വനിതാനേതാക്കള്‍ കുറയുന്ന ഇന്ത്യന്‍ രാഷ്ട്രീയ രംഗം

വനിതാനേതാക്കള്‍ കുറയുന്ന ഇന്ത്യന്‍ രാഷ്ട്രീയ രംഗം

ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടര്‍മാരും അവരുടെ അടുത്ത തലമുറയിലെ വനിതാ നേതാക്കളെ കണ്ടെത്തുന്നുണ്ടോ എന്ന് ചോദിക്കാനുള്ള ശരിയായ സമയം ഇതാണ്. സോണിയ ഗാന്ധി-മായാവതി-മമത ബാനര്‍ജി-ജയലളിത തുടങ്ങിയ ശക്തരായ വനിതാ നേതാക്കളുടെ ഒരു നിരയ്ക്കു ശേഷം ഭാവിയില്‍ അത്തരമൊരു നേതാവാകനുള്ളവരുടെ പേരുകള്‍ ചുരുങ്ങി വരികയാണ്. ഇതില്‍ ജയലളിത ഇന്നില്ല. പകരം ഒരു വനിതാ നേതാവിനെ എഐഎഡിഎംകെയില്‍ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നുമില്ല. ഭാവിയില്‍ ഇവരേപ്പോലെ ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള വനിതാ നേതാക്കളുടെ എണ്ണം ഇല്ല എന്നുതന്നെ പറയേണ്ടിവരും.

ഇന്ന് പുതിയ തലമുറയിലെ രാഷ്ട്രീയക്കാരുടെയും നേതാക്കളുടെയും ഇടയില്‍ കൂടുതലും പുരുഷന്‍മാരാണ്. അവരാണ് സ്ത്രീകള്‍ക്കുവേണ്ടിയും സംസാരിക്കുന്നത്. വനിതാ നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോക്കമാണ്. പുരുഷാധിപത്യമുള്ള ഈ മേഖല വിട്ടുനല്‍കാന്‍ ഇന്ന് അവര്‍ മടിക്കുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ വനിതാ നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇന്നുള്ള വനിതാ നേതാക്കളും താല്‍പ്പര്യപ്പെടുന്നില്ലെന്ന് കാണാം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് വഴിയൊരുക്കുന്നത് ഇന്ന് വളരെ കഠിനമായ പ്രവര്‍ത്തിയാണ്. ഇവിടെ രാഷ്ട്രീയം വര്‍ഗീയത, സ്വജന പക്ഷപാതം, ചൂഷണ ആരോപണങ്ങള്‍ എന്നിവകൊണ്ട് വലയം ചെയ്യപ്പെടുകയാണ്. ഇവിടേക്ക് എത്തുന്നതില്‍ വനിതകള്‍ക്ക് മേല്‍പ്പറഞ്ഞ വസ്തുതകളും ഒരു തടസമായി നില്‍ക്കുന്നു. വോട്ടര്‍മാര്‍, തൊഴില്‍ ശക്തി, ജനസംഖ്യ എന്നിവയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതിനാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒരു വനിതാ നേതാവിന്റെ സാധ്യതകള്‍ പരിശോധിക്കപ്പെടേണ്ടത്.

ഇന്നുള്ള വനിതാ നേതാക്കള്‍ താല്‍പ്പര്യമില്ലാത്തവരോ അല്ലെങ്കില്‍ സ്വന്തം അല്ലെങ്കില്‍ സ്വന്തം പ്രതിച്ഛായയുടെ ഇരകളോ ആണെന്ന് തോന്നുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കാര്യം പരിഗണിച്ചാല്‍ ബിജെപിയുടെ രണ്ട് വനിതാ നേതാക്കളായ കേന്ദ്രമന്ത്രിമാരാണ് സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍ എന്നിവര്‍. നിര്‍മല സീതാരാമന്‍ ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് വളരെ അകലെയാണ്. അവര്‍ക്ക് ബഹുജന അടിത്തറയില്ല. കൂടാതെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാര്യമായ സംഭാവനകളൊന്നും നല്‍കിയിട്ടില്ലെന്നും പറയേണ്ടിവരും. ധനമന്ത്രിയെന്ന നിലയില്‍ അവര്‍ തന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നു എന്ന് പറയാനുമാവില്ല. അതേസമയം സ്മൃതി ഇറാനി വളരെയധികം വാഗ്ദാനങ്ങളും സാധ്യതകളും ഉയര്‍ത്തുന്നുണ്ട്. അതിനുദാഹരണമാണ് അമേഠി. അമേഠിയെ ഗാന്ധികുടുംബത്തില്‍നിന്ന് തട്ടിയെടുക്കുന്നതിലൂടെ അവര്‍ തെരഞ്ഞെടുപ്പ് വൈദഗ്ധ്യവും ചടുലതയും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനം ഇനിയും ഉയരേണ്ടതുണ്ട്.

ഇവിടെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന നേതാവാണ് പ്രിയങ്കാ ഗാന്ധി. എന്നാല്‍ നേതാവായി അവര്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുകയായിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനമനശാസ്ത്രത്തെക്കുറിച്ചുമെല്ലാം വായിച്ചുള്ള അറിവാകും അവര്‍ക്കുണ്ടാകുക. അല്ലെങ്കില്‍ നേതാക്കളോ വിദഗ്ധരുടെയോ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാകും പ്രവര്‍ത്തനം. ഒരു യഥാര്‍ത്ഥ നേതാവാകാന്‍ ഇതൊന്നും പോരാ എന്നതിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉദാഹരണമാണ്. പ്രിയങ്ക ഗാന്ധി ഇപ്പോള്‍ കുടുംബത്തിന്റെ പേരുള്ള ഒരു കുമിളയിലാണ് ജീവിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ദിരാഗാന്ധിയുമായുള്ള സാമ്യം മാത്രം പോരാ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ എന്ന വസ്തുത കോണ്‍ഗ്രസ് മനസിലാക്കേണ്ടതുണ്ട്. ഗാന്ധികുടുംബത്തെ എന്നും ജനം പിന്തുണയ്ക്കും എന്നത് മിഥ്യാധാരണ മാത്രമാണ്. ഇതില്‍നിന്നും അവര്‍ പുറത്തുകടക്കേണ്ടതുണ്ട്. നിലവില്‍ പ്രിയങ്കക്ക് ആദ്യമായി എംപി ആയ വിവിധ പാര്‍ട്ടികളിലെ നേതാക്കളെക്കാള്‍ പരിഗണന ലഭിക്കുന്നു. ഇത് അവരുടെ ആത്മാര്‍ത്ഥമായ രാഷ്ട്രീയപ്രവര്‍ത്തനത്തെ തടയുക മാത്രമാണ് ചെയ്യുക. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍, ഇന്ത്യയില്‍ വനിതാ രാഷ്ട്രീയ നേതാക്കള്‍ എണ്ണത്തില്‍ കുറവായിരിക്കാം. പക്ഷേ ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ അവര്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് മറക്കാന്‍ പാടില്ല.

തമിഴ്‌നാട്ടില്‍ 1991 മുതല്‍ 15 വര്‍ഷത്തോളമാണ് ജയലളിത മുഖ്യമന്ത്രിയായി ഭരിച്ചത്. ഒപ്പം ക്ഷേമരാഷ്ട്രീയത്തിലെ ഏറെ പ്രിയപ്പെട്ട ഒരു ബഹുജന നേതാവായി അവര്‍ മാറി. ഇക്കാരണംകൊണ്ടാണ് ജനം അവരെ അമ്മ എന്ന് അഭിസംബോധന ചെയ്തിരുന്നത്. എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടുന്ന വ്യക്തിത്വമായി അവര്‍മാറി. കൂടാതെ ഡെല്‍ഹിമുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് മറ്റൊരു ഉയര്‍ന്ന വനിതാ നേതാവായിരുന്നു. മൂന്ന് തവണ അവര്‍ മുഖ്യമന്ത്രിയായി. ഡെല്‍ഹിയെ യഥാര്‍ത്ഥത്തില്‍ പരിവര്‍ത്തനം ചെയ്ത ഒരു നേതാവായിരുന്നു അവര്‍. ഇതുകൂടാതെ ഇന്ത്യയുടെ ചിരിക്കുന്ന മുഖമായി വളര്‍ന്ന നേതാവാണ് സുഷമാ സ്വരാജ്. അവര്‍ വിദേശകാര്യമന്ത്രാലയത്തെ ഓരോ പ്രവാസിയുടെയും സമീപത്ത് എത്തിച്ചു. എപ്പോള്‍ സഹായമഭ്യര്‍ത്ഥിച്ചാലും അവര്‍ സഹായഹസ്തം നീട്ടാന്‍ മടിച്ചില്ല. വാജ്പേയി-അദ്വാനി, മോദി-ഷാ എന്നിവരുടെ കീഴിലുള്ള ആക്രമണാത്മക ബിജെപിയില്‍ അവര്‍ സ്വന്തമായി തന്റെ ഇരിപ്പടം കണ്ടെത്തിയിരുന്നു എന്നതില്‍ സംശയമില്ല.

