ആഡംബരപൂര്‍ണം ഈ ഫെറാറി റോമ

ആഡംബരപൂര്‍ണം ഈ ഫെറാറി റോമ

2020 ആദ്യ പാദത്തില്‍ ബ്രാന്‍ഡ് ന്യൂ മോഡല്‍ ആഗോളതലത്തില്‍ പുറത്തിറക്കും

മാരനെല്ലോ: ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെറാറിയുടെ പൂര്‍ണമായും പുതിയ മോഡലായ റോമ അനാവരണം ചെയ്തു. 2020 ആദ്യ പാദത്തില്‍ ആഗോളതലത്തില്‍ പുറത്തിറക്കും. ഇറ്റാലിയന്‍ സംസ്‌കാരത്തിലെ ‘ലാ ഡോള്‍ച്ചെ വീറ്റ’ ആശയത്തിന്റെ നാലുചക്രങ്ങളുള്ള പതിപ്പാണ് ഫെറാറി റോമയെന്ന് പറയാം. സന്തോഷവും ആഡംബരവും നിറഞ്ഞ ജീവിതം നയിക്കുകയെന്നാണ് ലാ ഡോള്‍ച്ചെ വീറ്റയുടെ അര്‍ത്ഥം.

പ്രകടമായ ഫെന്‍ഡറുകള്‍, സ്ലീക്ക് ഹെഡ്‌ലാംപുകള്‍, ബോഡിയുടെ അതേ നിറത്തിലുള്ള ഗ്രില്‍ എന്നിവ ഫെറാറി പുലര്‍ത്തിവരുന്ന സാമ്പ്രദായിക സ്റ്റൈലിംഗ് രീതികളില്‍നിന്ന് വ്യത്യസ്തമാണ്. എങ്കിലും പുതിയ ഫെറാറി റോമയെ ഗംഭീരമെന്ന് വിശേഷിപ്പിക്കാം. ഫെറാറിയുടെ തനത് രൂപകല്‍പ്പനാ ചന്തം റോമയില്‍ കാണാം. 4.6 മീറ്റര്‍ നീളം വരുന്നതാണ് ഓള്‍ ന്യൂ ഫെറാറി റോമ. ഈ വര്‍ഷം മൂന്ന് ബ്രാന്‍ഡ് ന്യൂ കാറുകള്‍ പുറത്തിറക്കുകയെന്ന ഫെറാറി പദ്ധതിയുടെ ഭാഗമാണ് റോമ.

4.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് ഫെറാറി റോമ ഉപയോഗിക്കുന്നത്. ഈ ഫ്രണ്ട് മിഡ് എന്‍ജിന്‍ 5,750-7,500 ആര്‍പിഎമ്മില്‍ 620 ബിഎച്ച്പി കരുത്തും 3,000-5,750 ആര്‍പിഎമ്മില്‍ 760 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഫെറാറി എസ്എഫ്90 സ്ട്രഡാലെ ഉപയോഗിക്കുന്ന 8 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. മണിക്കൂറില്‍ 320 കിലോമീറ്ററില്‍ കൂടുതലാണ് ടോപ് സ്പീഡ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.4 സെക്കന്‍ഡ് മതി. 0-200 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 9.3 സെക്കന്‍ഡ് മാത്രം. 1,472 കിലോഗ്രാമാണ് ഫെറാറി റോമയുടെ ഡ്രൈ വെയ്റ്റ്.

Comments

comments

Categories: Auto