ആദ്യദിനത്തില്‍ 7.6 ബില്യണ്‍ ദിര്‍ഹത്തിന്റെ പ്രതിരോധ കരാറുകള്‍

ആദ്യദിനത്തില്‍ 7.6 ബില്യണ്‍ ദിര്‍ഹത്തിന്റെ പ്രതിരോധ കരാറുകള്‍

ദുബായ്: എയര്‍ഷോയുടെ ആദ്യ ദിനത്തില്‍ യുഎഇ 7.6 ബില്യണ്‍ ദിര്‍ഹം മൂല്യം വരുന്ന പത്തിലധികം പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ചു. യുഎഇ സായുധ സേനകളുടെയും വ്യോമസേനയുടെയും ആവശ്യങ്ങള്‍ക്കുള്ള യുദ്ധസാമഗ്രികള്‍, ആയുധ ഭാഗങ്ങള്‍, അവയുടെ അറ്റകുറ്റപ്പണികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കരാറുകള്‍. ഗ്ലോബല്‍ എയറോസ്‌പേസ് ലോജിസ്റ്റിക്‌സ്, എംബിഡിഎ ഫ്രാന്‍സ്, ദസ്സോള്‍ട്ട് ഏവിയേഷന്‍, ലോക്ഹീഡ് മാര്‍ട്ടിന്‍ അടക്കമുള്ള പ്രമുഖ കമ്പനികളുമായാണ് യുഎഇ കരാറില്‍ ഒപ്പുവെച്ചത്.

ദുബായില്‍ പുതിയ ഹെലികോപ്ടര്‍ ഹബ്ബ് തുറക്കും

എക്‌സ്‌പോ 2020 വേദിയുടെ സമീപത്തായി അടുത്ത വര്‍ഷം ദുബായില്‍ പുതിയ റോട്ടോര്‍ക്രാഫ്റ്റ് ടെര്‍മിനല്‍ തുറക്കും. സുസ്ഥിരവും ആധുനികവുമായ ഗതാഗത സംവിധാനങ്ങള്‍ക്കുള്ള വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് ലിയനാര്‍ഡോ ആന്‍ഡ് ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വീസസാണ് ദുബായില്‍ പുതിയ ഹെലികോപ്ടര്‍ ഹബ്ബ് പദ്ധതിയിടുന്നത്. ഒരു ഹെലിപാഡ്, ഷോറൂം, വിശ്രമ മുറി എന്നിവ ഈ ഹെലിപോര്‍ട്ടില്‍ ഉണ്ടാകും.

14 ബില്യണ്‍ ഡോളറിന്റെ എയര്‍ അറേബ്യ-എയര്‍ബസ് കരാര്‍

യുഎഇ ആസ്ഥാനമായുള്ള ചിലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ അറേബ്യ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസുമായി 14 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു. എയര്‍ബസിന്റെ 120 എ320 വിമാനങ്ങള്‍ വാങ്ങുന്നതിനാണ് കരാര്‍. കരാറിന്റെ ഭാഗമായുള്ള വിമാനങ്ങളുടെ ആദ്യഘട്ട വിതരണം 2024ല്‍ ഉണ്ടാകുമെന്ന് എയര്‍ അറേബ്യ സിഇഒ അദേല്‍ അല്‍ അലി പ്രതീക്ഷ പ്രകടിപ്പിച്ചു.

എമിറേറ്റ്‌സ് 50 എയര്‍ബസ് 350 വിമാനങ്ങള്‍ വാങ്ങും

എയര്‍ഷോയില്‍ എമിറേറ്റ്‌സ് വിമാനക്കമ്പനി 50 എ350-900 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 16 ബില്യണ്‍ ഡോളറിന്റെ കരാര്‍ പ്രഖ്യാപിച്ചു. 2023 ഓടെ കരാറിന്റെ ഭാഗമായുള്ള വിമാനങ്ങള്‍ ലഭിച്ചുതുടങ്ങും. 30 എ350-900 വിമാനങ്ങള്‍ക്കും 40 എ330-900 വിമാനങ്ങള്‍ക്കുമായി ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ഇടപാടിന് പകരമായിരിക്കും പുതിയ ഇടപാടെന്ന് എമിറേറ്റ്‌സ് ചെയര്‍മാനും സിഇഒയുമായ അബമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അറിയിച്ചു.

പശ്ചിമേഷ്യന്‍ വികസന പദ്ധതികള്‍ ഉടനില്ല: കാത്തെ പസഫിക്

ഹോങ്കോംഗ് ആസ്ഥാനമായുള്ള കാത്തെ പസഫിക് പശ്ചിമേഷ്യന്‍ മേഖലയിലേക്ക് ഉടന്‍ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കില്ല. നിലവില്‍ കമ്പനി സര്‍വീസ് നടത്തുന്ന പാതകളില്‍ ആവശ്യകത വര്‍ധിക്കുമെന്നാണ് കമ്പനി കരുതുന്നതെന്ന് കാത്തെ പസഫികിന്റെ പശ്ചിമേഷ്യ വിഭാഗം മാനേജര്‍ വിഷ്ണു രാജേന്ദ്രന്‍ വ്യക്തമാക്കി. നിലവില്‍ ഹോങ്കോംഗില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള രണ്ട് സര്‍വീസുകളും ഒരു ഹോങ്കോംഗ്- ബഹ്‌റൈന്‍ -ദുബായ് കണക്ഷന്‍ സര്‍വീസുമാണ് പശ്ചിമേഷ്യയില്‍ കാത്തെ പസഫികിനുള്ളത്.

Comments

comments

Categories: Arabia