ലാഭത്തിലേക്ക് തിരികെയെത്താന്‍ ഇത്തിഹാദിന് ഇനിയുമേറെ സഞ്ചരിക്കണം: ടോണി ഡഗ്ലസ്

ലാഭത്തിലേക്ക് തിരികെയെത്താന്‍ ഇത്തിഹാദിന് ഇനിയുമേറെ സഞ്ചരിക്കണം: ടോണി ഡഗ്ലസ്

ബോയിംഗ് കമ്പനിയുമായി ചേര്‍ന്ന് ഇത്തിഹാദ് ഇക്കോ പാര്‍ട്ണര്‍ഷിപ്പ് ആരംഭിച്ചു കാര്‍ബണ്‍ മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ നടപടിയെടുക്കും

ദുബായ്: ലാഭത്തിലേക്ക് തിരികെയത്താന്‍ ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പിന് ഇനിയുമേറെ ദൂരം പോകേണ്ടതുണ്ടെന്ന് കമ്പനി ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ്. ചിലവ് കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതി നടപ്പിലാക്കിയിട്ടും ഇത്തിഹാദില്‍ നഷ്ടം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ എപ്പോഴാണ് കമ്പനി ലാഭത്തിലേക്ക് തിരികെയെത്തുകയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അതിനായി ദീര്‍ഘ ദൂരം ഇനിയും പേകേണ്ടതുണ്ടെന്ന് കമ്പനി മേധാവി മറുപടി നല്‍കിയത്.

മാനേജ്‌മെന്റ് ചിലവുകള്‍ ചുരുക്കിയും ലാഭകരമല്ലാത്ത റൂട്ടുകള്‍ ഉപേക്ഷിച്ചും തൊഴിലുകള്‍ വെട്ടിക്കുറച്ചും വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡര്‍ പുനഃക്രമീകരിച്ചും 2017 മുതല്‍ ഇത്തിഹാദ് നഷ്ടം കുറയ്ക്കുന്നതിനുള്ള ബൃഹത്തായ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നെങ്കിലും 2018ല്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കണ്ടത്.

”നിശ്ചയിച്ചതിലും വേഗത്തിലാണ് ഞങ്ങള്‍ നീങ്ങുന്നത്. ഇതേ രീതിയില്‍ അതീവ ജാഗ്രതയോടെ നീങ്ങുകയാണെങ്കില്‍, വേണ്ട കാര്യങ്ങള്‍ ഉചിതമായ സമയത്ത് ചെയ്യുകയാണെങ്കില്‍ ഇത്തിഹാദിന് വളരെ മികച്ച ഭാവിയാണ് ഞങ്ങള്‍ കാണുന്നത്,” ദുബായ് എയര്‍ഷോയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡഗ്ലസ് പറഞ്ഞു.

‘എക്കോ-പാര്‍ട്ണര്‍ഷിപ്പ്’

വിമാനങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബോയിംഗ് കമ്പനിയുമായി ചേര്‍ന്ന് ഇത്തിഹാദ് ‘എക്കോ-പാര്‍ട്ണര്‍ഷിപ്പ്’ പ്രഖ്യാപിച്ചു. പുതിയ കൂട്ടുകെട്ടിന്റെ ഭാഗമായി പച്ചയും നീലയും വര്‍ണത്തിലുള്ള പ്രകൃതി സൗഹൃദ വിമാനമായ ‘ഗ്രീന്‍ലൈനര്‍’ എയര്‍ഷോയില്‍ ബോയിംഗ് കമ്പനി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി ഡീലും ടോണി ഡഗ്ലസും ചേര്‍ന്ന് അവതരിപ്പിച്ചു. കാര്‍ബണ്‍ മാലിന്യത്തിന്റെ പുറന്തള്ളല്‍ കുറയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നങ്ങളുടെയും പദ്ധതികളുടെയും പരീക്ഷണവേദിയായിരിക്കും ഗ്രീന്‍ലൈനര്‍ എന്ന പേരിലുള്ള ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം.

