ബെര്‍ലിന്‍ മതിലിനൊപ്പം പൊളിഞ്ഞുവീണ ഇരുമ്പ് മറകള്‍

ബെര്‍ലിന്‍ മതിലിനൊപ്പം പൊളിഞ്ഞുവീണ ഇരുമ്പ് മറകള്‍

ശീതയുദ്ധകാലത്തെ ഇരുമ്പുമറകളുടെ പ്രതീകമായിരുന്നു കിഷക്കന്‍, പടിഞ്ഞാറന്‍ ജര്‍മനികള്‍ക്കിടയില്‍ കെട്ടിയുയര്‍ത്തപ്പെട്ട ബെര്‍ലിന്‍ മതില്‍. ശീതയുദ്ധത്തിന്റെ അന്ത്യത്തിന് ആരംഭം കുറിച്ചുകൊണ്ട് ആ മതില്‍ തകര്‍ന്നതിന് ഈ മാസം 30 ആണ്ട് തികഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 1989 നവംബര്‍ 9 നാണ് ബര്‍ലിന്‍ മതില്‍ പൊളിച്ച് ഇരു ജര്‍മനികളും ഏകീകരിക്കപ്പെട്ടത്. ലോക രാഷ്ട്രീയത്തെ തന്നെ മാറ്റിമറിച്ച സുപ്രധാന സംഭവമായാണ് മതിലിന്റെ പതനത്തെ ഗണിക്കുന്നത്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണ് ഇരുമ്പ് മറ (Iron Curtain) എന്ന പ്രയോഗം പ്രചാരത്തിലാക്കിയത്. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന സ്വാതന്ത്ര്യ രാഹിത്യവും മനുഷ്യാവകാശ ലംഘനങ്ങളും ആ ചേരിയിലുള്ള രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ പശ്ചാത്യലോകത്തിനുള്ള അജ്ഞതയുടേയുമെല്ലാം ആകെ തുകയായിരുന്നു ചര്‍ച്ചിലിന്റെ ഇരുമ്പു മറ പ്രയോഗം. അമേരിക്കയിലെ മിസോറി സംസ്ഥാനത്തെ ഫുള്‍ട്ടണ്‍ സര്‍വകലാശാലയില്‍ 1946 മാര്‍ച്ച് മാസത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് കമ്യൂണിസ്റ്റ് ചേരി രാജ്യങ്ങള്‍ക്കെതിരെ ഇരുമ്പുമറ പ്രയോഗം അദ്ദഹം നടത്തിയത്. 1961 ല്‍ നിര്‍മാണമാരംഭിച്ച ബര്‍ലിന്‍ മതിലാകട്ടെ ശീതയുദ്ധത്തിന്റെയും ഇരുമ്പ് മറയുടെയും പ്രത്യക്ഷ മുദ്രയുമായിത്തീര്‍ന്നു.

രണ്ടാം ലോക മഹായുദ്ധാനന്തരം വിഭജിതമായ കമ്യൂണിസ്റ്റ് ജര്‍മനിയേയും (ജര്‍മന്‍ ജനാധിപത്യ റിപ്പബഌക് അഥവാ കിഴക്കന്‍ ജര്‍മനി) മുതലാളിത്തത്തെ വരിച്ച് അമേരിക്കന്‍ പിന്തുണയോടെ നിലകൊണ്ട പടിഞ്ഞാറന്‍ ജര്‍മനിയേയും (ജര്‍മന്‍ ഫെഡറല്‍ റിപ്പബഌക്) തമ്മില്‍ വേര്‍തിരിച്ചുകൊണ്ടുള്ള മതിലാണ് 1989 കളോടെ തകര്‍ന്നുവീണത്. കമ്മ്യൂണിസ്റ്റ് ആധിപത്യ രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള നൈപുണ്യം നേടിയ വിദഗ്ധ തൊഴിലാളികളുടെ, മുതലാളിത്ത രാജ്യങ്ങളിലേക്കുള്ള ഒഴുക്ക് തടയുകയായിരുന്നു ബര്‍ലിന്‍ മതിലിന്റെ പ്രാഥമിക ചുമതല. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും അവസരങ്ങള്‍ നുണയുന്നതിനായി നൂറുകണക്കിന് കിഴക്കന്‍ ജര്‍മന്‍ പൗരന്‍മാര്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുക തന്നെ ചെയ്തു. 138 പേരാണ് മതില്‍ ചാട്ടവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്.

വാള്‍ട്ടര്‍ ലിപ്മാനെ പോലെയുള്ള അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ പ്രചാരത്തില്‍ കൊണ്ടുവന്ന ‘ശീതയുദ്ധം’ എന്ന സംജ്ഞയുടെ പ്രതീകാത്മക ബിംബം തന്നെയായിരുന്നു ബര്‍ലിന്‍ മതില്‍. 1987 ല്‍ അന്നത്തെ സോവിയറ്റ് യൂണിയന്‍ നേതാവായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവും അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ബര്‍ലിന്‍ മതിലിന്റെ തകര്‍ക്കല്‍ ആദ്യമായി അജണ്ടയിലേക്ക് വന്നത്. ഹോളിവുഡില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയ റീഗനും സോവിയറ്റ് യൂണിയന്റെ അവസാനത്തെ ഭരണാധികാരി ഗോര്‍ബച്ചേവും വഴിമരുന്നിട്ട ശീതയുദ്ധത്തിന്റെ അന്ത്യം രണ്ട് വര്‍ഷത്തിന് ശേഷം യാഥാര്‍ത്ഥ്യമാകുകയായിരുന്നു. മതിലിന്റെ പതനത്തോടെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റ് എന്ന ബര്‍ലിന്‍ നഗരത്തിന്റെ ചരിത്ര പ്രതിരൂപം ഇരു ജര്‍മനികളുടെയും എകീകരണത്തിന്റെ പ്രതീകം കൂടിയായി.

സോവിയറ്റ് യൂണിയന്റെ പ്രതാപ കാലത്ത് കിഴക്കന്‍ ജര്‍മ്മനി, പോളണ്ട്, ഹംഗറി, ചെക്കോസ്ലോവാക്യ എന്നീ രാജ്യങ്ങളെല്ലാം വാഴ്‌സ സൈനിക ഉടമ്പടിയില്‍ പങ്കാളികളായിരുന്നു. ഇതിനെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ബ്രസല്‍സ് ആസ്ഥാനമായ നാറ്റോയിലും. ബെര്‍ലിന്‍ മതിലിന്റെ സംരക്ഷണവും കിഴക്കന്‍ ജര്‍മനിയുടെ സുരക്ഷയും അതുകൊണ്ട് തന്നെ വാഴ്‌സ ഉടമ്പടിയുടെ ലക്ഷ്യങ്ങളിലൊന്നും ആയിരുന്നു. 156.4 കിലോമീറ്റര്‍ (97.2 മൈല്‍) നീളത്തില്‍ കെട്ടിപ്പൊക്കിയ ബെര്‍ലിന്‍ മതിലിന്റെ പതനം ഇരു ജര്‍മനികള്‍ക്കുമിടയിലെ പ്രതിബന്ധത്തിന്റെ മാത്രമല്ല, ശീതയുദ്ധത്തിന്റെയും ഇരുമ്പുമറകളുടെയും പതനത്തിന്റെ കൂടി ആരംഭമായിരുന്നു.

Categories: FK Special, Slider
Tags: Berlin wall