മനുഷ്യന്‍: വംശനാശഭീഷണി നേരിടുന്ന ഒരു ജീവി

മനുഷ്യന്‍: വംശനാശഭീഷണി നേരിടുന്ന ഒരു ജീവി

രണ്ട് കിലോമീറ്ററോ അതില്‍ കൂടുതലോ വ്യാസമുള്ള വസ്തുക്കള്‍ അഞ്ചാറ് ദശലക്ഷ വര്‍ഷ ഇടവേളകളില്‍ ഭൂമിയിയുമായി വന്‍കൂട്ടിയിടി ഉണ്ടാക്കുന്നുണ്ട്. പതിനാറര കോടി വര്‍ഷം ഭൂമിയില്‍ ഉണ്ടായിരുന്ന ദിനോസറുകള്‍ മണ്‍മറഞ്ഞ മഹാസ്‌ഫോടനം കഴിഞ്ഞിട്ട് ആറര കോടി വര്‍ഷമായി. അടുത്തതിന് കാലമായോ? മനുഷ്യരാശിയെത്തന്നെ തുടച്ചുനീക്കാന്‍ ശേഷിയുള്ള മാരകായുധങ്ങള്‍ സ്വന്തമാക്കിയ മനുഷ്യന്റെ നീക്കങ്ങള്‍ തീര്‍ച്ചയായും ആശങ്ക പരുത്തുന്നതാണ്

‘അവശം മര്‍ത്യാത്മാവ് ജീവിതരോഗാതുരം
അവസാനാസ്പത്രിമേല്‍ അണുബോംബെറിയല്ലേ’

-എന്‍വി കൃഷ്ണ വാര്യര്‍, ‘അവസാനത്തെ ആസ്പത്രി’

സസ്തന ജീവികളില്‍ എലികളും വവ്വാലുകളും കഴിഞ്ഞാല്‍ ഏറ്റവുമധികം അവാന്തര വിഭാഗങ്ങളുള്ള ജൈവകുടുംബത്തിലാണ് മനുഷ്യന്റെ പിറവി. അത് ഏകദേശം രണ്ട് ലക്ഷം വര്‍ഷം മുന്‍പാണ്. ഹോമോസാപിയന്‍ എന്നാണ് ജീവശാസ്ത്രം മനുഷ്യനെ വിളിക്കുന്നത്; ചിന്താശക്തിയുള്ള ഇരുകാലി മൃഗം. ആദ്യകാലങ്ങളില്‍ ഹോമോഇറക്റ്റസ് (നിവര്‍ന്ന് നിന്ന ആദ്യത്തെ ജീവി) വിഭാഗത്തില്‍ നിന്ന് ഉയിര്‍ത്തുവന്ന നിയാണ്ടര്‍ത്താല്‍സ്, ഡെനിസോവന്‍സ് തുടങ്ങിയ നമ്മുടെ സഹോദരന്മാര്‍ നമ്മോടൊപ്പം ജീവിച്ചിരുന്നു. കാലക്രമേണ അവര്‍ അപ്രത്യക്ഷരായി. നാല് ലക്ഷം വര്‍ഷത്തിലധികം മുന്‍പ് പൂര്‍ണ്ണ പരിണാമം പ്രാപിച്ച ഇവര്‍ കാലഗതി പൂണ്ടത് വെറും 28,000 വര്‍ഷം മുന്‍പ് മാത്രമാണ്. അപ്പോഴെല്ലാം, പുതിയ ഒരിനത്തിന് പിറവി നല്‍കിയിട്ടാണ് ഒരു ജൈവജാതി മണ്‍മറഞ്ഞിട്ടുള്ളത്. അതാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പറയുന്നത്. പുതിയ നാമ്പുകള്‍ പൊടിക്കുമ്പോള്‍ ആവശ്യമില്ലാതാവുന്ന പഴയവ സ്വയം പട്ടുപോകുന്നു. അപ്പപ്പോള്‍ ആവശ്യമുള്ളത് മാത്രമേ ഭൂമീദേവി തന്നില്‍ നിലനിര്‍ത്തുന്നുള്ളൂ. ജന്തുജാലങ്ങള്‍ പെരുകിയപ്പോള്‍ എല്ലാത്തിന്റെയും ഭാരം താങ്ങാനാവാതെ വന്നപ്പോഴായിരുന്നിരിക്കാം ഭൂമി അതിഭീകര വലിപ്പമുള്ള ദിനോസറുകളെ ഒഴിവാക്കിയത്. പ്രോസസ്സര്‍ സ്ലോ ആവുമ്പോള്‍ സൈസ് കൂടിയ ഫയലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്ന ലാഘവത്തോടെ. എന്നാല്‍ ഡാറ്റ കളഞ്ഞ് പോകാതെ, അവയെ കംപ്രസ് ചെയ്ത് ചെറിയ വലിപ്പത്തില്‍ സൂക്ഷിച്ചു. അതില്‍പ്പെടുന്നതാണ് ആനയും മനുഷ്യനുമെല്ലാം. ഇരുപത് ലക്ഷത്തിലധികം വര്‍ഷം മുന്‍പ് ഉടലെടുത്ത ഹോമോഇറക്റ്റസ് എന്ന പ്രപിതാ പിതാവിന് ശരാശരി ഉയരം ആറര അടിയിലധികമായിരുന്നു എന്നും അതീവ ശക്തരായിരുന്നു അവര്‍ എന്നും ചില പഠനങ്ങള്‍ പറയുന്നു. ഭീമസേനന്‍ എന്ന മാനവ സങ്കല്‍പ്പം ഒരുപക്ഷേ ആ ഓര്‍മ്മകളില്‍ നിന്ന് ഉടലെടുത്തതാവാം.

