മാരുതിയുടെ ആകെ വില്‍പ്പനയില്‍ 70 ശതമാനത്തോളം ബിഎസ് 6 കാറുകള്‍

മാരുതിയുടെ ആകെ വില്‍പ്പനയില്‍ 70 ശതമാനത്തോളം ബിഎസ് 6 കാറുകള്‍

ബലേനോ, ഓള്‍ട്ടോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍(1.2), ഡിസയര്‍, എര്‍ട്ടിഗ, എക്‌സ്എല്‍6, എസ്-പ്രെസോ വാഹനങ്ങളുടെ ബിഎസ് 6 പെട്രോള്‍ വേരിയന്റുകളാണ് വില്‍ക്കുന്നത്

ന്യൂഡെല്‍ഹി: ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാറുകളുടെ വില്‍പ്പനയില്‍ മാരുതി സുസുകി ബഹുദൂരം മുന്നില്‍. മാരുതി സുസുകിയുടെ പ്രതിമാസ വില്‍പ്പനയുടെ 70 ശതമാനത്തിലധികം ഇപ്പോള്‍ ബിഎസ് 6 കാറുകളാണ്. ഒക്‌റ്റോബറില്‍ ആകെ 1,39,121 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് മാരുതി സുസുകി വിറ്റത്.

ബിഎസ് 6 മോഡല്‍ ആദ്യം വിപണിയിലെത്തിച്ച വാഹന നിര്‍മാതാക്കളാണ് മാരുതി സുസുകി. ഈ വര്‍ഷം ഏപ്രില്‍ 22 നാണ് ബിഎസ് 6 പാലിക്കുന്ന ബലേനോ പെട്രോള്‍ അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് ഓള്‍ട്ടോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍ (1.2), ഡിസയര്‍, എര്‍ട്ടിഗ, എക്‌സ്എല്‍6, എസ്-പ്രെസോ എന്നിവയുടെ ബിഎസ് 6 പെട്രോള്‍ മോഡലുകള്‍ വിപണിയിലെത്തിച്ചു. ഓള്‍ട്ടോ കെ10, വാഗണ്‍ആര്‍ (1.0), ഇഗ്നിസ്, സെലെറിയോ, ഈക്കോ എന്നീ വാഹനങ്ങളാണ് ഇനി ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കേണ്ടത്.

2020 ഏപ്രില്‍ മാസത്തിനുമുമ്പ് ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കുമെന്ന് മാരുതി സുസുകി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിറ്റാര ബ്രെസ്സയിലെയും എസ്-ക്രോസിലെയും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകള്‍ക്ക് വഴിമാറിക്കൊടുക്കും. മൂന്ന് മാസത്തിനുള്ളില്‍ ബിഎസ് 6 മോഡലുകള്‍ മാത്രം വില്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മാരുതി സുസുകി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സിവി രാമന്‍ പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം ബിഎസ് 6 വാഹനങ്ങള്‍ വിറ്റതായി ഒക്‌റ്റോബറിന്റെ തുടക്കത്തില്‍ മാരുതി സുസുകി പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto
Tags: BS 6 Cars, Maruti