റിലയന്‍സ് വിപണി മൂലധനം 9.5 ലക്ഷം കോടി

റിലയന്‍സ് വിപണി മൂലധനം 9.5 ലക്ഷം കോടി

നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മുകേഷ് അംബാനിയുടെ ആര്‍ഐഎല്‍

ന്യൂഡെല്‍ഹി: വിപണി മൂലധനം 9.5 ലക്ഷം കോടി കടത്തുന്ന രാജ്യത്തെ ആദ്യ കമ്പനിയായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍, പ്രതിഓഹരി മൂല്യം 3.5% ഉയര്‍ന്ന് 1,509 രൂപയിലെത്തിയതോടെയാണ് കമ്പനി നിര്‍ണായക നേട്ടമുണ്ടാക്കിയത്. കഴിഞ്ഞമാസം വിപണി മൂലധനം 9 ലക്ഷം കടത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന റെക്കോഡും ആര്‍ഐഎല്‍ സ്വന്തമാക്കിയിരുന്നു.

ടെലികോം കമ്പനിയായ ജിയോയുടെ പ്രകടനം റിലയന്‍സിന്റെ കുതിപ്പിന് ഊര്‍ജമായി. ഡിസംബര്‍ മുതല്‍ രകോള്‍, ഡാറ്റ താരീഫ് വര്‍ധന പ്രഖ്യാപിച്ച വോഡ-ഐഡിയ, എയര്‍ടെല്‍ നടപടിയോടെ ജിയോയുടെ ഓഹരിമൂല്യം ഉയര്‍ന്നു. കൂടുതല്‍ വരിക്കാരെ ജിയോയ്ക്ക് കിട്ടുമെന്ന പ്രതീക്ഷയാണ് ഗുണം ചെയ്തത്. നടപ്പ് വര്‍ഷം 34% മുന്നേറ്റമാണ് റിലയന്‍സ് ഓഹരികള്‍ നടത്തിയിരിക്കുന്നത്. വിപണി വളര്‍ച്ചയെ കവച്ചു വെക്കുന്ന പ്രകടനമാണിത്.
സെപ്തംബര്‍ പാദത്തില്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.3% വളര്‍ച്ചയുമായി 11,262 കോടിയുടെ റെക്കോഡ് ലാഭമാണ് കമ്പനി നേടിയത്. ചില്ലറ വ്യാപാര മേഖലയുടെയും ഡിജിറ്റല്‍ സേവനമേഖലയുടെയും ബലത്തിലായിരുന്നു ഇത്.

ഭാവി ശോഭനം

ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്റെ അഭിപ്രായത്തില്‍ വരുന്ന രണ്ടുവര്‍ഷക്കാലയളവില്‍ 200 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന വളര്‍ച്ച ആര്‍ഐഎല്‍ നേടും. എല്ലാ ഡിജിറ്റല്‍ സംരംഭങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പുതിയ സഹകമ്പനി തുടങ്ങാനും അതിലേക്ക് 1.08 ലക്ഷം കോടിരൂപ നിക്ഷേപിക്കാനുമുള്ള പദ്ധതി ഇതില്‍ നിര്‍ണായകമാവും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളോടൊപ്പം, കൃത്രിമബുദ്ധി, ബ്ലോക്ക്‌ചെയിന്‍, വെര്‍ച്വല്‍ റിയാലിറ്റി എന്നീ മേഖലകളിലും പുതിയ കമ്പനി പ്രവര്‍ത്തിക്കും. ഡിജിറ്റല്‍ രംഗത്തേക്ക് പുതിയ വമ്പന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ളതാണ് ഈ ബിസിനസെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Comments

comments

Categories: Business & Economy
Tags: Reliance