കാലം ഏറുംതോറും ജീവരാശിയുടെ ആയുസ് കുറയുന്നുണ്ട്. ഒരു കോടി വര്‍ഷം മുന്‍പ് ഉണ്ടായ ആദ്യ വാലില്ലാക്കുരങ്ങില്‍ നിന്ന് ഗൊറില്ല വേര്‍പിരിഞ്ഞ് വരാന്‍ പത്ത് ലക്ഷത്തോളം വര്‍ഷമെടുത്തു. എന്നാല്‍ എന്നാല്‍ നിയാണ്ടര്‍ത്താല്‍ ഇനത്തിന് നാല് ലക്ഷം വര്‍ഷത്തില്‍ താഴെ മാത്രമേ ആയുസ്സുണ്ടായുള്ളൂ. അങ്ങനെ നോക്കുമ്പോള്‍, രണ്ട് ലക്ഷം വര്‍ഷം ജീവിച്ചുകഴിഞ്ഞ മനുഷ്യന്‍ ചരമക്കോളത്തിലും ഫ്‌ളെക്‌സിലും കയറാറായിട്ടുണ്ട്. എന്നാല്‍ ഈ അന്ത്യം സ്വാഭാവികമോ അസ്വാഭാവികമോ അതോ കൈക്രിയ മൂലമുള്ള ഹത്യ തന്നെയായിരിക്കുമോ എന്നതാണ് സംശയം. ആധുനിക മനുഷ്യന്റെ ജീവിതശൈലീരോഗങ്ങള്‍ ഒരു പരിധി വരെ സൂചന തരുന്നത്, ഡാര്‍വിന്റെ ‘അര്‍ഹതയുള്ളവര്‍ അതിജീവിക്കുന്നു’ എന്ന നിലനില്‍പ്പ് സിദ്ധാന്തപ്രകാരം, അതിജീവിക്കാനുള്ള ആരോഗ്യം അവനുണ്ടാവുമോ എന്ന സന്ദേഹത്തിലേക്കാണ്. അങ്ങിനെ ഒരു അവസാനമുണ്ടാവുകയാണെങ്കില്‍ അതിന് മുന്‍പ് ഒരു പുതിയ ജീവി ഭൂമുഖത്ത് ജന്മമെടുക്കണം. ആ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു എന്ന് വേണം കരുതാന്‍. അതിന്റെ ഭാഗമെന്നോണമാവണം കഴിഞ്ഞ ഒരു രണ്ട് തലമുറയിലും പുതിയ തലമുറയിലും ജനിച്ചവര്‍ക്ക് അച്ഛനമ്മമാരേക്കാള്‍ കൂടുതല്‍ ഉയരമുള്ളതും വിശകലന സാമര്‍ത്ഥ്യം വ്യത്യസ്തമായതും.

