ബ്രേവ് എന്ന സ്വകാര്യത ഉറപ്പാക്കുന്ന ബ്രൗസര്‍

ബ്രേവ് എന്ന സ്വകാര്യത ഉറപ്പാക്കുന്ന ബ്രൗസര്‍

നമ്മളില്‍ പലരും ഗൂഗിള്‍ ക്രോം ബ്രൗസറായി ഉപയോഗിക്കുന്നവരാണ്. ചില ഘട്ടങ്ങളില്‍ മോസില ഫയര്‍ഫോക്‌സും ഉപയോഗിക്കും. എന്നാല്‍ ബ്രേവ് എന്ന പുതിയ ബ്രൗസര്‍ രംഗത്തുവന്നിരിക്കുകയാണ്. സ്വകാര്യത ഉറപ്പാക്കുമെന്നു വാഗ്ദാനം ചെയ്തു കൊണ്ടാണ് ബ്രേവ് ബ്രൗസര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഒരു വെബ് പേജിലേക്ക് നമ്മള്‍ പ്രവേശിക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ പോപ് അപ്പ്‌സിന്റെയും, ഫഌഷിംഗ് ബാനറിന്റെയും രൂപത്തില്‍ എത്രയോ പരസ്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് ബ്രൗസറില്‍ നമ്മളെ ട്രാക്ക് ചെയ്യുന്ന സംവിധാനം ഉള്ളതു കൊണ്ടാണു സംഭവിക്കുന്നത്

ഇന്ന് ഓണ്‍ലൈനില്‍ ഓരോ വ്യക്തിയുടെയും ഡാറ്റയുടെ സ്വകാര്യത സംരക്ഷിക്കുകയെന്നതാണു വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത്. ഫേസ്ബുക്ക് പ്രതി സ്ഥാനത്തുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതി പുറം ലോകം അറിഞ്ഞതോടു കൂടി ഓരോ ടെക് കമ്പനികളും സംശയ നിഴലിലാണ്. ഇതേത്തുടര്‍ന്നു ഓരോ യൂസര്‍മാരുടെയും വിശ്വാസ്യതയാര്‍ജ്ജിക്കാനായി ടെക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന അഥവാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ യൂസറിന്റെ സ്വകാര്യത ഉറപ്പാക്കാന്‍ വലിയ മുന്‍കരുതലുകളാണെടുക്കുന്നത്. നമ്മളുടെയെല്ലാം ഓരോ ദിവസവും ഓണ്‍ലൈനില്‍ പ്രവേശിക്കാതെ കടന്നു പോകുന്നില്ല. ഇ-മെയ്ല്‍ പരിശോധിക്കാത്ത, ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനില്‍ തിരയല്‍ നടത്താത്ത, ഫേസ്ബുക്ക്, ഇന്‍സ്റ്റാ, ടിന്‍ഡര്‍, ടിക്ക് ടോക്ക്, യു ട്യൂബ് പോലുള്ള നവമാധ്യമങ്ങളില്‍ പ്രവേശിക്കാത്ത എത്ര പേരുണ്ടാകും. വളരെ കുറച്ചു പേര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഇനി ഉണ്ടെങ്കില്‍ തന്നെ അവര്‍ പഴയ തലമുറയില്‍പ്പെട്ടവരുമായിരിക്കും. ഭൂരിഭാഗം കൗമാരപ്രായക്കാരും, യുവാക്കളും മേല്‍ പറഞ്ഞ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരാണ്. ഇത്തരത്തില്‍, ഓരോരുത്തരുടെയും ഓണ്‍ലൈനിലെ സംസര്‍ഗം വര്‍ധിച്ചുവരുന്നതിനാല്‍ സ്വകാര്യത നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണു സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

