ചങ്ങന്‍ ഓട്ടോമൊബീല്‍ ഇന്ത്യയിലേക്ക്

ചങ്ങന്‍ ഓട്ടോമൊബീല്‍ ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ 4,000 കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി: ചൈനീസ് പൊതുമേഖലാ കാര്‍ നിര്‍മാതാക്കളായ ചങ്ങന്‍ ഓട്ടോമൊബീല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ 4,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി ആലോചിക്കുന്നത്. ചങ്ങന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്ന ഇന്ത്യന്‍ കമ്പനി ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കും. ആദ്യഘട്ട തയ്യാറെടുപ്പുകള്‍ക്കായി ജി സഞ്ജയിനെ ചുമതലപ്പെടുത്തി.

ഇന്ത്യയില്‍ രണ്ട് കമ്പനികള്‍ രൂപീകരിക്കാനാണ് ചങ്ങന്‍ ആലോചിക്കുന്നത്. ഒന്ന് ഉല്‍പ്പാദന കാര്യങ്ങള്‍ നോക്കിനടത്തുമ്പോള്‍ മറ്റൊന്ന് വില്‍പ്പന, സര്‍വീസ് രംഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായിരിക്കും രണ്ടാമത്തെ കമ്പനിയെന്ന് പ്രതീക്ഷിക്കുന്നു. ഇന്‍ഷുറന്‍സ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നതും മെഴ്‌സേഡസ് ബെന്‍സ്, നിസാന്‍, എഫ്‌സിഎ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പുകള്‍ നടത്തുന്നവരുമാണ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ്. ചങ്ങന്‍ വാഹനങ്ങളുടെ വില്‍പ്പന, വിതരണം എന്നിവയ്ക്കായി ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് പുതിയ ബിസിനസ് ആരംഭിക്കും.

കാര്‍ നിര്‍മാണശാലയ്ക്ക് സ്ഥലം കണ്ടെത്തുന്നതിന് ഗുജറാത്ത്, ആന്ധ്ര പ്രദേശ് സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിവരികയാണ് ചങ്ങന്‍ ഓട്ടോമൊബീല്‍. 2022 അവസാനത്തോടെ ഇന്ത്യയില്‍ ആദ്യ രണ്ട് വാഹനങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. എംജി ഹെക്ടറിന്റെ വലുപ്പമുള്ള സിഎസ്75, കിയ സെല്‍റ്റോസിന്റെ വലുപ്പമുള്ള സിഎസ്55 എന്നീ മോഡലുകളാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകളുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് ചൈനീസ് പൊതുമേഖലാ കാര്‍ നിര്‍മാതാക്കളുടെ ലക്ഷ്യം.

ചൈനയിലെ നാല് വലിയ വാഹന നിര്‍മാതാക്കളിലൊന്നാണ് ചങ്ങന്‍ ഓട്ടോമൊബീല്‍. ചൈനീസ് വിപണിയില്‍ സുസുകി, ഫോഡ്, മാസ്ഡ, പിഎസ്എ ഗ്രൂപ്പ് തുടങ്ങിയ ആഗോള ബ്രാന്‍ഡുകളുമായി സംയുക്ത സംരംഭങ്ങളിലും ചങ്ങന്‍ ഏര്‍പ്പെട്ടിരിക്കുന്നു. ലാന്‍ഡ്‌വിന്‍ഡ് ബ്രാന്‍ഡില്‍ എസ്‌യുവികള്‍ നിര്‍മിക്കുന്ന ജിയാംഗ്‌ലിംഗ് മോട്ടോര്‍ ഹോള്‍ഡിംഗിള്‍ ചങ്ങന്‍ ഓട്ടോമൊബീലിന് ഓഹരി പങ്കാളിത്തമുണ്ട്. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് എന്ന മറ്റൊരു ചൈനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അരങ്ങേറും.

Comments

comments

Categories: Auto
Tags: Changan