ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത അര്‍ബുദ, എംഎസ് രോഗികള്‍ക്ക് യുഎഇ ചികിത്സ ലഭ്യമാക്കും

ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത അര്‍ബുദ, എംഎസ് രോഗികള്‍ക്ക് യുഎഇ ചികിത്സ ലഭ്യമാക്കും

റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സുമായും മന്‍സില്‍ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക

ദുബായ്: അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്‌ക്‌ളീറോസിസ് (എംഎസ്) എന്നീ രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന വരുമാനം കുറഞ്ഞ, ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത രോഗികള്‍ക്ക് യുഎഇ ചികിത്സാ സൗകര്യമൊരുക്കും. ഇതിനായി റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സുമായും മന്‍സില്‍ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസുമായും യുഎഇ ആരോഗ്യ മന്ത്രാലയം(എംഒഎച്ച്എപി) കരാറില്‍ ഒപ്പുവെച്ചു.

സമൂഹത്തില്‍ അനുതാപം, സഹാനുഭൂതി, മാനുഷിക മൂല്യങ്ങള്‍ എന്നിവ വളര്‍ത്താന്‍ ലക്ഷ്യമിട്ട് എംഒഎച്ച്എപി കഴിഞ്ഞ വര്‍ഷം ആരംഭിച്ച ‘പേഷ്യന്റ് സപ്പോര്‍ട്ട്’ പദ്ധതിയുടെ ഭാഗമാണ് കരാര്‍. കരാര്‍ പ്രകാരം റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സ് യുഎഇയില്‍ പ്രതിവര്‍ഷം നൂറ് രോഗികള്‍ക്ക് എട്ട് പുതിയ അര്‍ബുദ, എംസ് മരുന്നുകള്‍ വിതരണം ചെയ്യും.

പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതിനായി യോഗ്യരായ രോഗികള്‍ അവരുടെ ഡോക്ടര്‍മാരുടെ ശുപാര്‍ശ സഹിതം മന്‍സില്‍ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസിനെ സമീപിക്കണം. പരിശോധനകള്‍ക്ക് ശേഷം മന്‍സില്‍ ഹെല്‍ത്ത്‌കെയര്‍ റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സുമായി ബന്ധപ്പെട്ട് നിര്‍ദ്ദിഷ്ട ചികിത്സയ്ക്ക് രോഗി യോഗ്യനാണെന്ന് അറിയിക്കും. പിന്നീട് രോഗിയുടെ സമ്മതപത്രത്തോടെ ചികിത്സ ലഭ്യമാക്കും. രോഗിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്ന് എംഒഎച്ച്എപിയിലെ ഔഷധ വിഭാഗം ഡയറക്ടര്‍ ഡോ.റുഖിയ അല്‍ ബസ്തകി അറിയിച്ചു.

ആരോഗ്യ ഇന്‍ഷുറന്‍സില്‍ അര്‍ബുദം, എംഎസ് എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സ ഉള്‍പ്പെടാത്ത വരുമാനം കുറഞ്ഞ രോഗികളും സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണ്.

Comments

comments

Categories: Arabia

Related Articles