ആമസോണും ഫ്ലിപ്കാര്‍ട്ടും നേടിയത് 31,000 കോടി രൂപയുടെ വില്‍പ്പന

ആമസോണും ഫ്ലിപ്കാര്‍ട്ടും നേടിയത് 31,000 കോടി രൂപയുടെ വില്‍പ്പന

ഫ്‌ളിപ്കാര്‍ട്ടിന്റെ ശരാശരി ഓര്‍ഡര്‍ മൂല്യം 1,976 രൂപയും ആമസോണിന്റേത് 1,461 രൂപയുമാണ്

ബെംഗളൂരു: ഒക്‌റ്റോബറിലെ നിര്‍ണായകമായ 15 ദിവസത്തെ ഉത്സവ കാല വില്‍പ്പനയില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ രണ്ട് വെബ് റീട്ടെയിലര്‍മാരും സംയുക്തമായി സ്വന്തമാക്കിയത് 31,000 കോടി രൂപ (4.3 ബില്യണ്‍ ഡോളര്‍)യുടെ വില്‍പ്പന. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്ന 5 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന കരസ്ഥമാക്കാന്‍ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും സംയുക്തമായി സാധിച്ചിട്ടില്ലെന്നാണ് റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച് ഫ്‌ളിപ്കാര്‍ട്ടിന്റെ ശരാശരി ഓര്‍ഡര്‍ മൂല്യം 1,976 രൂപയും ആമസോണിന്റേത് 1,461 രൂപയുമാണ്. ഇത് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ടില്‍ നിന്നാണ് ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങള്‍ ഉപഭോക്താക്കള്‍ കൂടുതലായി വാങ്ങിയതെന്ന് വ്യക്തമാക്കുന്നു. മൊത്തം വില്‍പ്പനയില്‍ 64 ശതമാനം വിഹിതമാണ് ഫ്‌ളിപ്കാര്‍ട്ടിനുള്ളത്. ആമസോണ്‍ നെറ്റ് പ്രൊമോട്ടര്‍ സ്‌കോര്‍ (എന്‍പിഎസ്) ഉയര്‍ത്തിയിട്ടുണ്ട്. ഒരു കമ്പനിയോടുള്ള ഉപഭോക്താക്കളുടെ വിശ്വസ്തത എന്‍പിഎസ് അളക്കുന്നു.

മൊത്തം വ്യാപാരമൂല്യത്തില്‍ രണ്ടു കമ്പനികളും നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് 5 മില്യണ്‍ ഡോളറിന്റെ വില്‍പ്പന ഉണ്ടായേക്കുമെന്ന വിലയിരുത്തല്‍ നേരത്തേ അനലിസ്റ്റുകളില്‍ നിന്നുണ്ടായത്. എന്നാല്‍ ഇതില്‍ നിന്ന് 14 ശതമാനം കുറവാണ് കമ്പനികള്‍ സംയുക്തമായി രേഖപ്പെടുക്കിയ യഥാര്‍ത്ഥ വില്‍പ്പന. വില്‍പ്പന നടത്തിയ യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ഇരു കമ്പനികളുടെയും വ്യത്യാസം കുറവാണ്. ഫഌപ്കാര്‍ട്ട് 56 ശതമാനം ഉല്‍പ്പന്നങ്ങള്‍ കയറ്റിഅയച്ചപ്പോല്‍ 44 ശതമാനം ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ കയറ്റിഅയച്ചു.
ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളിലും ഫാഷന്‍ ഉല്‍പ്പന്നങ്ങളിലും കൂടുതല്‍ വൈവിധ്യവും സവിശേഷകളും അവതരിപ്പിച്ചതാണ് ആമസോണിന്റെ ഉപഭോക്തൃ വിശ്വസ്തത ഉയര്‍ത്തിയിട്ടുള്ളത്. ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ മടക്കി അയക്കുന്നതും ഓര്‍ഡറുകള്‍ റദ്ദാക്കുന്നതും ആമസോണില്‍ കുറവായിരുന്നു. ചെറുപട്ടണങ്ങളിലെ സാന്നിധ്യവും പ്രകടനവുമാണ് ഫഌപ്കാര്‍ട്ടിന്റെ മുന്നേറ്റത്തിലെ പ്രധാന ഘടകമെന്നും റെഡ്‌സീറിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy