മാര്‍ക്കസ് ഡ്യൂസ്മാന്‍ പുതിയ ഔഡി സിഇഒ

മാര്‍ക്കസ് ഡ്യൂസ്മാന്‍ പുതിയ ഔഡി സിഇഒ

നിലവിലെ സിഇഒ ബ്രാം ഷോട്ടിന് പകരമാണ് അമ്പതുകാരനായ പുതിയ മേധാവി വരുന്നത്

ബെര്‍ലിന്‍: മുന്‍ ബിഎംഡബ്ല്യു എക്‌സിക്യൂട്ടീവ് മാര്‍ക്കസ് ഡ്യൂസ്മാനെ ഔഡിയുടെ പുതിയ മേധാവിയായി നിയമിച്ചു. നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രാം ഷോട്ട് പരസ്പര ഉടമ്പടിയോടെ പിരിഞ്ഞതിനെതുടര്‍ന്നാണ് പുതിയ മേധാവി വരുന്നത്. ഔഡി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി 2020 ഏപ്രില്‍ ഒന്നിന് മാര്‍ക്കസ് ഡ്യൂസ്മാന്‍ ചുമതലയേല്‍ക്കും. ഔഡിയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന് മാര്‍ക്കസ് ഡ്യൂസ്മാന് കഴിയുമെന്ന് മാതൃ കമ്പനിയായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മേധാവിയും ഔഡി മാനേജ്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായ ഹെര്‍ബര്‍ട്ട് ഡീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പുതിയ നിയമനത്തിന് ഈ മാസം 15 നാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ മാനേജ്‌മെന്റ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. അമ്പതുകാരനായ മാര്‍ക്കസ് ഡ്യൂസ്മാന്‍ 1992 മുതല്‍ വാഹന വ്യവസായ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. മെഴ്‌സേഡസ് ബെന്‍സില്‍ ഡീസല്‍ എന്‍ജിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2016 ല്‍ ബിഎംഡബ്ല്യു എക്‌സിക്യൂട്ടീവ് സംഘത്തില്‍ ചേര്‍ന്നു. പര്‍ച്ചേസിംഗ് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് ബിഎംഡബ്ല്യു വിട്ടത്.

ഡീസല്‍ഗേറ്റ് തട്ടിപ്പിനെതുടര്‍ന്ന് റൂപ്പര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ഔഡി സിഇഒ ആയി ബ്രാം ഷോട്ട് നിയമിതനായത്. രണ്ട് വര്‍ഷത്തില്‍ താഴെ മാത്രമാണ് ബ്രാം ഷോട്ട് ആ സ്ഥാനത്ത് ഇരുന്നത്. ഔഡിയില്‍ ശരിയായ സമയത്ത് വന്നുചേര്‍ന്ന ശരിയായ മനുഷ്യനായിരുന്നു ബ്രാം ഷോട്ട് എന്ന് ഔഡി ഡെപ്യൂട്ടി ചെയര്‍മാന്‍ പീറ്റര്‍ മോഷ് പ്രശംസ ചൊരിഞ്ഞു.

Comments

comments

Categories: Auto