എണ്ണവില വര്‍ധനവിനെതിരായ പ്രക്ഷോഭത്തില്‍ ഇറാനില്‍ 106 പേര്‍ കൊല്ലപ്പെട്ടു: ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍

എണ്ണവില വര്‍ധനവിനെതിരായ പ്രക്ഷോഭത്തില്‍ ഇറാനില്‍ 106 പേര്‍ കൊല്ലപ്പെട്ടു: ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍
  • പെട്രോള്‍ റേഷനിംഗിനെതിരെ രാജ്യവ്യാപക പ്രതിഷേധം
  • ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പ്രതിഷേധകരെ അറസ്റ്റ് ചെയ്തുനീക്കി

ടെഹ്‌റാന്‍: എണ്ണവില വര്‍ധനവിനെതിരെ ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് നൂറിലധികം ആളുകളെന്ന് ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍ റിപ്പോര്‍ട്ട്. അങ്ങേയറ്റം ബലം പ്രയോഗിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങളെ ഇറാന്‍ സേന എതിരുടുന്നതെന്നും യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പെട്രോള്‍ സബ്‌സിഡികള്‍ വെട്ടിക്കുറക്കാനും പെട്രോളിന് റേഷനിംഗ് ഏര്‍പ്പെടുത്താനുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കാണ് ഇറാന്‍ വേദിയാകുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ഇന്ധന വില ഇരട്ടിയായി. എണ്ണവില വര്‍ധനവിലൂടെ ലഭിക്കുന്ന അധിക തുക രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനായി വിനിയോഗിക്കുമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ അവകാശവാദം. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് മേലുള്ള പ്രഹരമാണ് പെട്രോള്‍ വില വര്‍ധനവെന്നാണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പറയുന്നത്.

വിശ്വസീനിയമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പ്രക്ഷോഭം നടക്കുന്ന 21 നഗരങ്ങളിലായി 106 പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള കണക്കുകള്‍. എന്നാല്‍ 200 പേര്‍ വരെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ ആംനെസ്റ്റി പറയുന്നു. ആശയ വിനിമയ സംവിധാനങ്ങള്‍ക്കും ഇന്റെര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ ഇറാനില്‍ നടക്കുന്ന കലാപങ്ങളുടെ വ്യാപ്തി ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ആംനെസ്റ്റി പറയുന്നു. ആക്രമ വിവരങ്ങള്‍ രാജ്യത്തിന് പുറത്ത് പോകാതിരിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണങ്ങള്‍ ഇറാന്‍ അധികൃതര്‍ അവസാനിപ്പിക്കണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു.

അതേസമയം പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ഏകദേശ സംഖ്യ സംബന്ധിച്ച് ഇറാന്‍ ഇതുവരെ പ്രതികരണത്തിന് തയാറായിട്ടില്ല. എന്നാല്‍ ടെഹ്‌റാന് സമീപം പ്രക്ഷോഭകാരികളാല്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി അര്‍ദ്ധ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎസ്എന്‍എ റിപ്പോര്‍ട്ട് ചെയ്തു. അറേബ്യന്‍ മാധ്യമമായ അല്‍ജസീറയുടെ കണക്കുപ്രകാരം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 11 പേരാണ് പ്രതിഷേധങ്ങള്‍ക്കിടെയുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

ആക്രമണങ്ങള്‍ക്ക് സാക്ഷികളായവര്‍, രാജ്യത്തിനകത്തുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, രാജ്യത്തിന് പുറത്തുള്ള വിശ്വസിനീയ വൃത്തങ്ങള്‍ എന്നിവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ആംനെസ്റ്റിയുടെ ഇറാന്‍ മേഖലാ ഗവേഷകയായ റാഹ ബഹ്‌റൈനി പറഞ്ഞു. രാജ്യത്തുടനീളം അതിഭീകരമായ രീതിയില്‍ നിയമനിരുദ്ധ കൊലപാതകങ്ങള്‍ നടക്കുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും റാഹ പറഞ്ഞു. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് വന്‍ അക്രമമാണ് അഴിച്ചുവിടുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയും കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടതായി ആംനെസ്റ്റി അവകാശപ്പെട്ടു. ഒരാഴ്ചയോളമായി തുടരുന്ന സമരങ്ങളില്‍ ഇതുവരെ ആയിരത്തോളം പ്രതിഷേധകരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദിവസങ്ങള്‍ നീണ്ട അക്രമ സംഭവങ്ങള്‍ക്കൊടുവില്‍ രാജ്യം സമാധാനം തിരികെ പിടിച്ചതായി ഇറാനിലെ നീതിന്യായ വക്താവ് ഗുലാംഹുസ്സൈന്‍ ഇസ്‌മൈലി കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ രാജ്യത്ത് നടക്കുന്ന ഈ രക്തച്ചൊരിച്ചിലുകളില്‍ സര്‍ക്കാരിനുള്ള പങ്ക് വെളിച്ചത്ത് കൊണ്ടുവരാന്‍ ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍ ആവശ്യപ്പെട്ടു.

Comments

comments

Categories: Arabia
Tags: Iran protest