ഇന്ത്യയില്‍ സാന്നിധ്യം അറിയിക്കാന്‍ 15 വിദേശ ബാങ്കുകള്‍ ഒരുങ്ങുന്നു

ഇന്ത്യയില്‍ സാന്നിധ്യം അറിയിക്കാന്‍ 15 വിദേശ ബാങ്കുകള്‍ ഒരുങ്ങുന്നു

ശാഖകള്‍ തുറക്കുന്നതിനാണ് ബാങ്കുകള്‍ കേന്ദ്ര ബാങ്കിനെ താല്‍പ്പര്യം അറിയിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: ഏഷ്യയിലെ പ്രധാന സമ്പദ് വ്യവസ്ഥകളായ ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിദേശ ബാങ്കുകളുടെ സാന്നിധ്യം താമസിയാതെ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് വിലയിരുത്തല്‍. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് 15 വിദേശ ബാങ്കുകളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുള്ളത്. ആര്‍ബിഐ ഡാറ്റ പ്രകാരം, ഇതിനകം 46 വിദേശ ബാങ്കുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ രണ്ട് ബാങ്കുകള്‍ക്ക് പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനികള്‍ ഇന്ത്യയിലുണ്ട്.

പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി ഇന്ത്യയില്‍ ഇല്ലാത്ത വിദേശ ബാങ്കുകള്‍ക്ക് രാജ്യത്തിനകത്ത് ശാഖകള്‍ ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. 15 ബാങ്കുകള്‍ ഇതിന് താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് റിസര്‍വ് ബാങ്ക് ധനമന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്. വാണിജ്യപരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് വിദേശ ബാങ്കുകള്‍ ഇന്ത്യയില്‍ തങ്ങളുടെ ശാഖകള്‍ തുറക്കുന്നതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

ആര്‍ബിഐ മാനദണ്ഡമനുസരിച്ച്, പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി രൂപീകരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദേശ ബാങ്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് തുറന്ന മൊത്തം ശാഖകളുടെ 25 ശതമാനമെങ്കിലും ബാങ്കിംഗ് സേവനങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഉള്‍നാടന്‍ പ്രദേശങ്ങളിലായിരിക്കണം. ഇന്ത്യന്‍ ബാങ്കുകളുടെ മാതൃകയില്‍ കര്‍ഷകര്‍ക്കും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും തൊഴിലിനായുള്ള വായ്പ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുന്നത് ഈ ബാങ്കുകള്‍ക്കും നിര്‍ബന്ധമാണ്.

മൗറീഷ്യസിലെ എസ്ബിഎം ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥയിലുള്ള എസ്ബിഎം ബാങ്ക് (ഇന്ത്യ) ലിമിറ്റഡ്, ഡിബിഎസ് ബാങ്ക് ലിമിറ്റഡിന്റെ ഉപകമ്പനി ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ് എന്നിവയ്ക്ക് യഥാക്രമം 2017 ഡിസംബര്‍ 6 നും 2018 ഒക്ടോബര്‍ 4 നുമാണ് ലൈസന്‍സ് ലഭിച്ചത്. ഇവ യഥാക്രമം 2018 ഡിസംബര്‍ 01നും മുതല്‍ 2019 മാര്‍ച്ച് 01നും പ്രവര്‍ത്തനം ആരംഭിച്ചു.

Comments

comments

Categories: Banking