ഒന്‍പതാം വയസില്‍ എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി ‘ അത്ഭുത ബാലന്‍ ‘

ഒന്‍പതാം വയസില്‍ എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി ‘ അത്ഭുത ബാലന്‍ ‘

ബ്രസല്‍സ് (ബെല്‍ജിയം): ബെല്‍ജിയത്തില്‍നിന്നുള്ള ഒന്‍പതു വയസുകാരന്‍ ലോറന്റ് സൈമണ്‍സ് അടുത്ത മാസം എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കുകയാണ്. ബെല്‍ജിയത്തില്‍ ബിരുദത്തിനു പഠിക്കുന്ന ശരാശരി പ്രായക്കാര്‍ക്കു പോലും കഠിനമായി അനുഭവപ്പെടുന്ന കോഴ്‌സാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്. ഈ കോഴ്‌സാണ് ലോറന്റ് സൈമണ്‍സ് നെതര്‍ലാന്‍ഡ്‌സിലുള്ള ഐന്‍ഡ്‌ഹോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്നും ഡിസംബറില്‍ പൂര്‍ത്തിയാക്കുന്നത്. ഒരു സര്‍വകലാശാലയില്‍നിന്നും ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാവും അതോടെ ലോറന്റ് സൈമണ്‍സ്.

എട്ട് വയസുള്ളപ്പോഴാണ് ലോറന്റ് മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് കോഴ്‌സിനു ചേര്‍ന്നത്. എന്നാല്‍ വെറും 10 മാസം കൊണ്ടു തന്നെ ലോറന്റ് കോഴ്‌സ് പൂര്‍ത്തിയാക്കുകയാണ്. ബ്രെയ്ന്‍ കണക്റ്റഡ് ചിപ്പിനെ കുറിച്ചുള്ള ഫൈനല്‍ പ്രൊജക്റ്റ് ലോറന്റ് അടുത്തമാസം പൂര്‍ത്തിയാക്കുമെന്നാണു സര്‍വകലാശാല അധികൃതര്‍ അറിയിച്ചത്. മറ്റ് തടസങ്ങളൊന്നുമില്ലെങ്കില്‍ ലോറന്റ് പ്രൊജക്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.

ബിരുദത്തിനു ശേഷം ലോറന്റ് സൈമണ്‍സ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി പ്രോഗ്രാം ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നതെന്നു ലോറന്റിന്റെ പിതാവും ദന്ത ഡോക്ടറുമായ അലക്‌സാണ്ടര്‍ സൈമണ്‍സ് പറഞ്ഞു. ചെറുപ്രായത്തിലുള്ള ലോറന്റിന്റെ ബുദ്ധി വൈഭവത്തിനുള്ള കാരണം എന്താണെന്ന് ഇതുവരെ തങ്ങള്‍ക്കു കണ്ടെത്താനായിട്ടില്ലെന്നു മാതാപിതാക്കള്‍ പറഞ്ഞു. ‘ ഒരു പക്ഷേ, താന്‍ ലോറന്റിനെ ഗര്‍ഭം ധരിച്ച സമയത്ത് ധാരാളം മത്സ്യം കഴിക്കുമായിരുന്നു ‘ അതായിരിക്കാം കാരണമെന്നാണ് ലോറന്റെ മാതാവ് ലിഡിയ പറയുന്നത്.

ഓണ്‍ലൈന്‍ വീഡിയോ ഗെയ്മായ ഫോര്‍ട്ട്‌നൈറ്റും മൈന്‍ക്രാഫ്റ്റും കളിക്കാന്‍ ഇഷ്ടപ്പെടുന്ന ലോറന്റ് വീഡിയോ സ്ട്രീമിംഗ് സര്‍വീസായ നെറ്റ്ഫഌക്‌സും വീക്ഷിക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ അംഗമായ ലോറന്റിന് ഇപ്പോള്‍ 13,000 ഫോളോവേഴ്‌സുണ്ട്.

Comments

comments

Categories: World