വാര്‍ധ്യകത്തില്‍ ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ വ്യായാമം

വാര്‍ധ്യകത്തില്‍ ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ വ്യായാമം

60 വയസ്സിനു മുകളിലുള്ളവരില്‍ കായിക പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്ന് പഠനം

2015 ല്‍ ആഗോളതലത്തില്‍ 900 ദശലക്ഷം ആളുകള്‍ 60 വയസ്സിനു മുകളിലുള്ളവരായിരുന്നു. 2050 ആകുമ്പോഴേക്കും ഈ സംഖ്യ രണ്ടു ബില്ല്യണില്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രതീക്ഷിക്കുന്നു. പ്രായം ഒരാളുടെ ശാരീരിക കഴിവുകളെ ബാധിക്കുന്നു. യൂറോപ്യന്‍ ഹാര്‍ട്ട് ജേണല്‍ഫൈന്‍ഡില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ഈ പ്രായത്തില്‍ കായികപ്രവര്‍ത്തനത്തിന്റെ തോത് നിലനിര്‍ത്തുകയോ കൂടുതല്‍ സജീവമാകുകയോ ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കുന്നതിന് പ്രധാനമാണെന്നാണ്. അല്ലാത്ത പക്ഷം ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത വര്‍ധിക്കും. പ്രായമായപ്പോള്‍ വ്യായാമത്തിന്റെ അളവ് കുറച്ചവര്‍ക്ക് ഹൃദയ, ധമനീ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 27% കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ കായികമായി സജീവമായവരുടെ അപകടസാധ്യത 11% കുറഞ്ഞു.

ദക്ഷിണ കൊറിയയിലെ സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്യുവൂംഗ് കിമ്മിന്റെ നേതൃത്വത്തില്‍ ഇതേക്കുറിച്ചു പഠനം നടത്തിയ സംഘം 60 വയസില്‍ കൂടുതലോ പ്രായമുള്ള 1,119,925 പുരുഷന്മാരുടെയും സ്ത്രീകളുടെയും ഡാറ്റ വിശകലനം ചെയ്തു.

പങ്കെടുക്കുന്നവരുടെ ശരാശരി പ്രായം 67 ഉം, അതില്‍ 47% പേര്‍ പുരുഷന്മാരുമായിരുന്നു. ഇവര്‍ക്ക് രണ്ട് ആരോഗ്യ പരിശോധനകള്‍ നടത്തി. ഓരോ പരിശോധനയിലും ശാരീരിക പ്രവര്‍ത്തന നിലകളെക്കുറിച്ചും അവരുടെ ജീവിതരീതിയെക്കുറിച്ചും ചോദിച്ചു. നൃത്തം, പൂന്തോട്ടപരിപാലനം അല്ലെങ്കില്‍ വേഗതയേറിയ നടത്തം എന്നിവയ്ക്ക് പ്രതിദിനം 30 മിനിറ്റോ അതില്‍ കൂടുതലോ ചെലവഴിക്കുന്നതാണ് മിതമായ കായികപ്രവര്‍ത്തനം. ദിവസേന ഇരുപത് മിനിറ്റോ അതില്‍ കൂടുതലോ ഓട്ടം, വേഗതയേറിയ സൈക്ലിംഗ് അല്ലെങ്കില്‍ എയ്‌റോബിക് വ്യായാമം എന്നിവ കഠിനമായ വ്യായാമമായി കണക്കാക്കുന്നു.

രണ്ടാമത്തെ എന്‍ഐഎച്ച്എസ് ആരോഗ്യ പരിശോധനയില്‍, പങ്കെടുത്തവര്‍ ആദ്യ പരിശോധനയ്ക്ക് ശേഷം അവരുടെ പ്രവര്‍ത്തന നിലകള്‍ എങ്ങനെ മാറിയെന്ന് വ്യക്തമാക്കി. ആദ്യ ആരോഗ്യ പരിശോധനയില്‍ 78% സ്ത്രീകളും ശാരീരികമായി നിഷ്‌ക്രിയരായിരുന്നു, രണ്ടാമത്തെ പരിശോധനയില്‍ ഈ കണക്ക് ഏകദേശം 77% ആണ്. രണ്ട് തവണയും പുരുഷന്മാര്‍ നിഷ്‌ക്രിയരായിരുന്നു. ആദ്യ സ്‌ക്രീനിംഗില്‍ 67%, രണ്ടാമത്തേതില്‍ 66% എന്നിങ്ങനെ. വെറും 22% പേരാണ് പ്രവര്‍ത്തന നിലവാരം വര്‍ദ്ധിപ്പിച്ചത്. അതേസമയം ആഴ്ചയില്‍ അഞ്ചോ അതിലധികമോ തവണ പതിവു വ്യായാമം ചെയ്യുന്ന 54% പങ്കാളികളും രണ്ടാമത്തെ സ്‌ക്രീനിംഗ് സമയത്ത് നിഷ്‌ക്രിയരായി. പഠന കാലയളവ് അവസാനിക്കുമ്പോഴേക്കും 114,856 പേര്‍ക്ക് ഹൃദ്രോഗങ്ങളോ ഹൃദയാഘാതമോ ഉണ്ടായി.

സാമൂഹിക സാമ്പത്തിക നില, പ്രായം, ആണ്‍-പെണ്‍ വ്യാത്യാസം, മറ്റ് ആരോഗ്യനിലകള്‍, പുകവലി, മദ്യപാനം തുടങ്ങിയ ഘടകങ്ങള്‍ ഗവേഷകര്‍ ക്രമീകരിച്ചു. തുടര്‍ച്ചയായി നിഷ്‌ക്രിയമായിരിക്കുന്നതില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് തവണ വരെ പ്രവര്‍ത്തനത്തിന്റെ തോത് വര്‍ദ്ധിപ്പിച്ച ആളുകളില്‍ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 11% കുറഞ്ഞതായി കണ്ടെത്തി. ആദ്യ പരിശോധനയില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ സജീവമായിരുന്നവര്‍ രണ്ടാമത്തേതില്‍ വ്യായാമം ആഴ്ചയില്‍ അഞ്ചിലധികമാക്കി വര്‍ദ്ധിച്ചു, ഇതോടെ അവരുടെ അപകടസാധ്യത 10% കുറയുകയും ചെയ്തു.

വൈകല്യമുള്ള ആളുകള്‍ വ്യായാമം വര്‍ദ്ധിപ്പിക്കുന്നതിലൂടെ രോഗസാധ്യത 16% കുറയ്ക്കുന്നു. രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ പോലുള്ള വിട്ടുമാറാത്ത അവസ്ഥയിലുള്ള പങ്കാളികള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഹൃദയാഘാതമോ ഉണ്ടാകാനുള്ള സാധ്യത 47% കുറഞ്ഞു.അതേസമയം, സ്‌ക്രീനിംഗുകള്‍ക്കിടയില്‍ വ്യായാമത്തിന്റെ തോത് കുറച്ചവരില്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 27% വര്‍ദ്ധിച്ചു. പ്രായമാകുമ്പോള്‍ പതിവായി വ്യയാമം ചെയ്യുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഹൃദയത്തിന്റെ ആരോഗ്യത്തിന് കൂടുതല്‍ കായികമായി സജീവമായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: Health