അടുത്ത വര്‍ഷം ആദ്യത്തോടെ ഗ്രീന്‍ലൈനര്‍ വിമാനം പുറത്തിറക്കാനാണ് ഇത്തിഹാദിന്റെയും ബോയിംഗിന്റെയും പദ്ധതി. എക്കോ പാര്‍ട്ണര്‍ഷിപ്പിന്റെ വിവിധ സുസ്ഥിര പദ്ധതികള്‍ക്കും വിമാനം വേദിയാകും. ഇത്തിഹാദ് ശൃംഖലയിലുടനീളം ഷെഡ്യൂള്‍ പ്രകാരം ഗ്രീന്‍ലൈനര്‍ സര്‍വീസ് നടത്തും. കൂടാതെ, 2020 ജനുവരിയില്‍ അബുദാബിയില്‍ നടക്കുന്ന സുസ്ഥിര വാരാഘോഷത്തില്‍ അബുദാബിക്കും ബ്രസ്സല്‍സിനുമിടയില്‍ ബോയിംഗ് 787 പ്രകൃതി സൗഹൃദ വിമാനം സര്‍വീസ് നടത്തും. മറ്റ് പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതികളിലും ഗ്രീന്‍ലൈനര്‍ ഭാഗമാകും.

ഇത്തരത്തിലുള്ള പരിസ്ഥിതി സൗഹാര്‍ദ്ദ നിലപാടുകള്‍ ഇത്തിഹാദിന്റെ വരുമാനത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാക്കുമെന്ന് ഡഗ്ലസ് പറഞ്ഞു. വിമാനങ്ങളുടെ പ്രവര്‍ത്തനച്ചിലവില്‍ 25 ശതമാനം ചിലവാകുന്നത് ഇന്ധനത്തിന് വേണ്ടിയാണ്. ഇന്ധനച്ചിലവില്‍ വലിയ കുറവുണ്ടാക്കുന്ന പദ്ധതികള്‍ സാമ്പത്തികമായി കമ്പനിക്ക് ഗുണം ചെയ്യുമെന്ന് മാത്രമല്ല, ഇന്ധനം കത്തുമ്പോള്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്ക്കാനും സാധിക്കും. വിമാനങ്ങള്‍ വഴി പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവില്‍ 2-5 ശതമാനം വരെ കുറവുണ്ടായാല്‍പ്പോലും അത് വലിയ നേട്ടമാകും. എന്നാല്‍ ഇന്ധനം കത്തിക്കുന്നതില്‍ 27 ശതമാനം കുറവുണ്ടാക്കുകയാണ് 787 ഗ്രീന്‍ലൈനര്‍ വിമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡഗ്ലസ് പറഞ്ഞു. ‘മാനവരാശിക്ക് വേണ്ടിയുള്ള ഒരു ചെറിയ കാല്‍വെപ്പും എന്നാല്‍ ഇത്തിഹാദിനെ സംബന്ധിച്ച് വലിയൊരു കുതിപ്പുമാണിത്’.

ഗ്രീന്‍ലൈനര്‍ എന്ന പ്രകൃതി സൗഹൃദ വിമാനം

വിമാനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മാലിന്യത്തിന്റെ അളവ് കുറച്ചുകൊണ്ടുള്ള ഇത്തിഹാദ്-ബോയിംഗ് എക്കോ പാര്‍ട്ണര്‍ഷിപ്പിന്റെ പ്രകൃതി-സൗഹൃദ വിമാനയാത്രാ പദ്ധതി. ഇതിനായി ഗ്രീന്‍ലൈനര്‍ എന്ന പേരിലുള്ള ബോയിംഗിന്റെ പ്രത്യേകം രൂപകല്‍പ്പന ചെയ്ത 787 ഡ്രീംലൈനര്‍ ഉപയോഗിക്കും. വിവിധ സുസ്ഥിര പദ്ധതികള്‍ക്ക് ഗ്രീന്‍ലൈനര്‍ പരീക്ഷണ വേദിയാകും.

Comments

comments

Categories: Arabia