ലോകത്തിലെ ഏറ്റവും ചെറിയ ചാന്ദ്ര പര്യവേക്ഷണ വാഹനം യുഎഇയില്‍ പരീക്ഷിക്കും

ലോകത്തിലെ ഏറ്റവും ചെറിയ ചാന്ദ്ര പര്യവേക്ഷണ വാഹനം യുഎഇയില്‍ പരീക്ഷിക്കും

ചന്ദ്രനിലേതിന് സമാനമായ ഉപരിതലങ്ങളുള്ള യുഎഇയിലെ ഭൗമോപരിതലത്തില്‍ പരീക്ഷിക്കും

ദുബായ്: ലോകത്തിലെ ഏറ്റവും ചെറിയ ചാന്ദ്ര പര്യവേക്ഷണ വാഹനത്തിന്റെ പരീക്ഷണത്തിന് യുഎഇ ഇടമൊരുക്കും. യുകെ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ സ്‌പേസ്ബിറ്റിന്റെ സ്‌പൈഡര്‍ മൂണ്‍ റോവറാണ് യുഎഇയില്‍ പരീക്ഷണത്തിന് തയാറെടുക്കുന്നത്. അടുത്ത വര്‍ഷമാണ് സ്‌പൈഡറിന്റെ വിക്ഷേപണം.

നിലവില്‍ നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലുള്ള സ്‌പൈഡര്‍ മൂണ്‍ റോവറിന്റെ യുകെയിലെ പരീക്ഷണത്തിന് പുറമേയാണ് ചന്ദ്രനിലേതിന് സമാനമായ യുഎഇയിലെ ഭൗമോപരിതലങ്ങളില്‍ പരീക്ഷിക്കുന്നത്. യുഎഇയില്‍ എവിടെയായിരിക്കും പരീക്ഷണം നടത്തുകയെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ലെങ്കിലും അല്‍ എയ്‌നിലെ ജബെല്‍ ഹഫീത് പ്രദേശം പരീക്ഷണത്തിന് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ.

ചക്രങ്ങള്‍ക്ക് പകരം എട്ടുകാലിയുടേതിന് സമാനമായ കാലുകളാണ് സ്‌പൈഡറിന്റെ പ്രത്യേകത. ഇതാദ്യമായാണ് ചന്ദ്രോപരിതലത്തെ കുറിച്ച് പഠിക്കുന്നതിനായി കാലുകളുള്ള ചാന്ദ്ര പര്യവേക്ഷണ വാഹനത്തെ ബഹിരാകാശത്തേക്ക് അയക്കുന്നത്.

ചന്ദ്രോപരിതലത്തിലെ ലാവ ട്യൂബുകള്‍ക്ക് സമാനമായ യുഎഇയിലെ വളവുകളും ഭൂഗര്‍ഭ ഇടക്കുകളും വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് കമ്പനിക്ക് കൂടുതല്‍ വിലയിരുത്തലുകള്‍ക്ക് അവസരം നല്‍കും. യുകെയിലെ പ്രഥമ ലൂണാര്‍ ലാന്‍ഡറായ സ്‌പേസ്ബിറ്റിന്റെ ഹോപ്പറിന്റെ മാതൃകയ്‌ക്കൊപ്പം ദുബായ് എയര്‍ഷോയില്‍ സ്‌പൈഡര്‍ മൂണ്‍ റോവര്‍ അവതരിപ്പിച്ചു.

Comments

comments

Categories: Arabia
Tags: Spider moon, UAE

Related Articles