ആഘോഷങ്ങള്‍ക്ക് രുചി പകരാന്‍ സെലിബീസ്

ആഘോഷങ്ങള്‍ക്ക് രുചി പകരാന്‍ സെലിബീസ്

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കഴിഞ്ഞ ജൂലൈയിലാണ് സെലിബീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്

അടുക്കളയില്‍ ആരും അറിയപ്പെടാതെ പോകുമായിരുന്ന രുചികള്‍ കോര്‍പ്പറേറ്റ് ഓഫീസുകളിലേക്ക് എത്തിച്ചാണ് സെലിബീസ് എന്ന സംരംഭം ശ്രദ്ധേയമാകുന്നത്. ജന്മദിനങ്ങളും വാര്‍ഷിക ആഘോഷങ്ങളുമുള്‍പ്പടെ നിരവധി ആഘോഷങ്ങള്‍ക്കാണ് ഓഫീസുകള്‍ സാക്ഷ്യം വഹിക്കുന്നത്. കേക്ക് മുറിക്കലും ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും വാങ്ങുന്ന ചെറുകടികളിലും ബിരിയാണികളിലേക്കുമാണ് പലപ്പോഴും ഈ ആഘോഷങ്ങള്‍ ചെന്നെത്തുക. എന്നാല്‍ സ്വാദ് വര്‍ധിപ്പിക്കാന്‍ മായങ്ങള്‍ ചേര്‍ക്കുന്നതോടെ ഉപഭോക്താവിന്റെ നാവിലൂടെ രുചിക്കൊപ്പം അസുഖങ്ങളും ഇടം പിടിക്കുന്നു. ക്രമേണ പലരും ഭക്ഷണങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുകയും ആഘോഷങ്ങള്‍ക്ക് അപൂര്‍ണത കൈവരികയും ചെയ്യും. ഇവിടെയാണ് സെലിബീസ് സംരംഭകത്വത്തിനൊപ്പം ആരോഗ്യവും എന്ന ആശയത്തിലൂടെ സാന്നിധ്യം ഉറപ്പിക്കുന്നത്. ഒരിക്കലെങ്കിലും രുചിച്ച് നോക്കാന്‍ ആഗ്രഹിക്കുന്ന നാടന്‍ പലഹാരങ്ങള്‍ മുതല്‍ ബിരിയാണി, കേക്ക്, വിദേശ ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പടെ ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കഴിഞ്ഞ ജൂലൈയിലാണ് സെലിബീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്ത്രീകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലേക്കെത്താന്‍ ഏറ്റവും ലളിതവും മികച്ചതുമായ മേഖല എന്ന നിലയിലാണ് ഭക്ഷണം തിരഞ്ഞെടുക്കുന്നത്. ആരംഭിച്ച് 50 ദിവസങ്ങള്‍ക്കുളളില്‍ തന്നെ ആറ് ലക്ഷം രൂപയുടെ ബിസിനസും 120ഓളം ആഘോഷങ്ങളുമാണ് സെലിബീസിനെ തേടി എത്തിയത്. ഇന്ന് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുളള അമ്പതോളം സ്ഥിരം ഉപഭോക്താക്കള്‍ക്ക് പുറമെ വീടുകളില്‍ നിന്നും സ്ഥിരം ഉപഭോക്താക്കളുണ്ട്. ആലുവ മുതല്‍ ഫോര്‍ട്ട്‌കൊച്ചി വരെ സേവനം ലഭ്യമാക്കുന്ന സെലിബീസിന് 520 ഷെഫുമാരുമുണ്ട്. ഷെഫുമാരുടെ പട്ടികയില്‍ ഇടം നേടി പ്രതിദിനം നിരവധി അന്വേഷങ്ങളാണ് സെലിബീസിലേക്കെത്തുന്നത്. ഇന്‍ഫോപാര്‍ക്കിലെ തങ്ങളുടെ ഓഫീസിലെ ആഘോഷങ്ങളില്‍ നിന്ന് തന്നെ നേരിട്ട അനുഭവങ്ങളുമാണ് ഫൈസല്‍ എം ഖാലിദിനെയും ഭാര്യ സുനിത ഫൈസലിനെയും സെലിബീസ് എന്ന സംരംഭത്തിലേക്ക് നയിക്കുന്നത്.

