മോദി കനിഞ്ഞില്ലെങ്കില്‍ വോഡഫോണ്‍ ഐഡിയ നാമാവശേഷം

മോദി കനിഞ്ഞില്ലെങ്കില്‍ വോഡഫോണ്‍ ഐഡിയ നാമാവശേഷം
  • എയര്‍ടെലിന്റെയും വോഡഫോണിന്റെയും സംയുക്ത നഷ്ടം 74,000 കോടി രൂപ
  • കാര്യമായ വഴിത്തിരിവുണ്ടായില്ലെങ്കില്‍ ബാങ്കുകളെയും ബാധിക്കും
  • എസ്ബിഐ ടെലികോം കമ്പനികള്‍ക്ക് നല്‍കിയ വായ്പ 37,330 കോടിയെന്ന് റിപ്പോര്‍ട്ട്

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കമ്പനി തകരുമെന്നും അച്ചുപൂട്ടേണ്ടി വരുമെന്നും വ്യക്തമാക്കി വോഡഫോണ്‍ ഐഡിയ പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ പാദ നഷ്ടം നേരിട്ട കമ്പനി തകര്‍ച്ച ഒഴിവാക്കാന്‍ സര്‍ക്കാരില്‍ നിന്ന് അടിയന്തര സാമ്പത്തിക സഹായമാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ് തുടരാനുള്ള കമ്പനിയുടെ ക്ഷമത സര്‍ക്കാരിന്റെ സഹായത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നുമാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകകയാണ്.

സാഹചര്യം വളരെ ഗുരുതരമാണെന്നും സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒരുപക്ഷേ പാപ്പരാകുകയും ബിസിനസ് അടച്ചുപൂട്ടേണ്ടിവരുമെന്നും സിഇഒ നിക് റീഡ് പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സര്‍ക്കാരിന് നല്‍കേണ്ട വിഹിതം സംബന്ധിച്ച വരുമാന നിര്‍വചനങ്ങളില്‍ വന്ന മാറ്റത്തെ അടിസ്ഥാനമാക്കി മുന്‍ വര്‍ഷത്തെ തവണകളടക്കം അധിക ഫീസ് അടയ്ക്കാന്‍ കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് 14 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുള്ള കമ്പനിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. കുടിശികയിനത്തില്‍ നാല് ബില്യണ്‍ ഡോളറാണ് കമ്പനി കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ളത്. കുടിശിക അടയ്ക്കാനായി പണം നീക്കി വെച്ചതിനെ തുടര്‍ന്ന് സെപ്റ്റംവര്‍ പാദത്തില്‍ 50,922 കോടി രൂപയായുടെ നഷ്ടമാണ് വോഡഫോണ്‍ ഐഡിയയ്ക്കുണ്ടായത്, മുന്‍ വര്‍ഷം ഇതേ പാദം 4,874 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയിരുന്നത്. ഇത് ഈ പാദത്തിലെ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള ഏകീകൃത വരുമാനത്തിന്റെ അഞ്ചിരട്ടിയോളം വരും. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 11,270 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിക്ക് ഇത്തവണ രണ്ടാം പാദത്തില്‍ 10,844 കോടി രൂപ മാത്രമാണ് നേടാനായത്.

കേന്ദ്ര സഹായം ലഭ്യമായില്ലെങ്കില്‍ ഇന്ത്യ വിടുമെന്ന് വോഡഫോണും ടെലികോം വിഭാഗത്തെ കൈയൊഴിയുമെന്ന് ആദിത്യ ബിര്‍ല ഗ്രൂപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു. വോഡഫോണ്‍ ഐഡിയയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് ബിര്‍ല ഗ്രൂപ്പിന്റെ തീരുമാനം. അതേ സമയം സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനും കമ്പനി പദ്ധതിയിടുന്നുണ്ട്. റിലയന്‍സ് ജിയോയുടെ കടന്നു വരവോടെ വിപണി വിഹിതത്തില്‍ വലിയ നഷ്ടം സംഭവിച്ച ബ്രിട്ടീഷ് കമ്പനിയായ വോഡഫോണിന്റെ ഇന്ത്യന്‍ വിഭാഗവും ബിര്‍ല ഗ്രൂപ്പിന്റെ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡും ലയിച്ചാണ് 2017 ല്‍ വോഡഫോണ്‍ ഐഡിയ രൂപം കൊള്ളുന്നത്. ലയന പദ്ധതിയും വേണ്ടത്ര വിജയം കാണാതെ വിഷമിക്കുമ്പോഴാണ് കൂനിന്‍മേല്‍ കുരുപോലെ കുടിശിക അടയ്ക്കാനുള്ള ഉത്തരവ് കൂടി വരുന്നത്. കമ്പനിയുടെ വിപണി എതിരാളികളായ ഭാരതി എയര്‍ടെലിനും സെപ്റ്റംബര്‍ പാദത്തില്‍ കനത്ത നഷ്ടമാണ് നേരിട്ടത്. ഇരു കമ്പനികളുടെയും സംയുക്ത നഷ്ടം ഏകദേശം 74,000 കോടി രൂപ വരും.

ബാങ്കുകളെയും ബാധിക്കും

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ അടക്കമുള്ള ടെലികോം കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത് 37,330 കോടി രൂപയുടെ വായ്പയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളും ടെലികോം കമ്പനികള്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK News, Slider