എംജി ഇസഡ്എസ് ഇവി തുടക്കത്തില്‍ അഞ്ച് നഗരങ്ങളില്‍ മാത്രം

എംജി ഇസഡ്എസ് ഇവി തുടക്കത്തില്‍ അഞ്ച് നഗരങ്ങളില്‍ മാത്രം

ഓള്‍ ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവിയുടെ ഇന്ത്യാ സ്‌പെക് മോഡല്‍ അടുത്ത മാസം അഞ്ചിന് അനാവരണം ചെയ്യും

ന്യൂഡെല്‍ഹി: എംജി മോട്ടോറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ മോഡലായ ഇസഡ്എസ് ഇവി അടുത്ത മാസം അഞ്ചിന് ഇന്ത്യയില്‍ അനാവരണം ചെയ്യാനിരിക്കേ, ഓള്‍ ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവിയുടെ വിശദാംശങ്ങളും സ്‌പെസിഫിക്കേഷനുകളും പുറത്തുവന്നു. തുടക്കത്തില്‍ ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമായിരിക്കും എംജി ഇസഡ്എസ് ഇവി ലഭിക്കുന്നത്. ഇന്ത്യാ സ്‌പെക് മോഡല്‍ അനാവരണം ചെയ്യുന്ന ഡിസംബര്‍ അഞ്ചിനുതന്നെ ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിക്കും. 2020 ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കും.

യുകെയില്‍ വില്‍ക്കുന്ന അതേ അളവുകളും സ്‌പെസിഫിക്കേഷനുകളും ഉള്ളതായിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുന്ന എംജി ഇസഡ്എസ് ഇവി. 141 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന സിങ്ക്രണസ് ഇലക്ട്രിക് മോട്ടോര്‍ കരുത്തേകും. 44.5 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് ഉപയോഗിക്കുന്നത്. ലിഥിയം അയണ്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം. എന്നാല്‍ ഇന്ത്യയില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 400 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് ലഭിക്കുമെന്ന് കിംവദന്തിയുണ്ട്. 50 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് 40 മിനിറ്റ് മതി. 7 കിലോവാട്ട് ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഏഴ് മണിക്കൂര്‍ വേണം. ഇന്ത്യയിലെ പ്രധാന എതിരാളിയായ ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്ററി പാക്ക് വലുതാണ്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഫഌറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, മുന്നിലും പിന്നിലും യുഎസ്ബി മൊബീല്‍ ചാര്‍ജിംഗ് സൗകര്യം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിയര്‍ വ്യൂ പാര്‍ക്കിംഗ് കാമറ, പനോരമിക് സണ്‍റൂഫ് എന്നിവയോടെയാണ് എംജി ഇസഡ്എസ് ഇവി വരുന്നത്. അളവുകള്‍ പരിശോധിച്ചാല്‍, 4,314 എംഎം നീളവും 1,809 എംഎം വീതിയും 1,620 എംഎം ഉയരവും വരുന്നതാണ് എംജി ഇസഡ്എസ് ഇവി. ചക്രങ്ങള്‍ക്കിടയിലെ അകലം 2,579 മില്ലി മീറ്ററാണ്.

Comments

comments

Categories: Auto
Tags: mg motors, MG ZS