ടെസ്‌ലയെ വെല്ലാന്‍ ഫോഡ് മസ്താംഗ് മാക്ക്-ഇ

ടെസ്‌ലയെ വെല്ലാന്‍ ഫോഡ് മസ്താംഗ് മാക്ക്-ഇ

സ്റ്റാന്‍ഡേഡ് റേഞ്ച്, എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് ഓപ്ഷനുകളിലും റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് വേര്‍ഷനുകളിലും ലഭിക്കും

ഫോഡ് മോട്ടോര്‍ കമ്പനിയുടെ പൂര്‍ണ വൈദ്യുത വാഹനമായ മസ്താംഗ് മാക്ക്-ഇ ലോസ് ആഞ്ജലെസില്‍ നടന്ന ചടങ്ങില്‍ അനാവരണം ചെയ്തു. സ്റ്റാന്‍ഡേഡ് റേഞ്ച് (75.7 കിലോവാട്ട്അവര്‍ ബാറ്ററി), എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് (98.9 കിലോവാട്ട്അവര്‍ ബാറ്ററി) ഓപ്ഷനുകളില്‍ മസ്താംഗ് മാക്ക്-ഇ എസ്‌യുവി ലഭിക്കും. റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് വേര്‍ഷനുകളിലും വാഹനം ലഭ്യമായിരിക്കും. വിസ്പര്‍, എന്‍ഗേജ്, അണ്‍ബ്രൈഡല്‍ഡ് എന്നീ മൂന്ന് മോഡുകളില്‍ ശബ്ദമുണ്ടാക്കി ഇലക്ട്രിക് എസ്‌യുവി നിരത്തുകളിലൂടെ ചീറിപ്പായും. ഫോഡ് മോട്ടോര്‍ കമ്പനിയുടെ ഹൈ-പെര്‍ഫോമന്‍സ് വിഭാഗമായ ‘ഫോഡ് പെര്‍ഫോമന്‍സ്’ ട്യൂണ്‍ ചെയ്ത ആദ്യ പ്രൊഡക്ഷന്‍ വാഹനമാണ് മസ്താംഗ് മാക്ക്-ഇ. ഓള്‍ ഇലക്ട്രിക് എസ്‌യുവിയില്‍ അഞ്ച് മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യാം.

എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ് വേര്‍ഷനിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 483 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ് വേര്‍ഷനില്‍ 332 കുതിരശക്തി കരുത്തും 565 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ പോര്‍ഷെ മകാന്‍ എടുക്കുന്നത്ര സമയം മാക്ക്-ഇ എസ്‌യുവിക്ക് വേണ്ടെന്ന് ഫോഡ് അറിയിച്ചു. മസ്താംഗ് മാക്ക്-ഇ എസ്‌യുവിയുടെ രണ്ട് പെര്‍ഫോമന്‍സ് വേര്‍ഷനുകളും ഫോഡ് വിപണിയിലെത്തിക്കും. ജിടി പതിപ്പിന് 0-96 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ നാല് സെക്കന്‍ഡില്‍ താഴെ സമയം മതി. അതേസമയം, ജിടി പെര്‍ഫോമന്‍സ് എഡിഷന് മൂന്ന് സെക്കന്‍ഡ് മാത്രം മതി. രണ്ട് ജിടി പതിപ്പുകളും 459 കുതിരശക്തി കരുത്തും 830 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വാഹനത്തിന്റെ രണ്ട് ആക്‌സിലുകള്‍ക്കിടയില്‍ കാറിന്റെ തറയിലാണ് ലിഥിയം അയണ്‍ ബാറ്ററി പാക്ക് സ്ഥാപിച്ചിരിക്കുന്നത്. മൈനസ് നാല്‍പ്പത് ഡിഗ്രി ഫാരന്‍ഹീറ്റ് വരെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് ബാറ്ററി പാക്ക്.

ഫോഡിന്റെ കമ്യൂണിക്കേഷന്‍സ്, എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റമായ പുതു തലമുറ ‘സിങ്ക്’ മസ്താംഗ് മാക്ക്-ഇ എസ്‌യുവിയില്‍ അരങ്ങേറ്റം നടത്തിയിരിക്കുന്നു. ഡ്രൈവര്‍മാരുടെ മുന്‍ഗണനകള്‍ വേഗത്തില്‍ മനസിലാക്കുന്നതിന് ഈ ഇന്റര്‍ഫേസ് മെഷീന്‍ ലേണിംഗ് ഉപയോഗിക്കുമെന്ന് ഫോഡ് അറിയിച്ചു. 15.5 ഇഞ്ച് സ്‌ക്രീനാണ് പുതു തലമുറ സിങ്ക് ഉപയോഗിക്കുന്നത്. ടച്ച്, സൈ്വപ്പ്, പിഞ്ച് കണ്‍ട്രോളുകള്‍ വഴി വിവിധ ഫീച്ചറുകള്‍ എളുപ്പത്തില്‍ ലഭ്യമാകും. കൂടുതല്‍ സ്‌പോര്‍ട്ടിയായ സ്റ്റിയറിംഗ് കണ്‍ട്രോളുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവ നല്‍കിയിരിക്കുന്നു. കാബിനില്‍ ധാരാളം സ്ഥലസൗകര്യം ലഭിക്കും. മുന്നിലെ ട്രങ്ക് കൂടാതെ പിറകിലെ ട്രങ്കിന് 821 ലിറ്ററാണ് ശേഷി. പിന്‍ സീറ്റുകള്‍ താഴ്ത്തിയാല്‍ ബൂട്ട് സ്‌പേസ് 1,688 ലിറ്ററായി വര്‍ധിക്കും. ബാംഗ് & ഒലുഫ്‌സെന്റെ സ്പീക്കറുകള്‍ നല്‍കി. ഉയര്‍ന്നുനില്‍ക്കുന്ന ഫഌപ്പ്-അപ്പ് ആം റെസ്റ്റില്‍ പഴ്‌സുകളും ബാഗുകളും സൂക്ഷിക്കാം.

നീളമേറിയതും കരുത്തുറ്റതുമായ ഹുഡ്, അഗ്രസീവ് ഹെഡ്‌ലൈറ്റുകള്‍, ട്രൈ-ബാര്‍ ടെയ്ല്‍ലാംപുകള്‍ എന്നിവയെല്ലാം മസ്താംഗ് കാറുകളില്‍ കാണുന്നതാണ്. നിരത്തുകളില്‍ മികച്ച ട്രാക്ഷന്‍ ലഭിക്കുന്ന ഓള്‍ ഇലക്ട്രിക് വാഹനമായിരിക്കും ഫോഡ് മസ്താംഗ് മാക്ക്-ഇ. അടുത്ത വര്‍ഷം യുഎസ് വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെത്തുന്നതിന് അഞ്ച് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും.

Categories: Auto