എന്‍ബിഎഫ്‌സികള്‍ക്ക് പാപ്പരത്ത നിയമപ്രകാരം പരിഹാരം തേടാം

എന്‍ബിഎഫ്‌സികള്‍ക്ക് പാപ്പരത്ത നിയമപ്രകാരം പരിഹാരം തേടാം

പാപ്പരത്ത നിയമത്തിന് സമാനമായി ധനകാര്യ മേഖലയ്ക്ക് പ്രത്യേക നിയമം രൂപീകരിക്കുന്നത് പരിഗണനയില്‍

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമത്തിന്റെ പൊതുവായ ചട്ടക്കൂടില്‍ വായ്പാ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാകുന്ന സാമ്പത്തിക സേവന ദാതാക്കളുടെ പട്ടികയില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ( എന്‍ബിഎഫ്‌സി) കൂടി ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ചുരുങ്ങിയത് 500 കോടി രൂപയുടെ ആസ്തിയുള്ള എന്‍ബിഎഫ്‌സികളെ പാപ്പരത്ത നിയമപ്രകാരമുള്ള പരിഹാര നടപടികള്‍ക്ക് നിര്‍ദേശിക്കാവുന്നതാണെന്ന് വ്യക്തമാക്കി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.

ബാങ്കുകള്‍ ഒഴിച്ച് ഘടനാപരമായി പ്രാധാന്യമുള്ള സാമ്പത്തിക സേവന ദാതാക്കളെ പാപ്പരത്ത നിയമ പ്രകാരമുള്ള നടപടികള്‍ക്കായി റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നതിന്റെ ചട്ടക്കൂട് കഴിഞ്ഞ വെള്ളിയാഴ്ചത്തെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിലെ വിവിധ വിഭാഗങ്ങളെ വ്യക്തമാക്കി കൊണ്ടുള്ള വിജ്ഞാപനമാണ് തിങ്കളാഴ്ച രാത്രിയോടെ പുറത്തിറക്കിയത്. നിലവില്‍ എന്‍ബിഎഫ്‌സികള്‍ പണമൊഴുക്കില്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഇത് മൊത്തം ധനകാര്യ മേഖലയുടെ സ്ഥിരത സംബന്ധിച്ച ആശങ്കകള്‍ ഉണര്‍ത്തിയിട്ടുണ്ട്.

ഏറ്റവും അവസാനത്തെ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് പ്രകാരം 500 കോടി രൂപയുടേയോ അതിനു മുകളിലോ ഉള്ള ആസിതിയുള്ള ഭവന വായ്പാ കമ്പനികള്‍ ഉള്‍പ്പടെയുള്ള എന്‍ബിഎഫ്‌സികളെ പാപ്പരത്ത നിയമപ്രകാരമുള്ള നടപടികള്‍ക്ക് നിര്‍ദേശിക്കാം എന്നാണ് വിജ്ഞാനപനത്തില്‍ ഉള്ളത്. പാപ്പരത്ത നിയമത്തിലെ 227-ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാരിന് പാപ്പരത്ത നിയമം ബാധകമാക്കാവുന്ന സാമ്പത്തിക സേവന ദാതാവിനെ കുറിച്ചോ വിഭാഗത്തെ കുറിച്ചോ ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്. അതതു മേഖലയിലെ റെഗുലേറ്ററി സ്ഥാപനത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഏതെങ്കിലും സാമ്പത്തിക സേവന ദാതാവിനെ പാപ്പരത്ത നിയമ പ്രകാരമുള്ള നടപടികള്‍ക്ക് വിധേയമാക്കാനാകൂ.

ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡിന് ( പാപ്പരത്ത നിയമം) സമാനമായി ധനകാര്യ മേഖലയ്ക്ക് പ്രത്യേക നിയമം രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും അതുവരെ പുതിയ വ്യവസ്ഥ ധനകാര്യ സ്ഥാപനങ്ങളിലെ വായ്പാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമെന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുള്ളത്. റിസര്‍വ് ബാങ്കുമായി ഇക്കാര്യങ്ങളില്‍ ചര്‍ച്ച തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Bankruptcy, NBFC