സോണിയ ഗാന്ധിയും ഉയര്‍ന്നുവന്നത് കുടുംബത്തിന്റെ പിന്‍ബലത്തിലാണ്. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ പ്രതിസന്ധികളെ നേരിട്ട സമയത്ത് അവര്‍ ഉയിര്‍ത്തെഴുന്നേറ്റു.അത് പാര്‍ട്ടിയെ പലനേട്ടങ്ങളും കൈവരിക്കാന്‍ സഹായിക്കുകയും ചെയ്തു. രണ്ട് പതിറ്റാണ്ടിനുശേഷം പാര്‍ട്ടി വീണ്ടും താഴേത്തട്ടിലേക്ക് പോയപ്പോള്‍ തന്റെ മകന്റെ പക്കല്‍ നിന്നും അധ്യക്ഷ സ്ഥാനം വീണ്ടും അവര്‍ സ്വീകരിച്ചു. സോണിയയാണ് സഖ്യരാഷ്ട്രീയത്തിന്റെ കല കോണ്‍ഗ്രസിനെ പഠിപ്പിച്ചത്.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് ഇന്ത്യ കണ്ട ധീരവും നിര്‍വചനാവുമായ മറ്റ് രണ്ട് വനിതാ രാഷ്ട്രീയ നേതാക്കള്‍. മായാവതി ദലിത് സമുദായത്തിന് ശബ്ദം നല്‍കി. ബഹുജന്‍ സമാജ് പാര്‍ട്ടിയെ (ബിഎസ്പി) ദലിത് സമൂഹത്തെ ഒരു തെരഞ്ഞെടുപ്പ് പ്രതിഭാസമാക്കി മാറ്റി. അടുത്ത കാലത്തായി അവരുടെ ഭാഗ്യം കുറഞ്ഞുവെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയവരില്‍ ഒരാള്‍ മായാവതിയാണ് എന്ന് വിലയിരുത്താനാകും.

തെരുവ് പോരാളിയായാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ എതിരാളികള്‍ വിലയിരുത്തുന്നത്. അവരുടെ പ്രസംഗങ്ങള്‍ തെരുവുകളിലെ സാധാരണക്കാരെ മാറ്റാന്‍ ശേഷിയുള്ളതായിരുന്നു. എന്തു പ്രശ്‌നവും അവര്‍ ജനങ്ങള്‍ക്കുമുന്നില്‍ ചര്‍ച്ചക്ക് വെച്ചു. ഈ രീതിയില്‍ മമത ബാനര്‍ജി പലവിധത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തെ പുനര്‍നിര്‍വചിച്ചു. പശ്ചിമ ബംഗാളിലെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ഭരണം അവസാനിപ്പിച്ചത് അവരുടെ പോരാട്ടത്തിന്റെ ഫലമാണ്. അപ്രാപ്യമെന്ന് പലരും കരുതിയിരുന്ന കാര്യങ്ങള്‍ അവര്‍ നടപ്പാക്കി. ഇന്ന്, മോദി തരംഗത്തിന് മുന്നില്‍ നിലകൊള്ളുന്ന ചുരുക്കം പ്രതിപക്ഷ നേതാക്കളില്‍ ഒരാളാണ് അവര്‍. സുഷമസ്വരാജും ഷീലാ ദീക്ഷിതും ജയലളിതയും കാലയവനികക്കുള്ളില്‍ മറഞ്ഞ ശേഷമുള്ള സോണിയ, മായാവതി, മമത കാലഘട്ടങ്ങള്‍ പിന്നോട്ടു പോകുന്നതായാണ് അനുഭവപ്പെടുന്നത്. ഇനിഏതു വനിതാ നേതാവാണ് ഉയര്‍ന്നു വരിക എന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചോദ്യമായി അവശേഷിക്കുന്നു.

രാഷ്ട്രീയം പുരുഷന്‍മാര്‍ക്ക് അനായാസമാണ് എന്ന നിര്‍ഭാഗ്യകരമായ സത്യമാണ് ഇവിടെ വെളിച്ചത്തുവരുന്നത്. ചെറുപ്പക്കാരായ നേതാക്കള്‍ക്ക് പ്രത്യേക പരിഗണനയും അവസരവും ലഭിക്കുന്നു. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, ജഗന്‍ മോഹന്‍ റെഡ്ഡി, സച്ചിന്‍ പൈലറ്റ്, ദുഷ്യന്ത് ചൗതാല, ആദിത്യ താക്കറെ തുടങ്ങിയവര്‍ ഇതിനുദാഹരണമാണ്. ലിസ്റ്റ് ദൈര്‍ഘ്യമേറിയതും ഉദാഹരണസമൃദ്ധവുമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുരുഷന്മാര്‍ക്ക് സ്ത്രീ ശാക്തീകരണത്തിനായി പ്രസംഗം തുടരാന്‍ കഴിയും. എന്നാല്‍ സ്ത്രീകള്‍ സ്വന്തം നിലയില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ബ്രിട്ടനിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ ഏറ്റവും പ്രസിദ്ധമായ ഉദ്ധരണികളില്‍ ഒന്ന് ”നിങ്ങള്‍ക്ക് എന്തെങ്കിലും പറയണമെങ്കില്‍ ഒരു പുരുഷനോട് ചോദിക്കുക; നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍, ഒരു സ്ത്രീയോട് ചോദിക്കുക ‘ എന്നതാണ്. അത് ഇന്ന്് ഈ നാട്ടില്‍ വളരെ പ്രസക്തമാണ്.

Comments

comments

Categories: Politics, Top Stories