അടുത്ത മാര്‍ച്ചോടെ 300 ടച്ച്‌പോയന്റുകളെന്ന് കിയ മോട്ടോഴ്‌സ്

അടുത്ത മാര്‍ച്ചോടെ 300 ടച്ച്‌പോയന്റുകളെന്ന് കിയ മോട്ടോഴ്‌സ്

ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ തുറക്കും

ന്യൂഡെല്‍ഹി: കിയ മോട്ടോഴ്‌സ് ഇന്ത്യയിലെ വില്‍പ്പന ശൃംഖല വിപുലീകരിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മുന്നൂറിലധികം ടച്ച്‌പോയന്റുകള്‍ ആരംഭിക്കാനാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ പദ്ധതി. നിലവില്‍ ആഭ്യന്തര വിപണിയിലെ യാത്രാ വാഹന വില്‍പ്പന കണക്കുകളില്‍ രാജ്യത്തെ അഞ്ചാമത്തെ വലിയ കാര്‍ നിര്‍മാതാക്കളാണ് ദക്ഷിണ കൊറിയന്‍ കമ്പനി. കിയ സെല്‍റ്റോസ് എന്ന ഒരൊറ്റ മോഡല്‍ വിപണിയിലെത്തിച്ചാണ് കിയ മോട്ടോഴ്‌സ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യയില്‍ 260 ടച്ച്‌പോയന്റുകളുമായാണ് പ്രവര്‍ത്തനമാരംഭിച്ചതെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ വിപണന വില്‍പ്പന വിഭാഗം മേധാവി മനോഹര്‍ ഭട്ട് പറഞ്ഞു. അമ്പത് ടച്ച്‌പോയന്റുകള്‍ കൂടി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, തെലങ്കാനയുടെ വടക്കന്‍ പ്രദേശങ്ങള്‍, കര്‍ണാടക, പടിഞ്ഞാറന്‍ രാജസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സാന്നിധ്യം ശക്തമാക്കും. ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും പുതിയ സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ തുറക്കും. പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്നതിന് മുമ്പ് വില്‍പ്പന ശൃംഖല പൂര്‍ണമായും സജ്ജമാക്കുമെന്ന് മനോഹര്‍ ഭട്ട് വ്യക്തമാക്കി.

2020 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യയില്‍ രണ്ടാമത്തെ മോഡല്‍ അവതരിപ്പിക്കാനാണ് കിയ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ എതിരാളിയായി കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി അവതരിപ്പിക്കും. ക്യുവൈഐ എന്ന് കോഡ് നാമം നല്‍കിയിരിക്കുന്ന സബ്‌കോംപാക്റ്റ് എസ്‌യുവിയും ഇന്ത്യയില്‍ പുറത്തിറക്കും. ഇന്ത്യയില്‍ ആന്ധ്ര പ്രദേശിലെ അനന്തപുര്‍ പ്ലാന്റിലാണ് കിയ മോട്ടോഴ്‌സ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്നതാണ് അനന്തപുര്‍ പ്ലാന്റ്.

Comments

comments

Categories: Auto
Tags: kia motors