ലോകത്തെ മാറ്റിമറിച്ച, ജീവിതം എളുതാക്കിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെല്ലാം നടന്നത് കഴിഞ്ഞ നൂറ് നൂറ്റമ്പത് വര്‍ഷങ്ങളിലാണ്. അത്തരം നവശാസ്ത്ര നിര്‍മിതികള്‍ക്കും ഉല്‍പ്പതിഷ്ണുപ്രഗതിശീലങ്ങള്‍ കരഗതമായി നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്ന മൂല്യങ്ങളെ നിഷേധിക്കുവാനും പുതിയവ നിര്‍മ്മിക്കുവാനും സ്വയം അടയാളപ്പെടുത്തുവാനും അവരെ പ്രാപ്തരാക്കുന്ന തലച്ചോറിന്റെ പുതിയ ഘടനയാണ്. ഹോളിവുഡ് സിനിമകളില്‍ കാണുന്ന അമാനുഷര്‍ അല്ലെങ്കില്‍ അതിമാനുഷര്‍ ആയി മനുഷ്യന്‍ കാലക്രമേണ പരിണാമം സംഭവിച്ചേക്കാം; ഇന്നത്തെ മനുഷ്യന്‍ ഇല്ലാതെയുമാകാം. പക്ഷേ, ഏതിനും, ഭൂമി എന്ന ഗ്രഹം നിലനില്‍ക്കേണ്ടതുണ്ട്. നാനൂറ്റമ്പത് കോടി വര്‍ഷം മുന്‍പ് ഒന്നുകില്‍ രണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിയോ അല്ലെങ്കില്‍ ഒരു വലിയ ഗ്രഹത്തില്‍ മറ്റെന്തോ വന്നിടിച്ചോ ഉണ്ടായ മഹാ വിസ്‌ഫോടനത്തിലാണ് ഭൂമി ഉണ്ടായത്. ഇനി അങ്ങനെ ഒരു സ്‌ഫോടനം നടന്നാല്‍ ഭൂമി തന്നെ ഇല്ലാതായേക്കും. അതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ‘ഇനിയും മരിയ്ക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി’ എന്ന് കവി പാടിയത് ഒരു പ്രതീക്ഷാ രാഹിത്യത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നുവെങ്കിലും അതിന് ഒരു പ്രവചനാത്മക സ്വഭാവവും കൈവന്നിരിക്കുന്നു.