നമ്മള്‍ ഓണ്‍ലൈനിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന ബ്രൗസറിലൂടെ ട്രാക്ക് ചെയ്യുന്ന പ്രവണത സമീപകാലത്തു വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു യൂസറുടെ ഓണ്‍ലൈന്‍ ഹാബിറ്റ് (online habit) അഥവാ ഓണ്‍ലൈനില്‍ പുലര്‍ത്തുന്ന സ്വഭാവം, അഭിരുചി (preferences) എന്നിവയെക്കുറിച്ചു വിവരങ്ങള്‍ ശേഖരിക്കാനാണ് ബ്രൗസറിലൂടെ ട്രാക്ക് ചെയ്യുന്നത്. ഏറെക്കുറെ എല്ലാ ബ്രൗസറുകളിലും ഈ ട്രാക്കിംഗ് പ്രവണത കാണാറുണ്ട്. ഇന്നു മുന്‍നിര ബ്രൗസറുകളായ ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, മോസില ഫയര്‍ഫോക്‌സ് എന്നിവര്‍ അവരുടെ പ്ലാറ്റ്‌ഫോമില്‍ ഒരു യൂസറെ തേഡ് പാര്‍ട്ടി ട്രാക്കര്‍മാര്‍ ട്രാക്ക് ചെയ്യുന്ന പ്രവണത തടയാനായി ശ്രമം നടത്തി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മോസില ഫയര്‍ഫോക്‌സ് എന്ന ബ്രൗസറില്‍ ട്രാക്കര്‍മാരെ ബ്ലോക്ക് ചെയ്യാന്‍ മുന്‍കൂട്ടി സജ്ജീകരിച്ച (by default) സംവിധാനമുണ്ട്. ഗൂഗിള്‍ ഈ ഫീച്ചര്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറും ഈ സംവിധാനം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഫയര്‍ഫോക്‌സിന്റെ സ്രഷ്ടാവായ ബ്രണ്ടന്‍ ഐക്ക്, ബ്രേവ് (Brave) എന്ന ബ്രൗസര്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. 2015-ലാണ് ബ്രേവ് വികസിപ്പിച്ചത്. പിന്നീട് ഇത് ബീറ്റാ വേര്‍ഷനില്‍ അഥവാ പരീക്ഷണാടിസ്ഥാനത്തില്‍ പ്രചരിപ്പിച്ചു. കഴിഞ്ഞ ദിവസം മുതല്‍ ആര്‍ക്കും ബ്രേവ് ബ്രൗസറിനെ ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധം ലഭ്യമാക്കുകയും ചെയ്തിരിക്കുകയാണ്. തേഡ് പാര്‍ട്ടി ട്രാക്കര്‍മാരെ ബ്ലോക്ക് ചെയ്യുമെന്നു മാത്രമല്ല, പരസ്യങ്ങള്‍ (ads), ഓട്ടോ പ്ലേ വീഡിയോ അങ്ങനെ പലതും പ്രത്യേകം സജ്ജീകരിച്ച സംവിധാനത്തിലൂടെ ബ്ലോക്ക് ചെയ്യും ഈ ബ്രേവ്. (ഒരു യൂസര്‍ വെബ് പേജിലേക്ക് പ്രവേശിക്കുമ്പോള്‍ അയാളുടെ അനുവാദമില്ലാതെ തന്നെ യാന്ത്രികമായി ആരംഭിക്കുന്ന ഓഡിയോ വിഷ്വല്‍ കണ്ടന്റാണ് ഓട്ടോ പ്ലേ വീഡിയോ. ഇവ ഭൂരിഭാഗവും പരസ്യങ്ങളായിരിക്കും).

ബ്രേവ് ബ്രൗസറില്‍ യൂസര്‍ക്ക് സെറ്റിംഗ്‌സ് (settings) ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാന്‍ സാധിക്കും. പക്ഷേ, അതിന്റെയൊന്നും ആവശ്യം വരില്ലെന്നാണു കമ്പനി പറയുന്നത്. അല്ലാതെ തന്നെ ബ്രൗസര്‍ സുരക്ഷയ്ക്കുള്ള പ്രത്യേകം സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടാവും. സാങ്കേതികമായി വലിയ പരിജ്ഞാനമില്ലാത്തൊരാള്‍ക്കു പോലും ഈ ബ്രൗസര്‍ സുഗമമായും, സുരക്ഷ ഉറപ്പാക്കി കൊണ്ടും ഉപയോഗിക്കാന്‍ സാധിക്കും വിധമാണു സജ്ജീകരിച്ചിരിക്കുന്നത്. സാധാരണയായി വെബ് പേജിലേക്ക് ഒരു യൂസര്‍ പ്രവേശിക്കുമ്പോള്‍ ആ പേജില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളും ഓട്ടോ പ്ലേ വീഡിയോയും വരുമാന സ്രോതസുകളാണ്. ഇവ ബ്ലോക്ക് ചെയ്യുന്നതിലൂടെ ബ്രൗസറിലെ യൂസര്‍ എക്‌സ്പീരിയന്‍സ് മികച്ചതാക്കുമെങ്കിലും, വരുമാനത്തിനു ദോഷകരമാണെന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇപ്പോള്‍ ബ്രേവ് ബ്രൗസര്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കണ്ടുപിടിച്ചിരിക്കുന്ന ഒരു സൂത്രം എന്തെന്നുവച്ചാല്‍ ബ്രേവ് ആഡ്‌സ് (Brave Ads) എന്ന പേരിലൊരു പുതിയ അഡ്വര്‍ടൈസിംഗ് മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്. സ്വകാര്യത സംരക്ഷിച്ചു കൊണ്ട് പരസ്യം പ്രത്യക്ഷപ്പെടുന്നതിന് ഒരു യൂസര്‍ അനുവദിക്കുകയാണെങ്കില്‍ ആ പരസ്യത്തിലൂടെ കമ്പനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 70 ശതമാനം യൂസറുമായി പങ്കുവയ്ക്കുമെന്നും ബാക്കി 30 ശതമാനം കമ്പനി സ്വന്തമാക്കുകയും ചെയ്യുന്ന സംവിധാനമാണ് ബ്രേവ് ആഡ്‌സിലുള്ളത്.

