്‍കുക. ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം 160 മില്യണ്‍ ഡോളര്‍ പോളിയോ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കും. റോട്ടറി ഇന്റെര്‍നാഷ്ണല്‍ (150 മില്യണ്‍ ഡോളര്‍), അമേരിക്കന്‍ രാഷ്ട്രീയ നേതാവും ബിസിനസുകാരനുമായ മിഷേല്‍ ബ്ലൂംബര്‍ഗ് (50 മില്യണ്‍ ഡോളര്‍) എന്നിവരും പോളിയോ നിര്‍മാര്‍ജന യജ്ഞത്തില്‍ പങ്കാളികളാകും. ഇവരെ കൂടാതെ നിരലധി ലോകരാജ്യങ്ങളും പോളിയോ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി തുക നീക്കിവെക്കും.

റിവര്‍ ബ്ലൈന്‍ഡ്‌നെസ്, ഗിനി വിര, ട്രക്കോമ തുടങ്ങി മറ്റ് ട്രോപ്പിക്കല്‍ രോഗങ്ങള്‍ക്കെതിരായ പോരാട്ടവും ഫോറത്തില്‍ ചര്‍ച്ചയായി. ലോകത്തില്‍ ഏതാണ്ട് 160 കോടി ജനങ്ങളെയാണ് ഇത്തരം രോഗങ്ങള്‍ ബാധിക്കുന്നത്. അവരില്‍ ഭൂരിഭാഗം ആളുകളും പട്ടിണിയുമായി പടവെട്ടുന്നവരാണ്.

Comments

comments

Categories: Arabia