ജനുവരിയില്‍ ജെഫ് ബെസോസ് ഇന്ത്യയില്‍

ജനുവരിയില്‍ ജെഫ് ബെസോസ് ഇന്ത്യയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആമസോണ്‍ മേധാവി കൂടിക്കാഴ്ച നടത്തും

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകനും സംരംഭകനുമായ ജെഫ് ബെസോസ് ജനുവരിയില്‍ ഇന്ത്യയിലെത്തും. ബിസിനസുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനുമാണ് ഇന്ത്യാ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇന്ത്യയിലെ പുതിയ ഇ-കൊമേഴ്‌സ് ചട്ടങ്ങളെക്കുറിച്ച് ആമസോണ്‍ ആവര്‍ത്തിച്ച് പരാതികളുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ബെസോസിന്റെ സന്ദര്‍ശനം. 5 ബില്യണിലേറെ ഡോളറിന്റെ നിക്ഷേപവുമായി നിലവില്‍ ആമസോണിന്റ ഏറ്റവും വലിയ സഹസ്ഥാപനങ്ങളിലൊന്നാണ് ഇന്ത്യയിലുള്ളത്. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കെതിരെ രാജ്യത്തെ ചെറുകിട വ്യാപാരികള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരിക്കുന്നതും ആമസോണിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കാന്‍ ചെറുകിട-ഇടത്തര കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനെക്കുറിച്ചും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചുമെല്ലാം ആമസോണ്‍ സ്ഥാപകന്‍ എടുത്തുപറയുമെന്നാണ് സൂചന. സുസ്ഥിര ബിസിനസ് സാഹചര്യവും നയത്തുടര്‍ച്ചയും ചര്‍ച്ചയാകും.

ദീപാവലി ഉത്സവകാലത്തിനുശേഷമാണ് ആമസോണിനും ഫഌപ്കാര്‍ട്ടിനുമെതിരെയുള്ള ചെറുകിടവ്യാപാരികളുടെ ആരോപണങ്ങള്‍ ശക്തമായത്. നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്്ഡിഐ) ചട്ടങ്ങള്‍ ലംഘിച്ചെന്നും, ഓഫറുകളിലൂടെ അന്യായമായ കച്ചവടരീതികള്‍ പ്രയോഗിച്ചുവെന്നുമാണ് പ്രധാന ആരോപണങ്ങള്‍. ദീപാവലിക്കാലത്ത് പരമ്പരാഗത ചില്ലറവിപണിയിലുണ്ടായ ഇടിവിന്റെ കാരണം ഈ രണ്ട് വിദേശ നിയന്ത്രിത സ്ഥാപനങ്ങളുടെ ഇരപിടുത്ത വിലയിടലാണെന്നും അവര്‍ പറയുന്നു. ആരോപണങ്ങള്‍ ഇരു കമ്പനികളും നിഷേധിച്ചിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടന്നുവരികയാണ്.

Comments

comments

Categories: FK News