ബേസിക് അറ്റന്‍ഷന്‍ ടോക്കന്‍ (bat) എന്ന് വിളിക്കുന്ന ക്രിപ്‌റ്റോ കറന്‍സി ടോക്കണുകളുടെ രൂപത്തിലായിരിക്കും കമ്പനി പേയ്‌മെന്റ് നല്‍കുന്നത്. ബ്രേവ് ആഡ്‌സ് ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. ബ്രേവ് ആഡ്‌സ് തെരഞ്ഞെടുക്കണമെങ്കില്‍ ആദ്യം യൂസര്‍ ബ്രേവ് റിവാര്‍ഡ്‌സ് (Brave Rewards) സെലക്റ്റ് ചെയ്യേണ്ടതുണ്ട്. ബ്രേവ് റിവാര്‍ഡ്‌സ് എന്നു പറയുന്നത് വെബ്ബിനെ ഫണ്ട് ചെയ്യുന്നതിനുള്ള കമ്പനിയുടെ ശ്രമമാണ്. ഓണ്‍ലൈനിലുള്ള കണ്ടന്റ് ക്രിയറ്റേഴ്‌സിനെയും പബ്ലിഷര്‍മാരെയും ബ്രേവ് റിവാര്‍ഡ്‌സ് എന്ന പദ്ധതിയിലൂടെ യൂസര്‍ക്ക് സഹായിക്കാന്‍ അവസരം ലഭിക്കും. യൂസര്‍ക്ക് ബ്രേവ് ആഡ്‌സ് ഫീച്ചറിലൂടെ ലഭിക്കുന്ന ബേസിക് അറ്റന്‍ഷന്‍ ടോക്കണ്‍ ഉപയോഗിച്ചു കൊണ്ട് കണ്ടന്റ് ക്രിയറ്റേഴ്‌സിനെയും പബ്ലിഷര്‍മാരെയും സഹായിക്കാനാവും. ബ്രേവ് ആഡ്‌സ് ഇനേബിള്‍ (enable) ചെയ്യാന്‍ അഥവാ സജ്ജമാക്കാന്‍ ബ്രേവ് റിവാര്‍ഡ്‌സ് തെരഞ്ഞെടുത്താല്‍ മതി. അപ്പോള്‍ ബ്രേവ് ആഡ്‌സ് സ്വാഭാവികമായും ഇനേബിള്‍ ആകും.

ഡെസ്‌ക് ടോപ്പ് ഉപയോഗിക്കുന്നവരില്‍ 70 ശതമാനവും ക്രോമിന്റെ ഉപയോക്താക്കള്‍

ഇന്ന് ലോകത്ത് ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ 70 ശതമാനവും ഗൂഗിളിന്റെ ക്രോം ആണ് ബ്രൗസിംഗിന് ഉപയോഗിക്കുന്നതെന്നു 2019 ജൂണില്‍ പുറത്തിറങ്ങിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ ഗൂഗിളിന്റെ ആധിപത്യം 13 ശതമാനമായിട്ടാണു വര്‍ധിച്ചതെന്ന് അനലിറ്റിക്‌സ് സ്ഥാപനമായ സ്റ്റാറ്റിസ്റ്റ പറയുന്നു. ലോകമെമ്പാടുമായി ഇന്നു ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരുടെ എണ്ണം 100 കോടിയിലുമേറെയാണ്. തൊട്ടടുത്ത എതിരാളിയായ മോസിലയുടെ ഫയര്‍ഫോക്‌സിന് 10 കോടിയിലേറെയും യൂസര്‍മാരുണ്ട്.