നട്ടാല്‍ കുരുക്കാത്ത നുണക്കഥകള്‍ പറഞ്ഞുപൊലിപ്പിച്ച് നാട്ടാരെ വിശ്വസിപ്പിക്കാന്‍ ഓരോ മണിക്കൂറിലും വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്യുകയും രാവേറെയായ നേരത്തും മൂന്ന് പേരെ വിളിച്ചിരുത്തി പരസ്പരം പുലയാട്ട് പറയിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ നാട്ടില്‍, നമ്മളിവിടെ അറിയാതെ പോയ ഒരു വാര്‍ത്തയുണ്ട്. കഴിഞ്ഞ ജൂലൈ 25 വ്യാഴാഴ്ച ഭൂമിയുടെ 70,000 കിലോമീറ്റര്‍ അടുത്തുകൂടി 427 അടി വ്യാസമുള്ള ഒരു വന്‍ ഛിന്നഗ്രഹം കടന്ന് പോയി. ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ നീളം 240 അടിയേ ഉള്ളൂ എന്നോര്‍ക്കുക. മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെങ്കില്‍ ഒരു സാധാരണ ദീര്‍ഘ ദര്‍ശിനി വെച്ച് ഇതിനെ കാണാനാവുമായിരുന്നു. പ്രപഞ്ചത്തിലെ വിവിധ നീക്കങ്ങളെ നമ്മള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു ഛിന്നഗ്രഹം ഭൗമാന്തരീക്ഷത്തിന് സമീപം ഗോചരമാവുന്നത്. ശാസ്ത്രജ്ഞര്‍ ‘2019OK’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം ഭൂമിയില്‍ ഇടിച്ചിരുന്നുവെങ്കില്‍ ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന്റെ സ്‌ഫോടനത്തേക്കാള്‍ മുപ്പത് ഇരട്ടി വലിയ വിസ്‌ഫോടനം ഉണ്ടാവുമായിരുന്നു. പത്ത് മൈല്‍ വ്യാസമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് ദിനോസറുകള്‍ അടക്കം ഭൂമുഖത്തുണ്ടായിരുന്ന ജീവജാതികളില്‍ 99 ശതമാനവും അപ്രത്യക്ഷമായത്. നൂറ് വര്‍ഷത്തോളം മുന്‍പ് സൈബീരിയയില്‍ വന്നിടിച്ച ഒരു ഛിന്നഗ്രഹം 2,080 ചതുരശ്ര കിലോമീറ്റര്‍ കാടാണ് മരുഭൂമിയാക്കിയത്. കേരളത്തിലെ വനപ്രദേശത്തിന്റെ അഞ്ചിലൊന്ന് വലിപ്പം. നാനൂറ് മീറ്റര്‍ വ്യാസമുള്ള ഒരു ഗ്രഹം ഭൂമിയില്‍ ഇടിച്ചാല്‍ രണ്ടര ലക്ഷം പേര്‍ കൊല്ലപ്പെടും. എന്ന് മാത്രമല്ല, ആ വിസ്‌ഫോടനത്തിന്റെ പാരിസ്ഥിതിക-ആരോഗ്യ പ്രത്യാഘാതങ്ങള്‍ വളരെ വലുതും വ്യാപകവും ആയിരിക്കും. ഇടിയുടെ ശക്തിയില്‍ വന്‍ സുനാമി ലോകം മുഴുവന്‍ ഉയരും. അങ്ങനെയാണ് ഒരു ലോകാവസാനത്തിലേക്ക് നീങ്ങുക. കല്‍പ്പാന്ത പ്രളയപ്പരപ്പില്‍ അരയാല്‍ പത്രത്തില്‍ ഏകാകിയായ് ചൊല്‍പാദം കളിയായ് കടിച്ച് മരുവാന്‍ പൊല്‍ പൈതങ്ങള്‍ രണ്ടുപേരെങ്കിലും ബാക്കിവന്നാല്‍, അവര്‍ വണ്ടും പൂവുമായാല്‍, മനുഷ്യകുലം ബാക്കി നില്‍ക്കും. അല്ലെങ്കില്‍ അമീബ തൊട്ട് ആദ്യം മുതല്‍ ദശാവതാരം.

