നോയ്ഡ നിര്‍മിക്കും 30 കോടി ഫോണുകള്‍

നോയ്ഡ നിര്‍മിക്കും 30 കോടി ഫോണുകള്‍
  • 2025 ഓടെ പ്രതിവര്‍ഷം 100 കോടി മൊബീല്‍ ഫോണുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യം
  • 30 ശതമാനം ഫോണുകളും നിര്‍മിക്കുക നോയ്ഡ ആസ്ഥാനമാക്കിയ കമ്പനികള്‍
  • നോയ്ഡയില്‍ പ്രവര്‍ത്തിക്കുന്നത് 80 മൊബീല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍

മൊബീല്‍ ഫോണുകളുടെയും ഘടകങ്ങളുടെയും ആഗോള ഉല്‍പ്പാദക കേന്ദ്രമായി നോയ്ഡ മാറും. 57 ബില്യണ്‍ ഡോളറിന്റെ ഫോണ്‍ ഉല്‍പ്പാദനവും 20-25 ബില്യണ്‍ ഡോളറിന്റെ ഘടക നിര്‍മാണ വ്യവസായവും 4-5 വര്‍ഷത്തിനകം ഇവിടെ ഉണ്ടാകും

-പങ്കജ് മൊഹീന്ദ്രു, ഐസിഇഎ ചെയര്‍മാന്‍

നോയ്ഡ: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയ മൊബീല്‍ ഫോണ്‍ ഉല്‍പ്പാദനം ശക്തമാക്കാനൊരുങ്ങുന്ന ഇന്ത്യക്ക് ഉത്തര്‍പ്രദേശിലെ ടെക് നഗരമായ നോയ്ഡ നിര്‍ണായക കരുത്താകും. 2025 ഓടെ രാജ്യം പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന ഫോണുകളില്‍ 30 ശതമാനവും നോയ്ഡയില്‍ നിന്നാകുമെന്നാണ് മൊബീല്‍ വ്യവസായികളുടെ സംഘടനയായ ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) ചൂണ്ടിക്കാട്ടുന്നത്. 2025 ഓടെ പ്രതിവര്‍ഷം 100 കോടി മൊബീല്‍ ഫോണുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാനാണ് ഇന്ത്യയുടെ പദ്ധതി. നോയ്ഡയില്‍ പ്രവര്‍ത്തിക്കുന്ന 80 ഓളം നിര്‍മാണ കേന്ദ്രങ്ങളാണ് ഉല്‍പ്പാദനത്തിന് ഉത്തേജനമാകുക. നിലവില്‍ 50,000 ആളുകള്‍ തൊഴിലെടുക്കുന്ന നോയ്ഡയിലെ മൊബീല്‍ നിര്‍മാണശാലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഒരുങ്ങും.

നിര്‍മിക്കുന്ന 100 കോടി ഹാന്‍ഡ്‌സെറ്റുകളില്‍ 60 കോടി കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്ന് 2019 ലെ ദേശീയ ഇലക്ട്രോണിക്‌സ് നയം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 2025 ഓടെ 28 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് മേഖലയില്‍ നിന്ന് കൈവരിക്കാനാണ് പദ്ധതി. 2014 ല്‍ രാജ്യത്ത് രണ്ട് മൊബീല്‍ ഫോണ്‍ ഉല്‍പ്പാദക യൂണിറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മേക്ക് ഇന്‍ ഇന്ത്യയുടെ വരവോടെ ഇത് 268 യൂണിറ്റുകളായി വര്‍ധിച്ചിട്ടുണ്ട്. ചൈനയ്്ക്ക് പിന്നില്‍ ലോകത്തെ രണ്ടാമത്തെ വലിയ മൊബീല്‍ ഫോണ്‍ ഉല്‍പ്പാദകരായി ഇന്ത്യയെ ഇത് പരിവര്‍ത്തനം ചെയ്തു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 29 കോടി മൊബീല്‍ ഫോണുകളാണ് നിര്‍മിച്ചത്. ഉല്‍പ്പാദനത്തിന്റെ ഹുഭൂരിഭാഗവും നോയ്ഡ-ഗ്രേറ്റര്‍ നോയ്ഡ മേഖലയില്‍ നിന്നായിരുന്നു. ആഗോള വമ്പന്‍മാര്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലാഭമെടുക്കാന്‍ പ്രാദേശിക നിര്‍മാണ കേന്ദ്രങ്ങള്‍ വിപുലമായി സ്ഥാപിച്ചതാണ് നോയ്ഡയുടെ തലവര തെളിച്ചത്. ദേശീയ തലസ്ഥാന മേഖലയോട് അടുത്ത സ്ഥാനവും സ്ഥല ലഭ്യതയും ബിസിനസ് സൗഹൃദ കാലാവസ്ഥയും നോയ്ഡയെ പ്രിയപ്പെട്ട കേന്ദ്രമാക്കി.

സാംസംഗ്

ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസംഗിന്റെ നോയ്ഡ യൂണിറ്റില്‍ 6.8 കോടി മൊബീല്‍ ഫോണുകളാണ് നിലവിലത്തെ പ്രതിവര്‍ഷ ഉല്‍പ്പാദനം. 2020 ല്‍ ഇത് 12 കോടി യൂണിറ്റായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഓപ്പോ

ഗ്രേറ്റര്‍ നോയ്ഡയിലെ കസ്‌നയില്‍ സ്ഥാപിച്ച ഉല്‍പ്പാദന കേന്ദ്രത്തില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ ഓപ്പോ പ്രതിവര്‍ഷം 5 കോടി സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ ഉല്‍പ്പാദനം 10 കോടി യൂണിറ്റിലേക്ക് ഇരട്ടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വിവോ

ചൈനീസ് കമ്പനിയായ വിവോ ഇന്ത്യയിലെ 7,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുടെ ഭാഗമായി ഈ മാസം ആദ്യം ഗ്രേറ്റര്‍ നോയ്ഡയില്‍ ഒരു പുതിയ ഉല്‍പ്പാദന കേന്ദ്രം തുറന്നിരുന്നു. ഹാന്‍ഡ്‌സെറ്റ് ഉല്‍പ്പാദനം നിലവിലെ 2.5 കോടിയില്‍ നിന്ന് പ്രതിവര്‍ഷം 3.3 കോടിയിലേക്ക് ഉയര്‍ത്താനാണ് കമ്പനി തയാറെടുക്കുന്നത്.

Categories: FK News, Slider