ഡാറ്റ ശേഖരിക്കുന്നത് ലഘൂകരിക്കും

ഇന്ന് ഗൂഗിളും, ഫേസ്ബുക്കുമൊക്കെ ഡാറ്റ ബിസിനസിലേര്‍പ്പെടുന്നുണ്ടെന്നതു നമ്മള്‍ വിവിധ റിപ്പോര്‍ട്ടുകളിലൂടെ വായിച്ചറിഞ്ഞിട്ടുള്ള കാര്യമാണ്. ബ്രൗസിംഗിലൂടെയും, മാപ്പ് സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെയുമൊക്കെ യൂസറിന്റെ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിക്കുന്നു. പ്രൊഫൈല്‍ സെറ്റ് ചെയ്യുന്നതിലൂടെയും, ചാറ്റിംഗ് പോലുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിലൂടെയും ഫേസ്ബുക്കും സമാനമായ രീതിയില്‍ യൂസറിന്റെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഒരു യൂസറെ കുറിച്ചുള്ള വിശദമായ അറിവ് നേടുന്നതിലൂടെ, യൂസറുടെ താല്‍പര്യങ്ങളെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ അഥവാ അയാള്‍ക്കു മുന്‍പില്‍ പ്രത്യക്ഷമാക്കാന്‍ ഗൂഗിളിനു സാധിക്കും. പരസ്യം എത്രത്തോളം വ്യക്തതയുള്ളതാണോ അത്രയും കൂടുതല്‍ പണം സമ്പാദിക്കാനുള്ള സാധ്യതയാണു ഗൂഗിളിനു വന്നു ചേരുന്നതും. ഇവിടെയാണ് ബ്രേവ് എന്ന ബ്രൗസറിന്റെ പ്രത്യേകത. വ്യക്തിഗത സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുകയും വെബ്ബിലുടനീളം ഉപയോഗിക്കുന്ന പരമ്പരാഗത പരസ്യ മോഡലിനെ തടയുകയും ചെയ്യുന്ന ക്രോമിയം (ഫ്രീ & ഓപ്പണ്‍സോഴ്‌സ് വെബ് ബ്രൗസര്‍) അധിഷ്ഠിത ബ്രൗസറാണ് ബ്രേവ്. 2015-ലാണ് ബ്രേവിനെ വികസിപ്പിച്ചതെങ്കിലും ഇത്രയും കാലം ബീറ്റാ വേര്‍ഷനായിരുന്നു. അതായത്, കുറച്ച് തെരഞ്ഞെടുത്തവര്‍ക്കു വേണ്ടി പരീക്ഷണാടിസ്ഥാനത്തിലുള്ള ബ്രൗസറായിരുന്നു ബ്രേവ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് എല്ലാവര്‍ക്കുമായി ലോഞ്ച് ചെയ്തു. ബീറ്റാ വേര്‍ഷന്‍ സമയത്ത്, ബ്രേവ് 8.7 ദശലക്ഷം യൂസര്‍മാരെ സമ്പാദിക്കുകയുണ്ടായി. ബ്രേവ് ബ്രൗസര്‍ വിന്‍ഡോസ്, ആപ്പിളിന്റെ മാക് ഒഎസ്, ഐഒഎസ്, ആന്‍ഡ്രോയ്ഡ്, ലിനക്‌സ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കും. മറ്റ് ബ്രൗസറുകളെ അപേക്ഷിച്ച് ബ്രേവിനു വേഗത കൂടുതലാണെന്നു കമ്പനി അവകാശപ്പെടുന്നു. ക്രോം, ഫയര്‍ഫോക്‌സ് എന്നിവ ഉപയോഗിച്ച് പ്രധാനപ്പെട്ട ന്യൂസ് വെബ്‌സ്റ്റൈറ്റ് ലോഞ്ച് ചെയ്യുന്നതിനേക്കാള്‍ രണ്ട് മുതല്‍ എട്ട് മടങ്ങ് വരെ വേഗത്തില്‍ ബ്രേവ് ബ്രൗസറില്‍ ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിനുള്ള കാരണമായി കമ്പനി പറയുന്നത്, ബ്രേവ് ബ്രൗസറില്‍ പരസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്രാക്കേഴ്‌സ് (trackers) ഇല്ലാത്തതു കൊണ്ടാണെന്നാണ്.

Comments

comments

Categories: Top Stories