എമിറാറ്റികള്‍ക്ക് ആറ് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം

എമിറാറ്റികള്‍ക്ക് ആറ് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം

ബെംഗളൂരു, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഇതിനുള്ള സൗകര്യമുണ്ടായിരിക്കുക

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ പൗരന്മാര്‍ക്ക് രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങളും ജനങ്ങള്‍ക്കിടയിലെ വ്യാപാരബന്ധങ്ങളും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എമിറാറ്റികള്‍ക്ക് ഇന്ത്യ വിസ ഓണ്‍ അറൈവല്‍ സേവനം നല്‍കുന്നത്.

ബെംഗളൂരു, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഈ സേവനം ആരംഭിച്ചു.

ബിസിനസ്, ടൂറിസം, കോണ്‍ഫറന്‍സ്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്ന എമിറാറ്റികള്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ സേവനം ലഭിക്കുക. 60 ദിവസമായിരിക്കും ഈ വിസയുടെ കാലാവധി. ഈ കാലയളവില്‍ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഇന്ത്യാസന്ദര്‍ശനത്തിന് ഇ-വിസയോ സാധാരണ വിസയോ ഉള്ള യുഎഇ പൗരന്മാര്‍ക്ക് മാത്രമായിരിക്കും വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉണ്ടായിരിക്കുക.

യുഎഇയ്ക്ക് പുറമേ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഇന്ത്യ വിസ ഓണ്‍ അറൈവല്‍ സേവനം നല്‍കുന്നത്. 170 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ ഇ-വിസ സേവനം നല്‍കുന്നുണ്ട്.

മാനദണ്ഡങ്ങള്‍

  • നേരത്തേ ഇ-വിസ അല്ലെങ്കില്‍ സാധാരണ വിസ നേടിയവരായിരിക്കണം
  • ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നവരാണെങ്കില്‍ ഇ-വിസയ്‌ക്കോ പേപ്പര്‍ വിസയ്‌ക്കോ അപേക്ഷിച്ചിരിക്കണം
  • പാക് വംശജരായ യുഎഇ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കില്ല
  • ജപ്പാന്‍, ദക്ഷിണ കൊറിയ പൗരന്മാര്‍ക്ക് ബാധകമായ മറ്റെല്ലാ വ്യവസ്ഥകളും ബാധകം

Comments

comments

Categories: Arabia