ഇന്ത്യയില്‍ ഷഓമി തന്ത്രം മാറ്റുന്നു; ഉല്‍പ്പാദനം വൈവിധ്യവല്‍ക്കരിക്കും

ഇന്ത്യയില്‍ ഷഓമി തന്ത്രം മാറ്റുന്നു; ഉല്‍പ്പാദനം വൈവിധ്യവല്‍ക്കരിക്കും
  • സ്മാര്‍ട്ട്‌ഫോണ്‍ കൂടാതെ മറ്റ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും തദ്ദേശീയമായി നിര്‍മിക്കും
  • കൂടുതല്‍ നികുതി ഇളവുകള്‍ ആവശ്യപ്പെട്ട് കമ്പനി
  • ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും പുതിയ തലത്തിലെത്തിക്കാന്‍ ഷഓമി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷഓമി പുതുതന്ത്രങ്ങള്‍ പയറ്റാനൊരുങ്ങുന്നു. സ്മാര്‍ട്ട്‌ഫോണിന് പുറമെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും തദ്ദേശീയമായി നിര്‍മിച്ച് കയറ്റുമതി വ്യാപിപ്പിക്കാനാണ് ചൈനീസ് കമ്പനിയുടെ ലക്ഷ്യം. കൂടുതല്‍ നികുതി ഇളവുകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് ഷഓമി.

നിലവില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന ഷഓമി സ്‌മോര്‍ട്ട്‌ഫോണുകള്‍ ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചെറിയത തോതില്‍ കയറ്റി അയക്കുന്നുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്താനും മനു ജെയ്ന്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ വിഭാഗം ശ്രമിക്കുന്നുണ്ട്. വിയറബിള്‍സ്, പ്യൂരിഫയറുകള്‍, സ്മാര്‍ട്ട് കാമറകള്‍ തുടങ്ങിയവ തദ്ദേശീയമായി തന്നെ ഉല്‍പ്പാദിപ്പിക്കാനാണ് ഷഓമിയുടെ ശ്രമമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുരളീകൃഷ്ണന്‍ ബി അടുത്തിടെ പറഞ്ഞിരുന്നു. പരമാവധി തദ്ദേശീയ ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഒരു സ്മാര്‍ട്ട്‌ഫോണിന്റെ 65 ശതമാനത്തോളം ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നുണ്ട് ഷഓമി ഇപ്പോള്‍. തയ് വാനീസ് കമ്പനിയായ ഫോക്‌സ്‌കോണുമായി സഹകരിച്ചാണ് നിര്‍മാണം. ഷഓമി ഫോണുകള്‍ നിര്‍മിക്കുന്നതിന് മാത്രമായി ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയില്‍ ഫോക്‌സ്‌കോണിന് 30 ഏക്കറിന്റെ പ്ലാന്റുണ്ട്. ഏകദേശം 15,000ത്തോളം പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 87 ശതമാനം പേരും ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

സെക്കന്‍ഡില്‍ മൂന്ന് ഫോണുകളാണ് ഷഓമി നിര്‍മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ശ്രീ സിറ്റിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ കൂടാതെ തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരിലും ഷഓമിക്ക് നിര്‍മാണ യൂണിറ്റുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിന്റെ കാര്യത്തില്‍ ഇന്ത്യ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വലിയ കുതിപ്പാണുണ്ടാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്ത്യന്‍ വിപണിയുടെ വലിയ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഷഓമി. ഐഡിസി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് മൂന്നാം പാദത്തില്‍ 27.1 ശതമാനം വിപണി വിഹിതമാണ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഷഓമി നേടിയിരിക്കുന്നത്. സ്മാര്‍ട്ട് ടിവി വിപണിയില്‍ കമ്പനിയുടെ വിഹിതം 32 ശതമാനം വരും. ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഫിറ്റ്‌നസ് ഉല്‍പ്പന്നങ്ങളുടെ രംഗത്ത് 39 ശതമാനമെന്ന വലിയ വിപണി വിഹിതവും ചൈനീസ് കമ്പനിക്കുണ്ട്.

2014-2019 കാലയളവില്‍ ഇന്ത്യയില്‍ 100 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് ഷഓമിയുടെ ചരക്ക്‌നീക്കത്തില്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ 28 മുതല്‍ ഒക്‌റ്റോബര്‍ 29 വരെയുള്ള ഉല്‍സവ സീസണില്‍ കമ്പനി വിറ്റഴിച്ചതാകട്ടെ 12 ദശലക്ഷം ഉപകരണങ്ങളും. ഈ കാലയളവില്‍ മാത്രം ഷഓമി 600,000 സ്മാര്‍ട്ട് ടിവികള്‍ വിറ്റു.

100 മില്യണ്‍

2014-19 കാലയളവില്‍ ഷഓമിയുടെ ഇന്ത്യയിലെ ചരക്ക്‌നീക്കം

12 മില്യണ്‍

ഈ വര്‍ഷം ഉല്‍സവ സീസണില്‍ മാത്രം ഷഓമി വിറ്റ ഉപകരണങ്ങള്‍ 12 ദശലക്ഷം

27.1%

മൂന്നാം പാദത്തില്‍ ഷഓമിയുടെ സ്മാര്‍ട്ട് ഫോണ്‍ മേഖലയിലെ വിപണി വിഹിതം 27.1 ശതമാനം

32 %

സ്മാര്‍ട്ട് ടിവി വിപണിയില്‍ കമ്പനിയുടെ വിഹിതം 32 ശതമാനം വരും

Comments

comments

Categories: FK News
Tags: Xiaomi

Related Articles