ബിജെപിയുമായി സഹകരിക്കുന്നതിന് വിമുഖതയില്ല: കുമാരസ്വാമി

ബിജെപിയുമായി സഹകരിക്കുന്നതിന് വിമുഖതയില്ല: കുമാരസ്വാമി

ബെംഗളൂരു: ബിജെപിയുമായി സഹകരിക്കുന്നതിന് ജനതാദള്‍ സെക്കുലറിന് (ജെഡിഎസ് )വിമുഖതയില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും നേതാവുമായ എച്ച ഡി കുമാരസ്വാമി. മഹാരാഷ്ട്രയില്‍ തീവ്രല ഹിന്ദുത്വവാദികളായ ശിവസേനയുമായി സര്‍ക്കാരുണ്ടാക്കുന്നതിന് കോണ്‍ഗ്രസും എന്‍സിപിയും തയാറെടുക്കുന്നതിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയേക്കാള്‍ ഭേദം ബിജെപിയാണെന്ന് അദ്ദേഹം തുറന്നടിച്ചു. അടുത്തമാസം അഞ്ചിന് കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെഡിഎസ് നേതാവ് നടത്തിയ പരാമര്‍ശത്തിന് പ്രാധാന്യമേറെയാണ്.

ഈ വര്‍ഷം ആദ്യം കോണ്‍ഗ്രസ്-ജെഡി (എസ്) സഖ്യ സര്‍ക്കാര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് അധികാരത്തില്‍ വന്ന ബിജെപിക്ക് ഉപതെരഞ്ഞെടുപ്പുകളിലെ 15 നിയമസഭാ സീറ്റുകളില്‍ ആറെണ്ണമെങ്കിലും ജയിക്കേണ്ടതുണ്ട്. ഇവിടെ ബിജെപിക്ക് ആവശ്യമായ സീറ്റുകള്‍ നേടാന്‍ കഴിയാതെ വന്നാല്‍ ജെഡിഎസ് അവരെ പിന്തുണച്ചേക്കുമെന്ന സൂചനയും കുമാരസ്വാമിയുടെ പ്രസ്താവനയിലുണ്ട്. അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി വിധി വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞിരുന്നു. പലരും ബിജെപി കൂടാരത്തിലേക്ക് ചേക്കേറുകയും ചെയ്തു.

കുമാരസ്വാമിയുടെ പ്രസ്താവനയെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. അവിടെ ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ ജനതാദളുമായി സഹകരിക്കുക എന്ന ഒരു ഓപ്ഷനും അവര്‍ക്കുമുന്നിലുണ്ടായിരുന്നു. ബിജെപിയും സംസ്ഥാനത്ത് ശക്തമായ അടിത്തറയുള്ള പാര്‍ട്ടിയാണ്. അതിനാല്‍ ഭരണം നഷ്ടപ്പെടാതെ നിലര്‍ത്താന്‍ ചിലപ്പോള്‍ ജനതാദളിന്റെ സഹായം ആവശ്യമായി വരും. ഈ സാഹചര്യം നിലനില്‍ക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. എന്നാല്‍ കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യമില്ലെന്നാണ് ജെഡിഎസിന്റെ നിലപാട്. ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയത്. മതേതര യോഗ്യതകള്‍ ഉപേക്ഷിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയാല്‍ ഇനി തന്റെ പാര്‍ട്ടിയെ വിമര്‍ശിക്കരുതെന്ന് കുമാരസ്വാമി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളെക്കുറിച്ച് കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളതെന്ന് കുമാരസ്വാമി ചോദിക്കുന്നു. ബിജെപിയേക്കാള്‍ ശക്തമായ ഹിന്ദുത്വനിലപാടാണ് ശിവസേനക്കുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അവര്‍ അത്തരമൊരു പ്രത്യയശാസ്ത്രവുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കോണ്‍ഗ്രസ് ജെഡിഎസിലേക്ക് വിരല്‍ ചൂണ്ടുകയും ബിജെപിയുമായി കൂടുതല്‍ അടുക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്നുവെന്ന് കുമാരസ്വാമി ഒരു പരിപാടിയില്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ബിജെപിയെയും സഖ്യകക്ഷികളെയും വര്‍ഗീയമെന്ന് വിളിച്ചുകൊണ്ടിരിക്കുന്നു, എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

”ഇന്ന് എല്ലാ പാര്‍ട്ടികളും അവസരവാദ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. തങ്ങളുടെ പാര്‍ട്ടിക്ക് പ്രയോജനകരമായത് അവര്‍ ചെയ്യുന്നു. ജെഡിഎസിനെ വിമര്‍ശിക്കുന്നതിനുമുമ്പ് മറ്റു പാര്‍ട്ടികള്‍ സ്വന്തം പ്രവൃത്തികള്‍ നോക്കേണ്ടതുണ്ട്. ഇപ്പോള്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ജെഡി (എസ്) 2006 ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. അക്കാലത്തും കുമാരസ്വാമിയിരുന്നു മുഖ്യമന്ത്രി.

Comments

comments

Categories: Politics