ഇന്റര്‍ കണക്ഷന്‍ ചാര്‍ജുകളിലെ നയത്തില്‍ ഈ മാസം ട്രായ് അന്തിമ തീരുമാനമെടുക്കും

ഇന്റര്‍ കണക്ഷന്‍ ചാര്‍ജുകളിലെ നയത്തില്‍ ഈ മാസം ട്രായ് അന്തിമ തീരുമാനമെടുക്കും

3 വര്‍ഷത്തേക്കെങ്കിലും ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് പിന്‍വലിക്കരുതെന്നാണ് എയര്‍ടെല്‍ ആവശ്യപ്പെടുന്നത്

ന്യൂഡെല്‍ഹി: ടെലികോം മേഖലയിലെ ഇന്റര്‍കണക്ഷന്‍ ചാര്‍ജുകള്‍ പിന്‍വലിക്കുന്നത് എപ്പോള്‍ മുതല്‍ നടപ്പാക്കണമെന്ന കാര്യത്തിലെ അന്തിമ നിലപാട് ഈ മാസത്തില്‍ തന്നെ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവില്‍ പുതുവര്‍ഷം മുതല്‍ ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് സമ്പ്രദായം ഒഴിവാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് നീട്ടേണ്ടതുണ്ടോ എന്ന കാര്യത്തില്‍ കമ്പനികളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ട്രായ് അഭിപ്രായം തേടിയിട്ടുണ്ട്.

തങ്ങളുടെ വരുമാനത്തിലെ പ്രധാന ഘടകമായ ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് ഒഴിവാക്കുന്നതിനെതിരേ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രംഗത്തെത്തിയിട്ടുണ്ട്. ഒരു കോള്‍ പുറപ്പെടുന്ന നെറ്റ്‌വര്‍ക്കിന്റെ ഉടമയായ കമ്പനി കോള്‍ സ്വീകരിക്കുന്ന നെറ്റ്‌വര്‍ക്കിന്റെ ഉടമയായ കമ്പനിക്ക് നല്‍കേണ്ട തുകയാണ് ഇന്റര്‍കണക്ഷന്‍ ചാര്‍ജ്. കോളുകളില്‍ ഔട്ട് ഗോയിംഗ് കോളുകളുടെ വിഹിതം കൂടുതലായുള്ള റിലയന്‍സ് ജിയോയെ സംബന്ധിച്ചിടത്തോളെ ഇന്റര്‍ കണക്ഷന്‍ ചാര്‍ജുകള്‍ മികച്ച നേട്ടമാണ്. എന്നാല്‍ ഇന്‍കമിംഗ് കോളുകള്‍ കൂടുതലുള്ള മറ്റ് ഓപ്പറേറ്റര്‍മാരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ട്രായ് നടപടി.

ടെലികോം മേഖലയിലെ നയ രൂപീകരണത്തിനും വികസനത്തിനുമായുള്ള മികച്ച പ്രവര്‍ത്തന മാതൃകകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ശേഷി വികസനത്തില്‍ സഹകരിക്കുന്നതിനുമായുള്ള ആസിയന്‍- ട്രായ് ഉച്ചകോടിക്കിടെയാണ് ട്രായ് വൃത്തങ്ങള്‍ ഇന്റര്‍കണക്ഷന്‍ ചാര്‍ജ് സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ചാര്‍ജ് പിന്‍വലിക്കുന്നത് നീട്ടിവെച്ചാല്‍ സൗജന്യ വോയ്‌സ് കോളുകളുടെ കാലം അവസാനിപ്പിക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോള്‍ തന്നെ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകളില്‍ ജിയോ നേരിയ തോതില്‍ നിരക്ക് ഈടാക്കി തുടങ്ങിയിട്ടുണ്ട്. ചുരുങ്ങിയത് 3 വര്‍ഷത്തേക്കെങ്കിലും ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് പിന്‍വലിക്കരുതെന്നാണ് എയര്‍ടെല്‍ ആവശ്യപ്പെടുന്നത്.

Comments

comments

Categories: Current Affairs