വ്യായാമം വിഷാദരോഗമകറ്റും

വ്യായാമം വിഷാദരോഗമകറ്റും

ദിവസവും 35 മിനുറ്റ് വ്യായാമം ചെയ്യുന്നത് വിഷാദരോഗസാധ്യത കുറയ്ക്കുന്നു

വ്യായാമം ശാരീരികാരോഗ്യത്തിന് നല്ലതാണെന്നത് പൊതുവെ എല്ലാവര്‍ക്കും അറിയാം. പക്ഷേ ജനിതക പാരമ്പര്യത്തിലൂടെ കൈമാറി ഉണ്ടാകുന്ന വിഷാദം പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഒരു പുതിയ പഠനം കാണിക്കുന്നു. ബോസ്റ്റണിലെ മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. പാരമ്പര്യമായി രോഗസാധ്യതയുള്ളവരില്‍പ്പോലും കായികവ്യായാമം വിഷാദരോഗമകറ്റുമെന്ന് പഠനം കാണിക്കുന്നു. വിഷാദരോഗികളെ കണ്ടെത്താന്‍ രണ്ടു വര്‍ഷത്തിലധികമായി 8,000 ആളുകളുടെ ദശലക്ഷക്കണക്കിന് വിവരങ്ങള്‍ ശേഖരിച്ചാണ് ഡോ. കര്‍മ്മല്‍ ചോയിയും സംഘവും ഗവേഷണം നടത്തിയത്.

പഠനത്തിനായി ഓരോ പങ്കാളിക്കും വിഷാദരോഗം വരാനുള്ള സാധ്യത കണ്ടെത്താന്‍ ഒരു ജനിതക റിസ്‌ക് സ്‌കോര്‍ കണക്കാക്കി. വ്യക്തിയുടെ മുഴുവന്‍ ജനിതകവിവരങ്ങളും സംയോജിപ്പിച്ചു കൊണ്ടാണിത്. ഈ സ്‌കോറുകള്‍ പരിശോധിച്ചപ്പോള്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ വ്യക്തികള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. എന്നാല്‍ ശാരീരികമായി സജീവമായിട്ടുള്ളവര്‍ക്ക്, ഉയര്‍ന്ന സ്‌കോര്‍ ഉണ്ടെങ്കിലും രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്നു കണ്ടെത്തി. ദിവസം ശരാശരി 35 മിനുറ്റ് കായികവ്യായാമം ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ വിഷാദരോഗത്തില്‍ നിന്ന് പരിരക്ഷ നേടാനാകുമെന്ന് ചോയി വ്യക്തമാക്കി.

ആഴ്ചയില്‍ നാലു മണിക്കൂര്‍ വ്യായാമം ചെയ്യുന്നവരില്‍ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത 17% കുറഞ്ഞുവെന്ന് ഗവേഷകര്‍ കണ്ടെത്തി. എയറോബിക് വ്യായാമമോ യന്ത്രങ്ങള്‍ ഉപയോഗിച്ച്, തീവ്രതയുള്ള വര്‍ക്ക് ഔട്ടുകളും യോഗ പോലുള്ള തീവ്രത കുറഞ്ഞ പ്രവര്‍ത്തനവും വിഷാദ സാധ്യത കുറയ്ക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ അഭിപ്രായത്തില്‍ വിഷാദം ഒരു സാധാരണവും ഗുരുതരവുമായ മാനസികാരോഗ്യ പ്രശ്‌നമാണ്.നിരന്തരമായ സങ്കടമോ ഉത്കണ്ഠയോ ശൂന്യമായ മാനസികാവസ്ഥയോ ആണ് രോഗലക്ഷണങ്ങള്‍. രോഗികളില്‍ കുറ്റബോധം, നിസ്സഹായത, ഏകാഗ്രതക്കുറവ്, തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നു. കൂടാതെ പെട്ടെന്നു പ്രകോപനമുണ്ടാകുകയും ക്ഷീണം അനുഭവപ്പെടുകയും മുമ്പ് ആസ്വദിച്ച പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടുകയും ചെയ്യാം.

വിഷാദരോഗം ബാധിച്ച വ്യക്തികള്‍ക്ക് ശാരീരികപ്രയാസങ്ങളും അനുഭവപ്പെടാം. വേദന, ദഹന പ്രശ്‌നങ്ങള്‍, മലബന്ധം, വിശപ്പ്, തൂക്കക്കൂടുതല്‍ എന്നിവ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് കണ്ടുവരാറുള്ളത്. എന്നല്‍ എല്ലാവര്‍ക്കും ഇപ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടാകണമെന്നുമില്ല. ആളുകളിലിത് ഏറിയും കുറഞ്ഞും അനുഭവപ്പെടാം. വിഷാദരോഗത്തിന് ജനിതക, ജൈവ, പാരിസ്ഥിതിക, മനശാസ്ത്രപരമായ ഘടകങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ കാരണങ്ങളുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

വിഷാദരോഗം ഏത് പ്രായത്തിലുമുള്ള ആളുകളെയും ബാധിച്ചേക്കാം,. സമ്മര്‍ദ്ദം, വ്യക്തിപരമോ കുടുംബപരമോ ആയ രോഗചരിത്രം, ചില ശാരീരിക രോഗങ്ങള്‍ എന്നിവ ഇതിനു വഴിവെക്കും. ജീവിതത്തിലെ പ്രധാന മാറ്റങ്ങള്‍, ആഘാതം, ചില മരുന്നുകള്‍ എന്നിവയും അപകടസാധ്യത വര്‍ദ്ധിപ്പിക്കും. ഡോക്ടര്‍മാര്‍ എല്ലാ രോഗികള്‍ക്കും വ്യായാമം ചെയ്യണമെന്ന നിര്‍ദേശം നല്‍കണം. ഡോക്ടറുടെമരകുന്നു കുറിപ്പടിയുടെ വിലപ്പെട്ട ഒരു ഭാഗം തന്നെയാണ് ഈ നിര്‍ദ്ദേശം. രോഗികള്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും വ്യായാമത്തിന്റെ പ്രയോജനം നേടാന്‍ കഴിയും. വിഷാദരോഗം വികസിപ്പിക്കുന്നതിന് ജനിതക മുന്‍തൂക്കം ഉള്ളവര്‍ക്ക് ഇതിന്റെ പ്രയോജനങ്ങള്‍ പ്രത്യേകിച്ച് ഗുണം ചെയ്യും.

Comments

comments

Categories: Health