അമേരിക്കയുടെ നാസയും മറ്റും പ്രാപഞ്ചിക ചലനങ്ങളെ വളരെ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഛിന്നഗ്രഹങ്ങളെ മുന്‍കൂട്ടി കണ്ടെത്തുക പ്രയാസമാണ്. മഹാപ്രപഞ്ച സാഗരത്തിലേയ്ക്ക് എത്ര കണ്ണ് നട്ടാലും വന്‍ നൗകകള്‍ കാണാമെന്നല്ലാതെ പായ്വഞ്ചികള്‍ ദൃശ്യമാവില്ല. ‘2019OK’ തിരിച്ചറിയപ്പെട്ടത് അത് ഭൂമിയുടെ അടുത്തെത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മാത്രമാണ്. ഒരു സെക്കന്റില്‍ 24.14 കിലോമീറ്റര്‍ വേഗതയില്‍ ആണ് ഗ്രഹം സഞ്ചരിച്ചത്; മണിക്കൂറില്‍ 87,000 കിലോമീറ്റര്‍. അതായത്, ഭൂമിയിലെത്താന്‍ ഒരു മണിക്കൂര്‍ വേണ്ട. സൂര്യനില്‍ നിന്ന് നേര്‍രേഖയില്‍ വരുന്നതുപോലെയാണ് ‘2019OK’ ഭൂമിയ്ക്ക് നേരെ വന്നത്. സൂര്യന്റെ തന്നെ ഒരു ഭാഗം പൊട്ടിത്തെറിച്ചതാണോ എന്നും പറയുക വയ്യ. രണ്ട് കിലോമീറ്ററോ അതില്‍ കൂടുതലോ വ്യാസമുള്ള വസ്തുക്കള്‍ അഞ്ചാറ് ദശലക്ഷ വര്‍ഷ ഇടവേളകളില്‍ ഭൂമിയിയുമായി വന്‍കൂട്ടിയിടി ഉണ്ടാക്കുന്നുണ്ട്. പതിനാറര കോടി വര്‍ഷം ഭൂമിയില്‍ ഉണ്ടായിരുന്ന ദിനോസറുകള്‍ മണ്‍മറഞ്ഞ മഹാസ്‌ഫോടനം കഴിഞ്ഞിട്ട് ആറര കോടി വര്‍ഷമായി. അടുത്തതിന് കാലമായോ?

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് അത്യഗ്‌നി പര്‍വത വിസ്‌ഫോടനമോ ബാഹ്യാകാശ വസ്തുക്കളുമായുള്ള സംഘട്ടനമോ മൂലം ഏത് നിമിഷവും മനുഷ്യരാശി പൂര്‍ണ്ണമായും ഇല്ലാതാവാനുള്ള സാധ്യത പതിനാലായിരത്തില്‍ ഒന്ന് എന്ന അനുപാതത്തില്‍ ആണെന്നാണ്. അതൊരു ചെറിയ അനുപാതമല്ല, സാമാന്യം വലുതാണ്. ഒരു വിമാനാപകടത്തിന്റെ സാധ്യതാനുപാതം അന്‍പത്തിനാല് ലക്ഷത്തില്‍ ഒന്നാണെന്ന് അറിയുമ്പോഴേ ഈ പതിനാലായിരത്തില്‍ ഒന്ന് എത്ര വലുതാണ് എന്ന് നമുക്ക് മനസ്സിലാവൂ.

പ്രകൃതി നല്‍കുന്ന കടുത്ത പാഠങ്ങള്‍ കാത്തിരിക്കുമ്പോഴാണ് ഇവിടെ മനുഷ്യന്‍ തന്നെ അണുവായുധവും ന്യൂക്ലിയര്‍ ബോംബും രാസബോംബും ജൈവായുധങ്ങളും ഒരുക്കി മനുഷ്യന്‍ തന്നെയായ ശത്രുവിനെ വെല്ലാന്‍ ഒരുങ്ങുന്നത്. അതേ മനുഷ്യന്‍ തന്നെയാണ് ജാതിയുടെ മതത്തിന്റെ വിശ്വാസത്തിന്റെ എല്ലാം പേരില്‍ മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ വിജയം കൊയ്യാന്‍ കാത്തിരിക്കുന്നത്. എല്ലാം താനായിട്ട് തന്നെ നശിപ്പിക്കാനാണ് ഇന്നത്തെ മനുഷ്യവാസന. അതാണ് എന്‍വി പറഞ്ഞത്, എല്ലാം നശിപ്പിച്ചോളൂ; പക്ഷേ അവസാനത്തെ ഒരാശുപത്രിയെങ്കിലും അണുബോംബെറിയാതെ ബാക്കി വെക്കൂ, കാരണം മര്‍ത്യന്റെ ആത്മാവ് അവശമാണ്, രോഗാതുരമാണ്. മനുഷ്യന്‍ എന്ന മൃഗം കുറ്റിയറ്റു പോകുന്നതിന് മുന്‍പ് മനുഷ്യത്വത്തിന് വംശനാശം സംഭവിപ്പിക്കാതിരിക്കൂ.

Categories: FK Special, Slider