ഇന്ത്യ മാടിവിളിക്കുന്നു കമ്പനികളെ

ഇന്ത്യ മാടിവിളിക്കുന്നു കമ്പനികളെ
  • ടെസ്‌ല അടക്കം 324 കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ആലോചന
  • വൈദ്യുതിയും വെള്ളവും റോഡുമടക്കം അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കും
  • ഡിപിഐഐടി തയാറാക്കിയ പദ്ധതി പ്രധാനമന്ത്രിയുടെ പരിഗണനയില്‍

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം തുറന്നിട്ട അനുകൂല സാഹചര്യങ്ങള്‍ മുതലെടുക്കാനുള്ള പദ്ധതി ഇന്ത്യ തയാറാക്കി. ചൈനയില്‍ നിന്ന് കുടിയിറങ്ങുന്ന വമ്പന്‍ ആഗോള കമ്പനികളെയും നിക്ഷേപകരെയും ഉല്‍പ്പാദകരെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തന്ത്രം രൂപീകരിച്ചത്. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും പ്രത്യേക ആനുകൂല്യങ്ങളും നല്‍കി കമ്പനികളെ ഇന്ത്യയിലേക്കെത്തിച്ച് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കുതിപ്പ് നടത്തുകയാണ് ഉദ്ദേശ്യം. ആഭ്യന്തര വ്യാപാര വ്യവസായ പ്രോത്സാഹന വകുപ്പാണ് (ഡിപിഐഐടി) ഇത് സംബന്ധിച്ച കരട് രേഖ തയാറാക്കിയിരിക്കുന്നത്. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്.

ഇലക്ട്രിക് വാഹന രംഗത്തെ വമ്പനായ ടെസ്‌ലയും ബ്രിട്ടീഷ് ആഗോള മരുന്ന് കമ്പനിയായ ഗ്ലാക്‌സോസ്മിത്്‌ക്ലൈനും അടക്കം 324 കമ്പനികള്‍ക്കാണ് വിവിധ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുക. നിര്‍മാണശാലകള്‍ ആരംഭിക്കുന്നതിനായുള്ള സ്ഥലം, ജലലഭ്യത, വൈദ്യുതി, വഴി, ഇവയെല്ലാം ഒരുക്കിനല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. യുഎസ് ബഹുരാഷ്്ട്ര മരുന്ന് കമ്പനിയായ എലി ലില്ലി ആന്‍ഡ് കോ, ദക്ഷിണ കൊറിയ ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ഹന്‍വ കെമിക്കല്‍ കോര്‍പ്, തായ്‌വാനിലെ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ ഹോന്‍ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ വമ്പന്‍മാരും പട്ടികയിലുണ്ട്.

മലേഷ്യയും വിയറ്റ്‌നാമുമടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ യുഎസ്-ചൈന വ്യാപാരയുദ്ധത്തില്‍ നിന്ന് വന്‍നേട്ടങ്ങളുണ്ടാക്കുന്നുണ്ട്. എന്നാല്‍ വഴക്കമില്ലാത്ത തൊഴില്‍ നിയമങ്ങളും ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളും മൂലം ഇന്ത്യയെ ചൈനയ്ക്ക് ബദലായ നിക്ഷേപക കേന്ദ്രമായി പരിഗണിക്കാന്‍ നിക്ഷേപകര്‍ തയാറായിട്ടില്ല. പുതിയ നീക്കത്തിലൂടെ ചുവപ്പുനാടക്കുരുക്കുകള്‍ ഒഴിവാക്കി രാജ്യത്തെ അങ്ങേയറ്റം ബിസിനസ് സൗഹൃദ മേഖലയായി അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ആറുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക് കഴിഞ്ഞപാദത്തില്‍ രേഖപ്പെടുത്തിയ രാജ്യത്തിന് ഊര്‍ജം പകരാനും 2025 ആവുമ്പോഴേക്ക് 5 ട്രില്യണ്‍ ഡോളറിലേക്ക് സമ്പദ് വ്യവസ്ഥയെ വളര്‍ത്താനും സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. 2017 മുതല്‍ രാജ്യം ലോകബാങ്കിന്റെ വ്യവസായസൗഹൃദ പട്ടികയില്‍ 37 സ്ഥാനങ്ങള്‍ മുന്നേറി 63 ാം സ്ഥാനത്തെത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും റുവാണ്ടയും കൊസോവോയ്ക്കുമെല്ലാം പിന്നിലാണ്. ഈ സാഹചര്യത്തിന് ഏറ്റവും വേഗം മാറ്റം വരുത്താനാണ് തീരുമാനം.

നിര്‍ണായകം

യുഎസിന്റെ താരിഫ് പ്രഹരത്തില്‍ പുളയുന്ന ചൈനയുടെ മണ്ണില്‍ നിന്ന് ഉല്‍പ്പാദന ശാലയെ അനുകൂല സ്ഥലത്തേക്ക് പറിച്ചുനടാന്‍ ആഗോള സ്ഥാപനങ്ങളെല്ലാം ആഗ്രഹിക്കുന്നുണ്ട്. വളക്കൂറുള്ള മണ്ണ് ഏഷ്യയില്‍ തന്നെയാണ് തേടുന്നത്. സ്ഥലസൗകര്യവും നിപുണരായ തൊഴിലാളികളുമുള്ള ഇന്ത്യയ്ക്ക് ഈ പദ്ധതികളില്‍ മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ കടുത്ത വെല്ലുവിളിയുയര്‍ത്തുന്നു. ഇന്ത്യയേക്കാള്‍ വേഗം ചുവപ്പുനാടക്കുരുക്കുകള്‍ ഒഴിവാക്കി നല്‍കാന്‍ ഈ രാജ്യങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പുതിയ പദ്ധതിയനുസരിച്ച്, കമ്പനികള്‍ക്ക് ഇന്ത്യയിലെത്തുന്നതിന് പിന്നാലെ അതിവേദം ഉല്‍പ്പാദനശാല ആരംഭിക്കാന്‍ ഒരു ഭൂ ബാങ്ക് സര്‍ക്കാര്‍ തയാറാക്കും. നിക്ഷേപ തലത്തിലും പ്രാദേശികമായും ഇളവുകള്‍ ഇതിനൊപ്പം നല്‍കും. അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി നികുതികളിലും ഇളവുകള്‍ ലഭിക്കും. ഇവി, ഇലക്ട്രോണിക്‌സ്, ടെലികോം, ഫാര്‍മ കമ്പനികളെ ഉദ്ദേശിച്ചാണ് കൂടുതല്‍ ഇളവുകളും നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.

Categories: Business & Economy, Slider