ചെറുകിട ബിസിനസുകള്‍ക്ക് സൗദിയില്‍ ഉടനടി വര്‍ക്ക് വിസ

ചെറുകിട ബിസിനസുകള്‍ക്ക് സൗദിയില്‍ ഉടനടി വര്‍ക്ക് വിസ

ഇന്‍സ്റ്റന്റ് വര്‍ക്ക്-വിസ സേവനം അടുത്ത മാസം മുതല്‍

റിയാദ്: ചെറുകിട ബിസിനസുകള്‍ക്ക് മാത്രമായി ഇന്‍സ്റ്റന്റ് വര്‍ക്ക്-വിസ പദ്ധതിയുമായി സൗദി അറേബ്യ. തൊഴില്‍ സേവനങ്ങള്‍ക്കുള്ള ഏകീകൃത പ്ലാറ്റ്‌ഫോമായ ക്വിവ മുഖേന അടുത്ത മാസം മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെന്ന് സൗദിയിലെ തൊഴില്‍, സാമൂഹ്യ വികസന വകുപ്പ് മന്ത്രി അഹമ്മദ് അല്‍ രജ്ഹി അറിയിച്ചു.

ചെറുകിട ബിസിനസ് സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ആവശ്യകത തിട്ടപ്പെടുത്തുന്നതിനായി മന്ത്രാലയം നിരവധി പഠനങ്ങള്‍ നടത്തിയതായി മന്ത്രി അറിയിച്ചു. പുതിയ വിസ സേവനം ഇവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പര്യാപ്തല്ലേയെന്നറിയാനാണ് പഠനങ്ങള്‍ നടത്തിയത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വികാസത്തിലുള്ള പങ്കും സൗദി യുവാക്കള്‍ക്കുള്ള ജോലി സാധ്യതയും കണക്കിലെടുത്ത് പുതിയകാല പദ്ധതികള്‍ക്ക് മന്ത്രാലയം പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചെറുകിട ബിസിനസ് ഉടമകള്‍ക്ക് വേണ്ടി മന്ത്രാലയം സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അത്തരം സ്ഥാപനങ്ങളിലെ തൊഴില്‍വൃന്ദത്തെ സ്വദേശവല്‍ക്കരിക്കുന്നതിനായി രാജ്യത്തെ സ്വദേശവല്‍ക്കരണ പദ്ധതിയായ നിതാഖതിന് കീഴില്‍ ചട്ടക്കൂട് അവതരിപ്പിക്കുമെന്നും ഹെയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള സംരംഭകരുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു. പ്രാരംഭ കാലത്ത് ബിസിനസുകള്‍ക്ക് സ്ഥിരതയും തുടര്‍ച്ചയുമേകാന്‍ ഇത്തരം പദ്ധതികള്‍ പ്രയോജനപ്രദമാകും.

നേരത്തെ സൗദിയില്‍ പ്രവര്‍ത്തന സ്ഥിരത നേടിയ, വികസന പദ്ധതികള്‍ നടപ്പിലാക്കുന്ന ബിസിനസുകള്‍ക്കായും മന്ത്രാലയം പ്രത്യേക വിസാ സേവനം ആരംഭിച്ചിരുന്നു.

Comments

comments

Categories: Arabia