സ്വന്തമായി സംരംഭം ആരംഭിക്കണമെന്ന തീവ്രമായ ആഗ്രഹമുളളപ്പോഴും മുതല്‍മുടക്ക് ഉള്‍പ്പടെയുളള നിരവധി കാരണങ്ങളാല്‍ ഇത് സാധിക്കാതെ അടുക്കളയിലേക്ക് തന്നെ ചുരുങ്ങുന്ന നിരവധി വീട്ടമ്മമാരുണ്ട്. ഇത്തരം സ്ത്രീകള്‍ക്ക് വലിയ അവസരം കൂടിയാണ് സെലിബീസ് ഒരുക്കുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗവും മറ്റ് ജില്ലകളില്‍ നിന്നോ വീട്ടില്‍ നിന്നും ഏറെ ദൂരെ നിന്നും എത്തുന്നവരുമായിരിക്കും. ഇത്തരക്കാര്‍ക്ക് വീട്ടിലെ ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോഴും ആശ്രയമാവുകയാണ് സെലിബീസ്. പാചകത്തോട് അഭിനിവേശമുളള ഏതൊരു സ്ത്രീക്കും തങ്ങളുടേതായ മാസ്റ്റര്‍പീസുകളുണ്ടായിരിക്കും. മായമോ കൃത്രിമ രുചിക്കൂട്ടുകളോ ചേര്‍ക്കാതെ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കന്നത് പോലെ സ്വാദിഷ്ടവും, വൃത്തിയോടും കൂടി ഭക്ഷണം തയ്യാറാക്കാന്‍ സാധിക്കുന്ന ഏതൊരു സ്ത്രീക്കും സെലിബീസ് ഷെഫ് പട്ടികയില്‍ ഇടം നേടാം. പാചകത്തോട് അഭിനിവേശമുളള സ്ത്രീകളെ കണ്ടെത്തി പരിശീലനം നല്‍കി, എഫ്എസ്എസ്എഐ അംഗീകാരത്തോടെയാണ് സെലിബീസിന്റെ ഭാഗമാക്കുക.

മറ്റ് ഭക്ഷണ വിതരണ കമ്പനികള്‍ രാവിലെ മുതല്‍ പാതിരാത്രി വരെ സജീവമായിരിക്കുന്ന ഹോട്ടലുകളില്‍ നിന്നും ഭക്ഷണം എത്തിക്കുമ്പോള്‍ സെലിബീസിന് 18 മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെന്നതാണ് കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി. ഷെഫുമാര്‍ വീട്ടമ്മമാര്‍ ആയതിനാല്‍ തന്നെ അവര്‍ക്ക് വീട്ടിലെ മറ്റ് ജോലികളും ചെയ്യേണ്ടതായുണ്ട്. തങ്ങളുടെ സ്ഥിരം കാര്യങ്ങള്‍ മാറ്റിവെക്കാതെ തന്നെ വരുമാനം നേടാന്‍ വീട്ടമ്മമാരെ സഹായിക്കാനാണ് സെലിബീസിന്റെ ശ്രമം. അതിനാല്‍ തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങളാണ് ലഭിക്കുക. സ്ഥിരം ഉപഭോക്താക്കളില്‍ നിന്നും പെട്ടന്നുളള ഓര്‍ഡറുകള്‍ എത്തുമ്പോള്‍ ഷെഫുമാരുമായി സംസാരിച്ച് ഭക്ഷണം എത്തിക്കാനും സെലിബീസിന് സാധിക്കാറുണ്ടെന്ന് സെലിബീസ് മാനേജിംഗ് ഡയറക്ടര്‍ സുനിത ഫൈസല്‍ പറയുന്നു.

സാധാരണക്കാര്‍ക്കിടയിലേക്ക് കൂടുതല്‍ സജീവമാകുന്നതിന്റെ ഭാഗമായി ചെറിയ ആഘോഷ പാര്‍ട്ടികള്‍ക്ക് ഭക്ഷണവും ഹാളും ഉള്‍പ്പടെ 4 സ്റ്റാര്‍ ഹോട്ടലുകളില്‍ ആഘോഷിക്കാന്‍ ‘സെലിബീസ് സ്റ്റാര്‍ ഫ്യൂഷന്‍’ എന്നൊരു ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. 100 പേര്‍ക്ക് ഭക്ഷണമുള്‍പ്പടെ 25,000 രൂപയ്ക്ക് 4 സ്റ്റാര്‍ ഹോട്ടലില്‍ ഭംഗിയായി ആഘോഷിക്കാന്‍ കഴിയും. 325 രൂപയ്ക്ക് ബിരിയാണി ഉള്‍പ്പടെയുളള ഭക്ഷണവും ലഭിക്കും. ഭക്ഷണ മേഖലയില്‍ സാന്നിധ്യം ശക്തമാകുന്നതോടെ ഫാഷനിലേക്കും ഡാറ്റാ എന്‍ട്രി ഉള്‍പ്പടെയുളള ഐടി ജോലികളിലൂടെയും സ്ത്രീ ശാക്തീകരണത്തിലേക്ക് കടക്കുന്നതിനുളള തയ്യാറെടുപ്പിലാണ് സെലിബീസെന്ന് സിഇഒ ഫെസല്‍ എം ഖാലിദ് പറയുന്നു. 2020ഓടെ ബെഗലൂരു, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

Categories: FK Special
Tags: Celebees, Startup